പത്മവിഭൂഷൺ സ്വീകരിക്കുന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരം തീരുമാനിക്കുമെന്ന് അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ കുടുംബം. ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനമെന്ന് വിഎസിന്റെ മകൻ അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ പകര്‍പ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
മുൻകാലങ്ങളിലും സിപിഎം നേതാക്കൾ പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. 1992-ൽ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷണും 2002-ൽ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷൺ പുരസ്‌കാരവും നിരസിച്ചിരുന്നു. 2008-ൽ ജ്യോതി ബസു ഭാരതരത്‌നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതുപോലെ തന്നെ ഹർകിഷൻ സിങ് സുർജിത്തിന് പത്മഭൂഷൺ നൽകാൻ ധാരണയായ സമയത്ത്, അദ്ദേഹം അത് തിരസ്‌കരിക്കുമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.

