കൊച്ചി: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍
നിന്ന് നടന്‍ ബാബുരാജ് പിന്മാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച ബാബുരാജ് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് പല അഭിനേതാക്കളും പരസ്യമായും രഹസ്യമായും ആവശ്യമുയര്‍ത്തിയിരുന്നു. ആരോപണവിധേയരായവര്‍ മത്സരിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നായിരുന്നു വിമര്‍ശനം. മത്സരത്തില്‍ നിന്ന് പിന്മാറിയ വിവരം ഫേസ്ബുക്കിലൂടെയാണ് ബാബുരാജ് അറിയിച്ചത്. ഒപ്പം അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചു. 'എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്'- ബാബുരാജ് കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ടവരെ, വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.

