PRAVASI

ഐനാനി സ്റ്റാറ്റൻ ഐലൻഡിൽ ആരോഗ്യ മേള നടത്തി

Blog Image

ന്യൂ യോർക്ക് മെട്രോ പ്രദേശത്തെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ  സ്വരമായ  ഇന്ത്യൻ നഴ്സസ് അസോസിയേഷൻ  ഓഫ് ന്യൂ യോർക്ക്   (ഐനാനി) സ്റ്റാറ്റൻ ഐലൻഡിൽ ആരോഗ്യമേള നടത്തി. അസോസിയേഷന്റെ  ബഹുമുഖ  പ്രവർത്തന ലക്ഷ്യങ്ങളിൽ ഒന്നായ സാമൂഹികാരോഗ്യ പരിപാലന സേവനത്തിന്റെ ഭാഗമായി ഈ വർഷത്തിൽ നടത്തിയ ആദ്യത്തെ ശ്രമമായിരുന്നു അത്.  
നാഷണൽ കൗൺസിൽ ഓഫ് നീഗ്രോ വുമെൻ (എൻ സി എൻ ഡബ്ള്യൂ) എന്ന സംഘടനയുമായി പങ്കു ചേർന്ന് മാർട്ടിൻ ലൂതർ കിംഗ് ഡേയിൽ പോർട്ട് റിച്ചമോണ്ടിലെ യുണൈറ്റഡ് മെതഡിസ്റ്റ് ചർച്ചിൽ നടത്തിയ ആരോഗ്യ മേള പ്രദേശത്തെ ഹെൽത് ഇൻഷുറൻസ് ഉള്ളവരും ഇല്ലാത്തവരുമായ അനേകം പേർക്ക് ഫലപ്രദമായ അനുഭവമായിരുന്നു എന്ന് ഐനാനി പ്രസിഡന്റ് ഡോ. ഷൈല റിഷിങ് പറഞ്ഞു. 

കമ്മ്യൂണിറ്റികളിൽ ഏറ്റവും അത്യാവശ്യമായ കാര്യമാണ് ആരോഗ്യപരമായ അവ ബോധം. ആരോഗ്യ സൂചകമായ അവസ്ഥകളെ ശ്രദ്ധിക്കുവാനും അവയെ സ്വയം പരിശോധിക്കാനും സാധാരണ മെഡിക്കൽ സേവനങ്ങളോ വിദഗ്ധ സേവനങ്ങളോ തേടാനുമുള്ള കാരണങ്ങൾ തിരിച്ചറിയുന്നതിന് വ്യക്തികൾക്കും വ്യക്തി-പരിചരണം നടത്തുന്നവർക്കും ആവശ്യമായ ശിക്ഷണം നൽകുക എന്നതായിരുന്നു മേളയിലെ പ്രധാന ദൗത്യം. സമയോചിതമായ ഇടപെടലിലൂടെ, വേണ്ട സമയത്ത് വേണ്ട വിധം മെഡിക്കൽ ശ്രദ്ധ തേടുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും തടയുന്നതിനും പ്രശ്നങ്ങൾ സംകീർണ്ണമാകുന്നതിനു മുൻപ് ചികിത്സ ലഭിക്കുവാനും പലപ്പോഴും കഴിയും. അതിനുള്ള അറിവും പ്രചോദനവും അനേകം പേർക്ക് പകരുന്നതിന് ഐനാനിയുടെ ഈ സംരംഭത്തിന് കഴിഞ്ഞു. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്ത സമ്മർദ്ദ രോഗവും തുടർച്ചയായി നിയന്ത്രിക്കാനാവാത്ത ഡയബെറ്റിസ് സംകീർണ്ണമാക്കിയേക്കുന്ന ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗം, കാഴ്ച നഷ്ട്ടം, നാഡി ക്ഷതം മുതലായ ഗൗരവതരമായ ജീവനെ ബാധിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് സംരംഭത്തിന് വോളന്റിയർ ചെയ്ത നഴ്സുമാരും നഴ്സ് പ്രാക്ടീഷണര്മാരും പങ്കെടുത്തവരോട് സംസാരിച്ചു. രക്ത സമ്മർദ്ദം, ഹൃദയ സ്പന്ദനം, ഡയബീറ്റീസ് സൂചന നൽകുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കുന്നതിന് പ്രത്യേകം ബൂത്തുകളുണ്ടായിരുന്നു. 

കഴിഞ്ഞ വര്ഷം ഐനാനി നടത്തിയ ആരോഗ്യ മേളയിൽ പങ്കെടുത്ത ഒരാൾ തന്റെ അനുഭവം വിശദീകരിക്കുകയുണ്ടായി. ഉയർന്ന രക്ത സമ്മർദ്ദം കണ്ടതിനെ തുടർന്ന് നഴ്സുമാരുടെ ബലമായ ശുപാർശയനുസരിച്ചു വൈദ്യ പരിശോധന തേടിയതു കൊണ്ട് ഉണ്ടായ ചെറിയ സ്ട്രോക്ക് ഭവിഷ്യത്തുകൾ ഒഴിവാക്കി ചികില്സിക്കുവാൻ  കഴിഞ്ഞതിന് ഐനാനിക്ക് അയാൾ നന്ദി പറഞ്ഞു. 

ഡോ. ഷൈല റോഷിനോടൊപ്പം റീന സാബു, സ്റ്റാറ്റൻ ഐലൻഡ് കോഓർഡിനേറ്റർ ഏലിയാമ്മ മാത്യു, സുമ ജോസെഫ് എന്നിവർ ആരോഗ്യ മേള നയിച്ചു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഐനാനി പ്രവർത്തന മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത മാസങ്ങളിലായി ആരോഗ്യ മേളകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡോ. റോഷിൻ പറഞ്ഞു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.