VAZHITHARAKAL

എഴുത്തിൻ്റെ നാൾവഴികളിൽ ജോർജ് തുമ്പയിൽ

Blog Image

"ആകാശത്തിന്‍റെ നിറം എങ്ങനെയാണ് 
ഇത്രയും മനോഹരമായത്,
സ്വപ്നങ്ങള്‍ അത്രമേല്‍ ഭംഗിയുള്ളത് കൊണ്ട്.."


ഴുത്തിൻ്റെ  കാണാപ്പുറങ്ങളില്‍ ജീവിതത്തിന്‍റെ സിംഹഭാഗവും ചിലവഴിക്കുന്ന ചുരുക്കം ചില മനുഷ്യരില്‍ ഒരാളാണ് ജോര്‍ജ് തുമ്പയില്‍. ഗ്രഹം തെറ്റി ജനിച്ചുവീണ നക്ഷത്രമെന്നൊക്കെ ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം. കോട്ടയം പാമ്പാടി തുമ്പയില്‍ ടി.വി. ആന്‍ഡ്രൂസിന്‍റേയും അന്നമ്മയുടെയും മകന്‍. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും അമേരിക്കന്‍ മലയാളികള്‍ക്ക് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സുപരിചിതന്‍. 
എഴുത്തിന്,  സാഹിത്യത്തിന് വേണ്ടി തന്നെ ജീവിതം ഏറിയപങ്കും മാറ്റിവെച്ച മനുഷ്യനാണ് ജോര്‍ജ് തുമ്പയില്‍. അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായി  പ്രവര്‍ത്തിക്കുന്ന  അദ്ദേഹം  ഇപ്പോഴും മനുഷ്യരുടെ നന്മകള്‍ക്കും കലയുടെ പ്രഭാവത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്.


ജോര്‍ജ് തുമ്പയിലിന്‍റെ എഴുത്തുകള്‍ എല്ലാം മലയാള സാഹിത്യത്തിലും, മാധ്യമ ചരിത്രത്തിലും തന്നെ ശ്രദ്ധിക്കപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണ്. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തരത്തില്‍ ഒരു ഈടുവയ്പുകളായി കാലം കാത്തു സൂക്ഷിക്കേണ്ടവ. തന്‍റെ തിരക്കു നിറഞ്ഞ ജീവിതത്തിനിടയ്ക്കും എഴുത്തിനും മനുഷ്യ നന്മയ്ക്കും വേണ്ടി നിലകൊള്ളുകയാണ് ഈ മനുഷ്യന്‍. നാളിതുവരെയായിട്ടും പലര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളാണ് അദ്ദേഹം അനായാസം നടന്നു കയറിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ചരിത്രകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, കോളമിസ്റ്റ് എന്നിങ്ങനെ എല്ലാ മേഖലയിലും തന്‍റേതായ കഴിവുകള്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു എന്ന് മാത്രമല്ല അവിടെയെല്ലാം വ്യത്യസ്തത പുലര്‍ത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ബാച്ച്ലര്‍ ഓഫ് സയന്‍സിലായിരുന്നു പഠനം. തുടര്‍ന്ന് മുബൈയില്‍ ഓഫീസ് അഡ്മിനിസ്ട്രേഷനും. അമേരിക്കയില്‍ വന്നശേഷം യൂണിയന്‍ കൗണ്ടി കോളേജില്‍ നിന്നും കമ്മ്യൂണിക്കേഷനില്‍ ബിരുദവും നേടി.
അമേരിക്കയിലേക്കുള്ള യാത്രയില്‍ ന്യൂവാര്‍ക്ക് സെന്‍റ് ജയിംസ് ഹോസ്പിറ്റലിലെ ചാപ്ലെയ്ന്‍ റവ. മാത്യു കുന്നത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് ഏറെ സഹായകരമായി. അന്നുതൊട്ട് ഇന്നുവരെയുള എല്ലാ കാര്യങ്ങളിലും മാത്യൂസച്ചന്‍റെ സഹായ സഹകരണവുമുണ്ട്. കടന്നുവന്ന വഴികളുടെ ധന്യത മറക്കാത്ത വ്യക്തിത്വം കൂടിയാകുന്നു ജോര്‍ജ് തുമ്പയില്‍.


കലയോടും സാഹിത്യത്തോടുമുള്ള, ഇഷ്ടവും അടങ്ങാത്ത അഭിനിവേശവും അദ്ദേഹം വ്യാപരിച്ച മേഖലകളായ സാഹിത്യ പത്ര-ദൃശ്യ മാധ്യമ മേഖലയിലും  പ്രേക്ഷകര്‍ക്കിടയിലും  പ്രിയങ്കരനാക്കി മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ കാലം അദ്ദേഹത്തിന് വരദാനമായി ധാരാളം ബഹുമതികളും പുരസ്കാരങ്ങളും നല്‍കി ആദരിച്ചു.

