'പ്രവാസികളെ പോലെ മലയാളഭാഷയെ എന്ന് നമ്മൾ പഠിക്കാൻ ശ്രമിക്കുന്നുവോ, അന്ന് ഭാഷ കുറേക്കൂടി ശക്തമാകും, ഒരുപക്ഷെ കേരളത്തിൽ ജീവിക്കുന്നവരെക്കാൾ മലയാളത്തെ നെഞ്ചിലേറ്റുന്നത് പ്രവാസികളാണെന്ന് വരെ തോന്നിപ്പോകാറുണ്ട്'
പ്രവാസലോകത്ത് മലയാള ഭാഷയെയും സാഹിത്യത്തെയും കൂടുതൽ ശക്തമായി ചേർത്തുനിർത്താനുള്ള ഫൊക്കാനയുടെ പുതിയ ചുവടുവയ്പ് അക്ഷരാർത്ഥത്തിൽ ഒരേ സമയം നമ്മളെ അത്ഭുതപ്പെടുത്തുകയും. ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിൽ എഴുത്തിനും വായനയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനായി തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുമായി സഹകരിച്ച് രചനാ കോഴ്‌സുകൾ ആരംഭിക്കാനുള്ള ഫൊക്കാനയുടെ പ്രാരംഭ നീക്കങ്ങൾ കഴിഞ്ഞ ദിവസം തിരൂർ തുഞ്ചൻ പറമ്പ് മലയാള സർവ്വകലാശാലയിൽ നടന്നു. വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ് , ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പുമായി നടന്ന ചർച്ച അമേരിക്കൻ മലയാളി എഴുത്തുകാർക്കും എഴുതുവാൻ താല്പര്യമുള്ളവർക്കും പുതിയ ഒരു അനുഭവമാകും സമ്മാനിക്കുക. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലാ തലത്തിൽ പഠിച്ചിട്ടില്ലാത്തവർക്കും സാഹിത്യരചനയിൽ താൽപര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
നിരവധി എഴുത്തുകാരും സാഹിത്യപ്രവർത്തകരും അമേരിക്കൻ മലയാളി സമൂഹത്തിൽ സജീവമാണെങ്കിലും, എഴുത്തിനെക്കുറിച്ചുള്ള ക്രമബദ്ധമായ പരിശീലനത്തിനുള്ള അവസരങ്ങൾ പരിമിതമാണ്. ഓർമ്മകൾ, ഗൃഹാതുരുത്വം, നഷ്ടം, ഒറ്റപ്പെടൽ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ എന്നിവ എഴുത്തിലേക്ക് പ്രവാസികളെ നയിക്കുമെങ്കിലും അക്ഷരങ്ങളെ എങ്ങനെ അടുക്കി പെറുക്കി വെക്കണം എന്നതിനെ കുറിച്ചുള്ള ധാരണകൾ , എഴുത്തിലെ പുതിയ രീതികൾ ഒക്കെ വിശദീകരിക്കുകയാണ് ഈ കോഴ്‌സിലൂടെ സർവ്വകലാശാല ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് മലയാള സർവകലാശാലയുടെ അക്കാദമിക പരിചയവും ഫൊക്കാനയുടെ വിപുലമായ പ്രവാസി ശൃംഖലയും ഒരുമിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രത്യേകിച്ച് അമേരിക്കയിലെ പുതുതലമുറ മലയാളികൾക്ക് ഭാഷയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും സ്വന്തം ആശയങ്ങളെ മലയാള സാഹിത്യരൂപങ്ങളിലേക്ക് പകർത്താനും ഇത്തരം കോഴ്‌സുകൾ സഹായകമാകുമെന്നാണ് ഫോക്കാനയും സർവകലാശാലയും പ്രതീക്ഷിക്കുന്നത്.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും ഫൊക്കാനയും ഒന്നിച്ച് പ്രവാസികൾക്ക് വേണ്ടി, അവരുടെ രചനാവൈഭവം ഉയർത്തുന്നതിന് വേണ്ടി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിശീലനങ്ങൾ മലയാള സാഹിത്യത്തിന്റെ തന്നെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് അത് ഒരു പുതിയ നാഴികക്കല്ല് തീർക്കും', പദ്ധതിയെക്കുറിച്ച് ഫൊക്കാനയുടെ പ്രസിഡണ്ട് ഫിലിപ്പ് പറഞ്ഞ വാക്കുകൾ മുൻനിർത്തുമ്പോൾ ഈ മുന്നേറ്റം ഒരു വലിയ ചരിത്രമായി മാറാൻ സാധ്യതയുണ്ട്.
ഫൊക്കാനയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ മലയാള സർവകലാശാലയിലെ വിദഗ്ധരുടെ സേവനം അമേരിക്കയിലെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് വിശദമായി ആലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സംഘടന എത്തിയത്. കഥ, കവിത, ലേഖനം തുടങ്ങിയ രചനാരൂപങ്ങളിൽ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നതിനൊപ്പം എഴുത്തിന്റെ അടിസ്ഥാന സങ്കേതങ്ങളും സാഹിത്യപരമായ സമീപനങ്ങളും പരിചയപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ഫോക്കാന ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ പ്രവാസി സമൂഹത്തിൽ ഇതിനകം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന എഴുത്തിന്റെ പുതിയ ശബ്ദങ്ങൾക്ക് കൂടുതൽ അക്കാദമിക പിന്തുണ ലഭിക്കും എന്നതും ഈ ചുവടുവയ്പ്പിന്റെ മറ്റൊരു സാധ്യത.
