കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഗാന്ധി റോഡ് മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസിന് (29) ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സന്തോഷ് ട്രോഫി താരം ഖനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു. സെപ്റ്റംബർ 20 ഞായറാഴ്ച രാത്രി പത്തരയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടസ്ഥലത്തുനിന്ന് ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12.15-ഓടെ തൃശൂർ സ്വദേശിയായ റിജോൺ ജോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ ആഴ്ച ആരംഭിക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള മത്സരങ്ങൾക്കായി കാലിക്കറ്റ് എഫ്.സിയുടെ പരിശീലനം ജെഡിടി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ് ഈ അപകടം. കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് എഫ്.സി. തങ്ങളുടെ പുതിയ സീസണിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.

