LITERATURE

മരുഭൂമിയുടെ ഏകാന്ത ഭയാനക ഭാവം

Blog Image

ഏറെ നീണ്ട  കാത്തിരിപ്പിനൊടുവിൽ ആടുജീവിതം എത്തി . ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമ വളരെ നന്നായിരിക്കുന്നു. കഥ അറിയാമായിരുന്നെങ്കിൽ കൂടിയും പലയിടത്തും കണ്ണ് നിറഞ്ഞ് കവിഞ്ഞു - നജീബിൻ്റെ വീട്ടുകാർക്ക് ഇതെങ്ങനെ കണ്ടിരിക്കാൻ സാധിക്കും ? എന്ന ചോദ്യം പലയിടത്തു നിന്നും കേട്ടെങ്കിലും ,ഹക്കീമിൻ്റെ വീട്ടുകാർ ഈ സിനിമ കാണാൻ ഇടവരരുതേ എന്നാണ് എൻ്റെ മനസ്സിൽ


ഏറെ നീണ്ട  കാത്തിരിപ്പിനൊടുവിൽ ആടുജീവിതം എത്തി . ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമ വളരെ നന്നായിരിക്കുന്നു. കഥ അറിയാമായിരുന്നെങ്കിൽ കൂടിയും പലയിടത്തും കണ്ണ് നിറഞ്ഞ് കവിഞ്ഞു - നജീബിൻ്റെ വീട്ടുകാർക്ക് ഇതെങ്ങനെ കണ്ടിരിക്കാൻ സാധിക്കും ? എന്ന ചോദ്യം പലയിടത്തു നിന്നും കേട്ടെങ്കിലും ,ഹക്കീമിൻ്റെ വീട്ടുകാർ ഈ സിനിമ കാണാൻ ഇടവരരുതേ എന്നാണ് എൻ്റെ മനസ്സിൽ .എത്ര കഷ്ടപെട്ടായാലും നജീബ് ന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടി. പക്ഷേ തീയ്യറ്റർ വിട്ടിറങ്ങിയപ്പോൾ എന്നെ പിന്തുടർന്നത് ഹക്കീമും ,ഒടുവിലെ സീനുകളിലൊന്നിൽ, സ്പോൺസറാൽ കണ്ടു പിടിക്കപ്പെട്ട് അടിച്ച് അവശനാക്കി വലിച്ചിഴച്ച് കൊണ്ടു പോകപെടുന്നവനുമാണ്  (നോവൽ വായനയ്ക്കു ശേഷവും ഇതേ മാനസികാവസ്ഥയായിരുന്നു ). മരുഭൂമിയുടെ ഏകാന്ത ഭയാനക ഭാവം ദൃശ്യങ്ങളിലൂടെ കാഴ്ച്ചക്കാരിലെത്തിക്കുന്നതിൽ ബ്ലെസി എന്ന സംവിധായകൻ വിജയിച്ചിരിക്കുന്നു. നജീബായി മാറിയ പൃഥ്വിരാജിൻ്റെ പ്രകടനം സമാനതകളില്ലാത്തതു തന്നെയാണ്. മരുഭൂമിയിലെ അഭിനയപൂർണ്ണതയക്ക്  രൂപപരിണാമത്തിൻ്റെ ഒരു സഹായം ഉണ്ട് എന്ന് പറയാമെങ്കിലും ,നാട്ടിലേയ്ക്ക് ഫോൺ വിളിക്കുന്ന രംഗത്തും ,ജയിലിൽ വച്ച് അർബാബിനെ കാണുന്ന രംഗത്തും പൃഥ്വി കാഴ്ചവച്ചിരിക്കുന്നത് അഭിനയം , എന്നതിനേക്കാൾ നജീബ് എന്ന വ്യക്തിയിലേയ്ക്കുള്ള ഒരു പരകായപ്രവേശമാണ്. മരുഭൂമിയിൽ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളിൽ ,മണലിൽ പതിയുന്ന കാൽപ്പാടുകൾക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടാകുമെന്ന് നമുക്കറിയാം. അത്തരം ചില രംഗങ്ങളിൽസംവിധായകനും , ക്യാമറാമാനും പുലർത്തിയിരിക്കുന്ന ശ്രദ്ധ എടുത്തു പറഞ്ഞേ മതിയാകൂ. 
