VAZHITHARAKAL

സംഘാടനത്തിൻ്റെ പുതിയ ശബ്ദം: ജോൺസൺ തങ്കച്ചൻ

Blog Image

" ശൈലിയുടെ കാര്യങ്ങളിൽ ഒഴുക്കിനൊപ്പം നീന്തുക; തത്വത്തിൻ്റെ കാര്യങ്ങളിൽ ഒരു പാറപോലെ നിൽക്കുക "


രു നേതാവിന്‍റെ യഥാര്‍ത്ഥ അടയാളം ധീരമായ പ്രവര്‍ത്തന രീതിയില്‍ ഉറച്ചുനില്‍ക്കാനുള്ള സന്നദ്ധതയാണ്. ചിന്തയുള്ള പൗരന്മാര്‍ക്ക് ലോകത്തെ മാറ്റാന്‍ കഴിയുമെന്നതില്‍ ഒരിക്കലും നാം സംശയിക്കരുത്. കാരണം അത്തരം പൗരന്മാരാണ് പിന്നീട് ലോകത്തെ നിയന്ത്രിക്കുന്ന വലിയ നേതാക്കളായി മാറിയിട്ടുള്ളത്.

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് ഒരു വലിയ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഒരു ചെറുപ്പക്കാരന്‍ കടന്നുവരുന്നു. ജോണ്‍സണ്‍ തങ്കച്ചന്‍. 2024 ഫൊക്കാന അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍. മദ്ധ്യതിരുവിതാംകുറിന്‍റെ കാര്‍ഷിക ഗ്രാമമായ പുനലൂരില്‍ നിന്നും അമേരിക്കയിലേക്ക് പറിച്ചുനട്ട സമൃദ്ധമായ ഒരു ജീവിത പശ്ചാത്തലമുള്ള ജോണ്‍സണ്‍ തങ്കച്ചന്‍ കടന്നുചെല്ലാത്ത മേഖലകള്‍ വിരളം. നാട്ടിലെത്തിയാല്‍ ഏക്കര്‍ കണക്കിന് വ്യാപിച്ച് കിടക്കുന്ന നെല്ലി മുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് വരെ വിളയുന്ന ജൈവവൈവിദ്ധ്യമുള്ള ഫാമിന്റെ  ഉടമ. ബാംഗ്ളൂരില്‍ എത്തിയാല്‍ നിരവധി ബിസിനസ് ബന്ധങ്ങള്‍  ഉള്ള ബിസിനസുകാരന്‍.
അമേരിക്കയില്‍ എത്തിയാല്‍ നല്ലൊരു റിയല്‍ടര്‍, പുതിയ സ്റ്റാര്‍ട്ട് അപ്പുകളുടെ തുടക്കക്കാരന്‍, അങ്ങനെ നിരവധി വിശേഷണങ്ങള്‍ സ്വന്തമായി നേടിയെടുത്ത ജോണ്‍സണ്‍ തങ്കച്ചന്‍റെ ജീവിതവഴികളിലൂടെ ഒരു യാത്ര.