പ്രവാസത്തിന്റെ അനുഭവങ്ങൾ മലയാള സാഹിത്യത്തിന് എന്നും വ്യത്യസ്തമായ നിരവധി വിഷയങ്ങൾ സമ്മാനിച്ചിട്ടുണ്ട്. സ്വന്തം ജീവിതവും കുടിയേറ്റാനുഭവങ്ങളും പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും മലയാളത്തിൽ രേഖപ്പെടുത്താൻ കഴിയുമ്പോഴാണ് പ്രവാസി മലയാളികളുടെ സാംസ്കാരിക സ്മരണകൾ കൂടുതൽ സമ്പന്നമാകുന്നത്. ആടുജീവിതം പോലുള്ള കൃതികൾ രൂപപ്പെട്ടത് പോലും അങ്ങനെയല്ലേ! അതുകൊണ്ടുതന്നെ ഫൊക്കാന മുന്നോട്ടുവയ്ക്കുന്ന ഈ സംരംഭം കേവലം ഒരു രചനാ പരിശീലന പരിപാടി എന്നതിലുപരി പ്രവാസി മലയാളികളുടെ ഭാഷാ-സാംസ്കാരിക പൈതൃകത്തെ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള ശ്രമമായും വിലയിരുത്താം. ഫോക്കാനയുടെ പ്രസിഡന്റ് ഫിലിപ്പിന്റെ പ്രവാസികൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങളുടെ തീരുമാന പട്ടികയിലെ പ്രധാനപ്പെട്ട ഒരു ഏടു കൂടിയാണ് ഇത്. ലോകോത്തര സാഹിത്യത്തിലേക്ക് മലയാളത്തേയും, മലയാള എഴുത്തുകാരേയും എത്തിക്കാനും ഭാഷയെ വിപുലീകരിക്കാനും കഴിയും.
ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങളിൽ ഭാഷയ്ക്കും സാഹിത്യത്തിനും നേരത്തെ തന്നെ പ്രാധാന്യമുണ്ട്. അമേരിക്കയിലെ മലയാളി സംഘടനകളെയും എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും ഒരു പൊതുവേദിയിൽ ബന്ധിപ്പിക്കുന്നതിനൊപ്പം പുതിയ എഴുത്തുകാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായാണ് ഈ പദ്ധതിയെ കാണുന്നത്. മലയാള സർവകലാശാലയുടെ സഹകരണത്തോടെ കോഴ്‌സുകൾ അമേരിക്കയിൽ തന്നെ ലഭ്യമാകുന്നതോടെ പ്രവാസി എഴുത്തുകാർക്ക് കേരളത്തിലെ അക്കാദമിക സംവിധാനവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരവും ഒരുങ്ങും.
വൈസ് ചാൻസലർ ഡോ. സി. ആർ. പ്രസാദ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ. എം. ജി. മല്ലിക,
ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, അനിൽ പെണ്ണുക്കര, ബി. ഹരികുമാർ ഡോ. ജി. സജിന, ഡോ. ആർ. വിദ്യ, ഡോ. എ . അൻവർ, കെ. പി. രാമനുണ്ണി എന്നിവർ ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു. മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സി. ആർ. പ്രസാദ് പങ്കുവെച്ച വാക്കുകളൊക്കെ പ്രവാസി മലയാളികൾ മലയാള സാഹിത്യത്തിന് കാലങ്ങൾ ആയി നൽകിവരുന്ന സംഭാവനകളുടെ ഉള്ളറിഞ്ഞുകൊണ്ടുള്ളതായിരുന്നു. എഴുത്തുകാരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തങ്ങളും കൂടെയുണ്ടാകും എന്ന ഉറപ്പായിരുന്നു.
മലയാളം വീടുകളിലും കുടുംബങ്ങളിലും മാത്രം സംസാരിക്കപ്പെടുന്ന ഭാഷയായി ചുരുങ്ങാതെ, പുതിയ തലമുറയുടെ ചിന്തകളും അനുഭവങ്ങളും രേഖപ്പെടുത്തുന്ന സജീവ സാഹിത്യഭാഷയായി നിലനിൽക്കണമെന്ന ലക്ഷ്യമാണ് ഫോക്കാനയുടെ ഈ സംരംഭത്തിന് പിന്നിൽ. ഇതോടെ പ്രവാസി മലയാളികളുടെ സാഹിത്യ കൂട്ടായ്മകൾ വർധിക്കുകയും, അവർ തമ്മിലുള്ള ബന്ധം കുറേക്കൂടി ദൃഢമാവുകയും ചെയ്യും. പ്രവാസി മലയാളികളുടെ എഴുത്തിന് കൂടുതൽ വേദികളും പരിശീലനവും അക്കാദമിക പിന്തുണയും ഒരുക്കുന്നതിലൂടെ ഫൊക്കാന പുതിയൊരു സാഹിത്യസൗഹൃദ അന്തരീക്ഷത്തിനാണ് വഴിയൊരുക്കുന്നത്. അമേരിക്കൻ മലയാളി സമൂഹത്തിൽ നിന്ന് കൂടുതൽ എഴുത്തുകാരെയും സാഹിത്യപ്രവർത്തകരെയും വളർത്തിയെടുക്കാനുള്ള ഈ ശ്രമം ഫൊക്കാനയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയൊരു ദിശ നൽകുകയാണ്. ഫോക്കാന മലയാള ഭാഷയ്ക്ക് വേണ്ടി രൂപപ്പെടുത്തുന്ന പുതിയ മുന്നേറ്റങ്ങൾ എല്ലാം മറ്റൊരു തലത്തിലേക്ക് ഉയരട്ടെ, ഭാഷ അതിർ വരമ്പുകൾ ഭേദിച്ചു മുന്നേറട്ടെ...



