രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്നു. റിലീസ് ചെയ്ത് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആരാധകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 2023-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ‘ജയിലറി’ന്റെ രണ്ടാം ഭാഗമായ ചിത്രം ഇതുവരെ ആഗോള തലത്തിൽ 125 കോടിയോളം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നിർണ്ണായക വിജയത്തോടൊപ്പം ഇതിലെ പ്രധാന താരങ്ങളുടെ വൻ പ്രതിഫല വിവരങ്ങളും ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാവുകയാണ്.
സിനിമയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം തലൈവർ രജനീകാന്ത് 110 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത്. പണമായുള്ള പ്രതിഫലത്തിന് പുറമേ, കരാർ പ്രകാരമുള്ള ലാഭവിഹിതവും താരത്തിന് ലഭിക്കും. ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറുന്നതോടെ രജനീകാന്തിന്റെ ആകെ പ്രതിഫലം 180 കോടി രൂപ വരെ ഉയർന്നേക്കാം. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ ബോളിവുഡ് താരം ഹൃത്വിക് റോഷന് 25 കോടി രൂപയും വിദ്യാ ബാലന് 6 കോടി രൂപയും കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിന് 8 കോടി രൂപയുമാണ് പ്രതിഫലം. എന്നാൽ ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത മോഹൻലാലിന്റെ പ്രതിഫല തുകയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ വ്യക്തമല്ല.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും എഡിറ്റിങ് ആർ. നിർമ്മലുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