രാഷ്ട്രീയ കുടുംബത്തിന്‍റെ തണല്‍
പുനലൂര്‍ കരവാളൂര്‍ മാത്ര വെഞ്ചേമ്പ് എന്‍. ജി. പി. എം. ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതാവും ജില്ലാ സെക്രട്ടറിയും ആയിരുന്ന പി. തങ്കച്ചന്‍റെയും വീട്ടമ്മയായ ചിന്നമ്മ തങ്കച്ചന്‍റെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം പുനലൂര്‍ മേരിഗിരി സ്കൂള്‍. പത്താം ക്ലാസ് വരെ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ പുനലൂര്‍. പ്രീഡിഗ്രി പുനലൂര്‍ എസ്. എന്‍ കോളേജ്. ഹൈസ്കുളില്‍ പഠിക്കുമ്പോള്‍  രാഷ്ട്രീയം ഉണ്ടായിരുന്നുവെങ്കിലും കോളേജിലേക്കെത്തിയപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായി . കെ. എസ്. യുവിന്‍റെ പാനലില്‍ ക്ലാസ് റപ്പ് ആയും പിന്നീട് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായും മത്സരിച്ചു. പ്രീഡിഗ്രിക്ക് ശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി ബാഗ്ലൂരിലേക്ക്. എം. വി. ജെ. കോളേജ് ഓഫ്  എഞ്ചിനീയറിംഗില്‍ ചേര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥി രാഷ്ടീയത്തില്‍ കൂടുതല്‍ സജീവമായി . ബാംഗ്ളൂരില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങി. ബാംഗ്ളൂര്‍ ഡിസ്ട്രിക്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടങ്ങിയ രാഷ്ട്രീയ ജീവിതം പെട്ടെന്ന് തന്നെ മാറി മറിഞ്ഞു. തുടര്‍ന്ന് ഡിസ്ട്രിക്ട് സെക്രട്ടറിയായി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന സെക്രട്ടറിയായി. ദിനേശ് ഗുണ്ടുറാവു ആയിരുന്നു അന്ന്  സംസ്ഥാന പ്രസിഡന്റ് . 2005 മുതല്‍ 2007 വരെ ഈ പദവിയില്‍ തുടര്‍ന്നു..

സോഫ്റ്റ് വെയര്‍ കമ്പനി മുതല്‍ ഗുരുകുലം വരെ
2000ല്‍ എഞ്ചിനീയറിംഗിന് ഒപ്പം പഠിച്ച ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങി . കൂടാതെ  കേരളം മുഴുവന്‍ ഗുരുകുലം ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍ കൂടി ആരംഭിച്ചു . ലേബര്‍ ഇന്ത്യയുമായി സഹകരിച്ചാണ് ഈ പദ്ധതി തുടങ്ങിയത്. കേരളത്തില്‍ മിക്കവാറും എല്ലാ സ്കൂളുകളിലും കരിയർ ഗൈഡൻസ് സെമിനാറുകള്‍ സംഘടിപ്പിച്ചു.ഈ സമയത്തായിരുന്നു വിവാഹം . പ്രീഡിഗ്രിക്കാലം മുതല്‍ ഒപ്പം ഉണ്ടായിരുന്ന സിബിയെ ജോണ്‍സണ്‍ തങ്കച്ചന്‍ തന്‍റെ ജീവിത സഖിയാക്കി . സിബി  മണിപ്പാല്‍ നേഴ്സിംഗ് കോളേജില്‍ നേഴ്സിംഗ് പഠനം കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ഈ സമയത്ത് സിബിക്ക് അമേരിക്കയില്‍ നേഴ്സായി ജോലിക്ക് അവസരം ലഭിച്ചു .

അമേരിക്കയിലേക്ക്
 2007ല്‍ കുടുംബ സമേതം അമേരിക്കയിലെത്തി. റിച്ച് മെണ്ട് എന്ന സ്ഥലത്തായിരുന്നു താമസം. ഇന്ത്യയിലുണ്ടായിരുന്ന ബിസിനസ് സംരംഭങ്ങള്‍ എല്ലാം പെട്ടെന്ന് നിർത്തലാക്കിയാണ്  അമേരിക്കയിലേക്ക് വന്നത് .അമേരിക്കയിൽ  ഒരു പുതിയ സാധ്യത എന്ന നിലയിൽ   റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കിറങ്ങി  . മലയാളി കുടുംബങ്ങള്‍ കുറവുള്ള സ്ഥലമായിരുന്നു   റിച്ച് മെണ്ട് .റിയൽ എസ്റ്റേറ്റ് ബിസിനസ്സിനൊപ്പം  ബിഗ് സ്റ്റേജ് ഇഫക്ട് എന്ന പേരിൽ ഒരു  ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി കൂടി തുടങ്ങി.  2011-2012 കാലയളവില്‍ ഇന്ത്യന്‍ സര്‍ക്കിളുകളില്‍ അറിയപ്പെടുന്ന റിയല്‍ടര്‍ ആയി മാറുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ബിസിനസ് പച്ചപിടിച്ചപ്പോൾ പഴയ സാമൂഹ്യ പ്രവർത്തനം പൊടിതട്ടിയെടുത്തു .2018 ആയപ്പോഴേക്കും മലയാളി സംഘടനാ രംഗത്തേക്ക് കടന്നുവന്നു.