ഗൾഫിലേക്ക് പോകാൻ ഒരുങ്ങുന്ന നജീബും ,സൈനുവും തമ്മിലുള്ള സ്നേഹപ്രകടനങ്ങളിലും ,സംഭാഷണങ്ങളിലും ,റെയിൽവെ സ്റ്റേഷനിലുള്ള യാത്രയാക്കലിലും ഇവർക്കിടയിലുള്ള സ്നേഹത്തിൻ്റെ ആഴം പ്രേക്ഷകർക്ക് 100 % വും അനുഭവിക്കാൻ സാധിച്ചു എന്നിരിക്കെ ,  ലിപ്പ് ലോക്ക് അടക്കമുള്ള ചൂടൻ പ്രണയ രംഗവും ആ ഒരു പാട്ടും സിനിമയുടെ മുഴുവൻ ഭാവത്തിനും വിരുദ്ധം എന്ന് പറയാവുന്ന രീതിയിൽ മുഴച്ചു നിൽക്കുന്നതായി തോന്നി. നജീബിൻ്റെ കഷ്ടപാടിൽ മുഴുകിയി രിക്കുന്ന ഒരു പ്രേക്ഷകനും ആ സമയത്ത് ഇത്തരമൊരു രംഗത്തെ അതിൻ്റെ യഥാർത്ഥ സൗന്ദര്യത്തിൽ ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടാകും എന്ന് തോന്നുന്നില്ല .
നോവൽ മനസ്സിൽ പതിഞ്ഞ് പോയതു കൊണ്ടാണോ എന്നറിയില്ല ,മരുഭൂമിയിൽ നജീബ് അനുഭവിച്ച കഷ്ടപാടുകളുടെ ചിത്രീകരണം അൽപ്പം കുറഞ്ഞ് പോയതായി അനുഭവപ്പെട്ടു. ആ മിണ്ടാപ്രാണികളുമായി നജീബിനുണ്ടാകുന്ന ആത്മബന്ധ വും ,ആദ്യ മഴത്തുള്ളിയുടെ സ്പർശത്തിൽ തീപ്പൊള്ളലേറ്റാൽ ഉണ്ടാകുന്ന നീറ്റൽ അനുഭവപ്പെട്ടതും,ഒരു ആട്ടിൻകുഞ്ഞിൽ തൻ്റെ മകൻ്റെ പിറവി അറിയുന്ന നജീബിനെയുമെല്ലാം സിനിമയിൽ മിസ്സ് ചെയ്തു്  . രക്ഷപ്പെടുന്ന രംഗത്തിൻ്റെ ദൈർഘ്യം അതിൻ്റെ  തീക്ഷണതയെ ബാധിക്കാത്ത രീതിയിൽ കുറച്ച് ,മരുഭൂമിയിലെ ആടുജീവിതത്തിൽ നജീബ് നേരിട്ട ബുദ്ധിമുട്ടുകൾ കുറച്ച് കൂടെ ഉൾപെടുത്താമാ യിരുന്നെന്ന് തോന്നി. മൂന്നു വർഷത്തെ ജീവിതത്തെ വെറും രണ്ടര മണിക്കൂറിലെ കാഴ്ചാനുഭവം ആക്കി മാറ്റുമ്പോൾ ഇതിനേറെ ഒരു പക്ഷെ കഴിയില്ലായിരിക്കാം. 
ആടുജീവിതം നോവൽ എത്ര കൈകളിൽ എത്തിച്ചേർന്നുവെന്നറിയില്ല. വായിച്ച ഓരോ വ്യക്തിയുടെയും ,  മനസ്സിലെ, മുഖമില്ലാത്ത  നീറ്റലായി മാറിയ ഈ നോവലിലെ  കഥാപാത്രങ്ങൾ , സിനിമ കാണുന്നതിലൂടെ മുഖമുള്ള  വേദനയായി അവശേഷിക്കുന്നു. ഹക്കീമിനെ അവതരിപ്പിച്ച നടനും ,സഹായിയായി വന്ന ആഫ്രിക്ക കാരനുമെല്ലാം മികച്ച കയ്യടിയക്ക് അർഹരാണ്. ഹക്കീമിൻ്റെ മരണ രംഗവും, തൻ്റെ ശ്രമങ്ങൾ വിഫലമായി പോകുന്ന വേദനയിൽ നിൽക്കുന്ന ഇബ്രാഹിമിൻ്റെ നിസ്സഹായതയും കാഴ്ചക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. 
 മരുഭൂമിയുടെ വിശാലതയിൽ, ആരോരുമറിയാതെ ആടുജീവിതം നയിച്ചുകൊ ണ്ടിരിക്കുന്ന , അർബാബുകളുടെ ക്രൂരമായ പീഡനങ്ങൾ സഹിച്ച് ജീവശ്ചവമായി കഴിയുന്ന സഹോദരങ്ങൾക്ക് ഒരു മോചനം സാധ്യമാക്കാൻ ഇത്തരം അനുഭവ ചിത്രങ്ങൾ വഴി വയ്ക്കട്ടെയെന്ന് നമുക്കാശിക്കാം.

ഉമശ്രീ 

Read More

Related Posts