PRAVASI

ഇനി ഈ പ്രണയകാലം ഓർമ്മ: ‘അച്ചാമാസ്’ ദമ്പതിമാരിലെ നായിക രത്നമ്മ അന്തരിച്ചു

Blog Image

കൊല്ലം: ലക്ഷക്കണക്കിന് സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന്റെ മനസ്സ് കവർന്ന ‘അച്ചാമാസ്’ എന്ന പ്രിയപ്പെട്ട ദമ്പതിമാരിലെ നായിക രത്നമ്മ (69) വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നും ഹൃദയാഘാതത്തെത്തുടർന്നുമായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് സ്വദേശിയായ തുളസീധരന്റെ പ്രിയസഖി യാത്രയാകുമ്പോൾ, മലയാളികളുടെ പ്രിയപ്പെട്ട ഡിജിറ്റൽ പ്രണയ ജോഡികളിൽ ഒരാളാണ് ഇനി ഓർമ്മയാകുന്നത്. പ്രായത്തിന്റെ അതിർവരമ്പുകളില്ലാതെ, ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചും കളിച്ചും പാട്ടുപാടിയും ഡാൻസ് കളിച്ചും ഇരുവരും സൃഷ്ടിച്ച റീലുകൾ മലയാളികൾ അത്രമേൽ നെഞ്ചേറ്റിയിരുന്നു.

വാർദ്ധക്യത്തിന്റെ അവശതകളിലും പ്രണയത്തിന്റെ മാധുര്യം ചോർന്നുപോകാത്ത ഇവരുടെ ഓരോ വീഡിയോയും സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് സ്ഥിരമായി കണ്ടിരുന്നത്. രത്നമ്മയുടെ വിയോഗത്തോടെ തുളസീധരൻ മുത്തശ്ശൻ ഇനി ജീവിതവഴിയിൽ തനിച്ചാകുകയാണ്. കുറച്ചുകാലമായി ഇരുവരും ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നതിനാൽ പുതിയ വീഡിയോകൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുളസീധരൻ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മകൻ രാജീവിന്റെ മക്കളായ അമൽ രാജും അഖിൽ രാജുമായിരുന്നു ഈ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഉള്ളിലെ കലാകാരന്മാരെ തിരിച്ചറിഞ്ഞ് ‘അച്ചാമാസ്’ എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകൾ ആരംഭിച്ചതും അത് വിജയകരമായി കൈകാര്യം ചെയ്തതും. ഇവരുടെ മരുമകൾ ബിന്ദുവും ഈ കലായാത്രയ്ക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇവരുടെ വിയോഗവാർത്തയറിഞ്ഞ് നിരവധി ആരാധകരും പ്രമുഖരുമാണ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.