ഗ്രാമം മുതല്‍ ഫൊക്കാനവരെ
ജോലി, കുടുംബം , ജീവിതം എന്നിവയാണ് ഒരു മലയാളിയുടെ ശരാശരി ചിന്തയെങ്കിലും സാമൂഹികമായ കൂട്ടായ്മകള്‍ അവരെ കൂടുതല്‍ വളര്‍ത്തുന്നു എന്ന തിരിച്ചറിവുള്ള ഒരാളായിരുന്നു ജോണ്‍സണ്‍ തങ്കച്ചനും. അങ്ങനെ റിച്ച് മെണ്ട് മലയാളി അസ്സോസിയേഷനായ ഗ്രാമത്തില്‍ സജീവമായി. 2020ല്‍ ഗ്രാമത്തിന്‍റെ പ്രസിഡന്‍റ്. ആ സമയത്താണ് ഫൊക്കാനയിലേക്ക് സജീവമാകുവുകയും നാഷണല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് . ഇപ്പോള്‍ റീജിയണല്‍ വൈസ് പ്രസിഡന്‍റ്. ഒപ്പം ഏറ്റവും ഉത്തരവാദിത്വമുള്ള ഒരു പദവി കൂടി ഏറ്റെടുത്തു 2024ലെ ഫൊക്കാന അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പദവി.

ചരിത്രമാകാന്‍ ഫൊക്കാന അന്തര്‍ദ്ദേശീയ
കണ്‍വന്‍ഷന്‍

2024 ജൂലെ ആദ്യവാരത്തില്‍ വാഷിംഗ്ടണില്‍ സംഘടിപ്പിക്കുന്ന ഫൊക്കാന അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ജോണ്‍സണ്‍ തങ്കച്ചന് സംഘാടനത്തിന്‍റെ രീതികള്‍ ഒന്നും പുതുമയല്ല. അര്‍ഹതപ്പെട്ട കൈകളിലാണ് കണ്‍വന്‍ഷന്‍റെ ഉത്തരവാദിത്വം ഫൊക്കാന ഏല്‍പ്പിച്ചിട്ടുള്ളത്. ഡെലിഗേറ്റുകള്‍ക്കായുള്ള മുറികള്‍ ഇതിനോടകം ബുക്കു ചെയ്തു കഴിഞ്ഞു. കേരളാ മുഖ്യമന്ത്രി, എം. പിമാര്‍, എം.എല്‍.എ മാര്‍, സാംസ്കാരിക നായകന്മാര്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങി പ്രഗത്ഭരുടെ ഒരു നിര കണ്‍വെന്‍ഷനായി എത്തും. അമേരിക്കയിലെ യുവ തലമുറയുടെ ഒരു പരിഛേദത്തെ ഇക്കുറി കണ്‍വന്‍ഷന്‍റെ ഭാഗമാക്കും. മൂന്നുദിവസം കണ്‍വന്‍ഷനുഎത്തുന്ന കുട്ടികള്‍ക്ക് അത് അവരുടെ കണ്‍വെന്‍ഷന്‍ ആയി തോന്നും. ചെറുപ്പക്കാര്‍ക്ക് അവരുടെ കണ്‍വന്‍ഷന്‍ ആയി തോന്നണം. എല്ലാ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന, പരമ്പരാഗത രീതികള്‍ എല്ലാം മാറ്റിമറിക്കുന്ന ഒരു ഉത്സവമായിട്ടാകും വാഷിംഗ്ടണ്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ഗ്ലോബല്‍ മലയാളികളെ സ്വീകരിക്കുക. വളരെ ഈടുറ്റതും സമയബന്ധിതമായ പ്രോഗാമുകള്‍ കൊണ്ടും സമ്പുഷ്ടമായ ഒരു ഫൊക്കാന കണ്‍വന്‍ഷനാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ സംഘടന ഒരുക്കുന്നത്. ഡോ. ബാബു സ്റ്റീഫന്‍റെ നിശ്ചയ ദാര്‍ഡ്യവും, ഡോ. കല ഷഹിയുടെ സാംസ്കാരിക കലാ നേതൃത്വം കൂടിയാകുമ്പോള്‍ ജോണ്‍സണ്‍ തങ്കച്ചന് കണ്‍വന്‍ഷന്‍ നടത്തിപ്പ് സ്വാതന്ത്ര്യത്തിന്‍റെയും സംഘാടനത്തിന്‍റയും പുതിയ വഴിയാവും തുറന്നിടുക. മുന്‍വര്‍ഷങ്ങളില്‍ നിന്നും കൂടുതലായി രജിസ്ട്രേഷന്‍ പ്രതീക്ഷിക്കുന്ന ഫൊക്കാന വാഷിംഗ്ടണ്‍ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന മഹോത്സവമാക്കി മാറ്റാനാണ് ജോണ്‍സണ്‍ തങ്കച്ചന്‍റെ പ്ലാന്‍.

അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍
വളര്‍ച്ചയുടെ പടവുകളില്‍ ജോണ്‍സണ്‍ തങ്കച്ചന്‍ ഉണ്ടാക്കിയെടുത്ത സൗഹൃദ ബന്ധങ്ങള്‍ അദ്ദേഹത്തെ വിവിധ രംഗങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്നുണ്ട്. നമീബിയയിലേക്ക് 2018ലെ ട്രേഡ് മിഷനില്‍ അമേരിക്കന്‍ പ്രതിനിധിയായി നിയമനം ലഭിച്ചതാണ് വിജയവഴിയിലെ ഒരു ഏടാണ്. നമീബിയയിലെ എക്സേഞ്ച് പ്രോഗ്രാമുകള്‍, സെമിനാറുകള്‍ ഒക്കെയായി സജീവമായി. മൈനിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫിഷറീസ്, ടൂറിസം, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ നമീബിയയുടെ സാധ്യതകള്‍ കണ്ടെത്തി നമീബിയന്‍ ഗവണ്‍മെന്‍റിന്‍റെ ഉപദേഷ്ടാവ് എന്ന നിലയിലേക്ക് വരെ വളരുവാന്‍ സാധിച്ചു. അവിടെ കൂടുതല്‍ ലഭിച്ചിരുന്ന കറ്റാര്‍വാഴയുടെ സാധ്യതകള്‍ പരീക്ഷിച്ചത് നമീബിയയിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് ഗുണകരമാക്കി മാറ്റി. അലവേരയുടെ ഒരു പള്‍പ്പിംഗ് പ്ലാന്‍റ് സ്ഥാപിക്കല്‍ അതിനായുള ഇന്‍വെസ്റ്റ്മെന്‍റ്, അലവേരയുടെ ചണ്ടിയില്‍ നിന്ന് ലിക്വര്‍ നിര്‍മ്മാണം എന്നിവയ്ക്കെല്ലാം പ്രോജക്ടുകള്‍ തയ്യാറാക്കി. പക്ഷെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുവെങ്കിലും കൊറോണ വന്നതോടെ തിരികെ പോകേണ്ടി വന്നു.


ഇ.ബി. ഫൈവ്, ലോക്കല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും കൊറോണ സമയത്തും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ ഈ രണ്ട് സംരംഭങ്ങളും കൂടുതല്‍ വിജയത്തിലേക്ക് കടന്നുവരുന്നതും ജോണ്‍സണ്‍ തങ്കച്ചന് ബിസിനസ് പ്രതീക്ഷയാണ്. കൊറോണക്കാലം നമീബിയ പ്രോക്ടുകള്‍ ഇല്ലാതാക്കിയത് ഇപ്പോഴും ഒരു വേദനയായി അദ്ദേഹത്തിന്‍റെ മനസ്സിലുണ്ട്. കൂടാതെ വിദ്യാഭ്യാസ രംഗത്തും അദ്ദേഹം സജീവമാണ്. റോബോ മാറ്റ് ഇന്നവേഷന്‍സ് എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ട് അപ്പും ഇപ്പോള്‍ നടത്തുന്നുണ്ട്. ഇത് ഗ്ലോബല്‍ ലെവലിലേക്ക് വളര്‍ത്താനുള്ള ശ്രമമാണിപ്പോള്‍ അദ്ദേഹം നടത്തുന്നത്