പുരസ്കാരങ്ങളുടെ നിറവില്‍ ജോര്‍ജ് തുമ്പയില്‍
മാധ്യമപ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനകള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രിയപ്പെട്ട ഒരാളാക്കി ജോര്‍ജ് തുമ്പയിലിനെ മാറ്റുകയായിരുന്നു. സാഹിത്യത്തിനു വേണ്ടി തന്‍റെ സകല തിരക്കുകളും മാറ്റിവെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മലയാള സാഹിത്യത്തിന് എക്കാലത്തും ഓര്‍മ്മിക്കാന്‍ തക്കവണ്ണം പ്രതിഭാശാലിയായ ഒരു വ്യക്തിയായി മാറി അദ്ദേഹം. ന്യൂജേഴ്സി 
ന്യൂ വാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്‍ററിലെ  റെസ്പിറ്റോറി ഡിപ്പാര്‍ട്ട്മെന്‍റില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന ജോര്‍ജ് തുമ്പയില്‍ മെഡിക്കല്‍ രംഗത്ത് സേവനങ്ങളോടൊപ്പം തന്നെ തന്‍റെ കലാവാസനകളെയും പരിപോഷിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ ഉള്ള ഒരു അസാമാന്യ കഴിവ് അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നു. എല്ലാ മേഖലകളിലും കൃത്യമായ ഒരു അവബോധവും കാഴ്ചപ്പാടും അദ്ദേഹം പുലര്‍ത്തിയിരുന്നു.
 സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന രണ്ട് വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകരും  എഴുത്തുകാരും. ഈ രണ്ട് മേഖലകളിലും ജോര്‍ജ് തുമ്പയില്‍ എന്ന മനുഷ്യന്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ ഒക്കെ തന്നെ വ്യക്തമായ ചില വിവരങ്ങളെ മനുഷ്യരിലേക്ക് എത്തിക്കാന്‍ സഹായിച്ചിരുന്നു. കാല്പനികതയെക്കാള്‍ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ കൃതികളെല്ലാം തന്നെ ഇന്‍ഫര്‍മേറ്റീവ് വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. ഒരുപക്ഷെ വരുംതലമുറയ്ക്ക് ഏറ്റവും ഗുണപ്രദമായ കുറിപ്പുകള്‍ ആവും അവ എന്ന കാര്യത്തില്‍ സംശയമില്ല.
 മികച്ച ന്യൂസ് റിപ്പോര്‍ട്ടിംഗിന് ന്യൂജേഴ്സി കേരള കള്‍ച്ചറല്‍ ഫോറം 1994-ല്‍ ജോര്‍ജ് തുമ്പയിലിന് പുരസ്കാരം, മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഫൊക്കാനയുടെ 1994-ലെയും 1996, 2006-ല്‍ അമേരിക്കന്‍ മലയാള എഴുത്തുകാരിലെ സാഹിത്യ സംഭാവനയ്ക്കുള്ള     പുരസ്കാരം, മികച്ച വിമര്‍ശനാത്മക റിപ്പോര്‍ട്ടിനും ഫൊക്കാനയുടെ അവാര്‍ഡ്, ക്രിസ്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്‍റെ മികച്ച അവതാരകനുള്ള പുരസ്കാരവും 2003-ല്‍ ജോര്‍ജ് തുമ്പയില്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍റെയും ഫൊക്കാനയുടെയും മികച്ച ലേഖകനുള്ള അവാര്‍ഡും 2004-ല്‍ അദ്ദേഹം  നേടിയിരുന്നു. ദൃശ്യ-മാധ്യമ രംഗത്ത് വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഹൃത്തുക്കളുമായി രൂപപ്പെടുത്തിയെടുത്ത് വിജയിപ്പിച്ച യു.എസ്. വീക്ക്ലി റൗണ്ടപ്പ് പരിപാടികള്‍ക്കായി ഏഷ്യാനെറ്റ് ഏര്‍പ്പെടുത്തിയ 2006-ലെ പുരസ്കാരം, 2008ല്‍ മികച്ച ലേഖനങ്ങള്‍ക്കും, മ്യൂസിക്കല്‍ ആല്‍ബത്തിനും ഫോമ നല്‍കിയ അവാര്‍ഡ്, 2009ലെ ഇന്ത്യ പ്രസ്ക്ലബ് ആദരവ് എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ നേട്ടങ്ങളുടെ പടികളിലെ പുഷ്പങ്ങളാണ്. ഗായകന്‍ ബിനോയ് ചാക്കോയോടൊപ്പം വര്‍ഷങ്ങളായി നടത്തി വന്നിരുന്ന ഗാനപരിപാടികളും, അതോടൊപ്പം  അഞ്ച് ഓഡിയോ ആല്‍ബങ്ങളും നിര്‍മ്മിക്കുകയും ചെയ്തു.
ബെത്ത് ഇസ്രയേലിലെ റെസ്പിറ്റോറി തെറാപ്പിസ്റ്റ് എന്ന നിലയില്‍ എംപ്ലോയി ഓഫ് ദി മന്ത്, പിന്നീട് മാനേജര്‍ ഓഫ് ദി മന്ത്, ഡിപ്പാര്‍ട്ട്മെന്‍റ് വിഷണറി അവാര്‍ഡ്, നൈട്രിക് ഓക്സൈഡ്, ഹൈ ഫ്രീക്വന്‍സി വെന്‍റിലേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നേതൃപാടവം, കോര്‍ വാല്യു അവാര്‍ഡ് തുടങ്ങിയവയും ഔദ്യോഗിക മേഖലയില്‍ ജോര്‍ജ് തുമ്പയിലിനെ തേടിയെത്തിയിട്ടുണ്ട്. ഒപ്പം കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി ബെര്‍ഗന്‍ കമ്മ്യൂണിറ്റി കോളജിലെ അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റി ആയും സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഫൈന്‍ ആര്‍ട്സ് മലയാളം ക്ലബ്ബിന്‍റെ സ്ഥാപകാംഗം, മൂന്ന് തവണ സെക്രട്ടറി , ഒരു തവണ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കാഴ്ചപ്പാടുകളിലെ കലാവബോധവും, 
തളരാത്ത സേവന പാരമ്പര്യവും