എല്ലാം വിളയുന്ന വലിയ വിളയില്‍ തോട്ടത്തിന്‍റെ ഉടമ
പുനലൂർ വലിയ വിളയിൽ അമ്മയുടെ  കുടുംബം പരമ്പരാഗതമായി കാർഷിക കുടുംബം ആയിരുന്നു .അമ്മയ്ക്ക് കുടുംബ വീതമായി ലഭിച്ച സ്ഥലം റബർ തോട്ടമായിരുന്നു. പരമ്പരാഗതമായി  കിട്ടിയ കുടുംബ സ്വത്ത് ആയിരുന്നു അത് .പക്ഷെ റബ്ബർ മരങ്ങൾ എല്ലാം മാറ്റി ഒരു സമ്പൂർണ്ണ ജൈവ വൈവിദ്ധ്യ കൃഷിയിടമാക്കി മാറ്റുവാൻ ആയിരുന്നു ജോൺസൺ തങ്കച്ചന്റെ പ്ലാൻ .  മാവിൻ്റേയും, തെങ്ങിൻ്റേയും, വാഴയുടേയും ഇടയിൽ കൂടി നടക്കുന്ന ഒരു ഫീൽ റബറിന് കിട്ടില്ല എന്ന ചിന്തകൂടി ആയപ്പോൾ  2015 ൽ  സമ്പൂര്‍ണ്ണ ജൈവ വൈവിദ്ധ്യ കൃഷിക്ക് തുടക്കം കുറിച്ചു. വിവിധ രാജ്യങ്ങളിലെ ചെടികള്‍, ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ വലിയൊരു തോട്ടം അഞ്ച് വര്‍ഷം കൊണ്ട് റഡിയാക്കിയെടുത്തു. ഓരോ സീസണിലുള്ള പഴവര്‍ഗ്ഗങ്ങള്‍, എല്ലാ നാടൻ വിളകളും ,കരിമീന്‍ കുളം, നാടന്‍ മത്സ്യങ്ങളുടെ സംരക്ഷണം തുടങ്ങി നിരവധി പ്രോജക്ടുകളാണ് ജോണ്‍സണ്‍ തങ്കച്ചന്‍റെ പുനലൂരിലെ വീടിന്‍റെ പരിസരത്ത് വളര്‍ന്നുവരുന്നത്. കൂടാതെ തന്‍റെ മക്കളെ മലയാളവുമായ അടുപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. എല്ലാ വര്‍ഷവും കുടുംബസമേതം നാട്ടിലെത്തുന്ന ജോണ്‍സണ്‍ തങ്കച്ചനും കുടുംബവും നാട്ടുകാര്‍ക്കും പ്രീയപ്പെട്ടവരാകുമ്പോള്‍ നമ്മുടെ മലയാളവും അമേരിക്കന്‍ പുതുതലമുറയിലൂടെ സമ്പുഷ്ടരാകുന്നു.

ചലച്ചിത്രാസ്വാദകന്‍, നിര്‍മ്മാതാവ്
സിനിമ സ്വാധീനിക്കാത്ത മലയാളി ലോകത്ത് വിരലില്‍ എണ്ണാവുന്നവരേ ള്ളളു. സുഹൃത്തുക്കളോടൊപ്പം പുനലൂരില്‍ ഓലമേഞ്ഞ പഴയ സിനിമാകൊട്ടകയില്‍ ഇരുന്ന് സിനിമ കണ്ട കാലം മുതല്‍ക്കേ സിനിമ ജോണ്‍സണ്‍ തങ്കച്ചന് പ്രിയമാണ്. നിരവധി സിനിമാ ബന്ധങ്ങള്‍ ഒപ്പമുള്ള അദ്ദേഹം 2016 ല്‍ ഡ്രീം വെസ്റ്റ് ഗ്ലോബല്‍ എന്ന നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കി. തന്‍റെ ഒരു പാര്‍ട്ണറുടെ സഹകരണത്തോടെയാണ് ഈ കമ്പനി തുടങ്ങിയത്. ലോകപ്രശസ്ത ബാലചിത്രകാരന്‍ ക്ലിന്‍റിന്‍റെ കഥ സിനിമയാക്കാനായിരുന്നു ആദ്യശ്രമം. പക്ഷെ സംവിധായകന്‍ ഹരികുമാര്‍ ക്ലിന്‍റ് എന്ന പേരില്‍ സിനിമ അനൗണ്‍സ് ചെയ്തിരുന്നതിനാൽ അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചു. പിന്നീട് ഓറഞ്ച് വാലി, ഫോര്‍ത്ത് റിവര്‍ എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. രണ്ട് സിനിമകളും ആമസോണില്‍ ലഭിക്കും. ഒരു ബിഗ് ബഡ്ജറ്റ് സിനിമയുമായാണ് ഇനി ജോണ്‍സണ്‍ തങ്കച്ചനും സംഘവും വരിക.

കുടുംബം
ഏതൊരു വ്യക്തിയുടേയും വിജയകഥകള്‍ക്ക് പിന്നില്‍ അടിയുറച്ച പിന്തുണയുമായി ഒരു കുടുംബം ഉണ്ടാകും. പിതാവ് തങ്കച്ചനും മാതാവ് ചിന്നമ്മയും നല്‍കിയ പിന്തുണയും ബാല്യകാലം മുതല്‍ക്കേ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരി കൂടിയായ ഭാര്യ സിബി ജോണ്‍സണ്‍ (ആര്‍. എന്‍) മക്കളായ ജോയല്‍ ജോണ്‍സണ്‍ (മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥി) മകള്‍ സെലിന്‍ ജോണ്‍സണ്‍ (12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി) ജൂലിയ മറിയം ജോണ്‍സണ്‍ (5-ാം ക്ലാസ് വിദ്യാര്‍ത്ഥിനി) എന്നിവരുടെ സമ്പൂര്‍ണ്ണ പിന്തുണ ഈ വിജയത്തിന്‍റെ നാള്‍ വഴികളില്‍ തുണയായിട്ടുണ്ട് എന്ന് ജോണ്‍സണ്‍ തങ്കച്ചന്‍ അടിവരയിടുമ്പോള്‍ ഒരു കാര്യം വ്യക്തം. അദ്ദേഹം ഈ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഗൃഹനാഥന്‍ കൂടിയാണ്.
ജോണ്‍സണ്‍ തങ്കച്ചന്‍ ഒരു സാധാരണ മനുഷ്യനല്ല. മറിച്ച് ലോകത്തിന്‍റെ ഏത് കോണിലേക്ക് പോയാലും ഒരു സാധാരണ മലയാളിയിലേക്ക് മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും തിരികെയെത്താനുള്ള വ്യഗ്രതയുള്ള ഒരു സമ്പൂര്‍ണ്ണ മലയാളിയാണ് അദ്ദേഹം. ലോകത്തോളം വേരുകള്‍ പടരുന്ന മലയാളിക്ക് അഭിമാനത്തോടെ പറയാവുന്ന ഒരു പേരായി ജോണ്‍സണ്‍ തങ്കച്ചന്‍ മാറും എന്നതില്‍ സംശയമില്ല. കാരണം അദ്ദേഹം അത്രത്തോളം നന്മകള്‍ സൂക്ഷിക്കുന്ന, നാടിനെ സ്നേഹിക്കുന്ന, സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, വന്ന വഴികളിലെ നെല്ലും പതിരും തിരിച്ചറിയുന്ന മനുഷ്യത്വത്തിന്‍റെ മുഖം കൂടിയാണ്. ഈ മുഖം ഫൊക്കാനയുടെ വളര്‍ച്ചയില്‍ ഒരു പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കുന്ന നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം.

Related Posts