മനുഷ്യരാശിക്ക് തന്നെ ഉപകാരപ്രദമാകുന്നതുകൊണ്ടാണ് പല കലാരൂപങ്ങളും കാലത്തിന്‍റെ പരിമിതികളെ അതിജീവിക്കുന്നത്. ജോര്‍ജ് തുമ്പയിലിന്‍റെ കൃതികളെല്ലാം അത്തരത്തില്‍ മികച്ചതായി തന്നെ എല്ലാ കാലവും ശോഭിക്കുന്നതാണ്. കാല്പനികതയ്ക്ക്  അപ്പുറം ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ആണ് കല എന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. കല കലയ്ക്കു വേണ്ടിയല്ല ജീവിതത്തിനുവേണ്ടി കൂടിയാണെന്ന്  തുമ്പയില്‍ കൃത്യമായി തന്‍റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി. മലയാള ഭാഷയെയും കേരളത്തെയും അന്യനാടുകളില്‍ പ്രിയമുള്ളതാക്കാന്‍ അദ്ദേഹം  നടത്തിയ ശ്രമങ്ങളെല്ലാം ഒന്നിനൊന്ന് ഗുണകരവും വിജയവുമായി തീര്‍ന്നിരുന്നു.
മലയാള പത്രങ്ങളെ പ്രതിനിധീകരിച്ച് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്‍റെ സമ്മിറ്റില്‍ പങ്കെടുത്ത് റിപ്പോര്‍ട്ട് ചെയ്ത ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ജോര്‍ജ് തുമ്പയില്‍. സിഡ്നിയിലും ഏഥന്‍സിലും നടന്ന ഒളിമ്പിക്സ് മത്സരങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുവാന്‍ അവസരം ലഭിച്ച മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. 2007 മുതല്‍ മലയാളം പത്രത്തില്‍ കോളമിസ്റ്റായിരുന്നു. ഇതില്‍ തന്നെ 'ഗ്രൗണ്ട് സീറോ' എന്ന കോളം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 2008-ല്‍ സമസ്യ എന്ന പേരിലും 2009ല്‍ ദേശാന്തരങ്ങള്‍ എന്നപേരിലും, ലാളിത്യത്തിന്‍റെ സങ്കീര്‍ണ്ണതകള്‍, തുടര്‍ന്ന്  പരിണാമ ഗാഥകള്‍, യാത്ര  എന്ന പേരിലും അദ്ദേഹം തുടര്‍ച്ചയായി എഴുതിയിരുന്നു. അമേരിക്കന്‍ മലയാളികളുടെ അച്ചടി മാദ്ധ്യമമായ കേരളാ എക്സ് പ്രസിലും, ഓണ്‍ലൈന്‍ മാദ്ധ്യമമായ ഇ-മലയാളിയിലും എഴുതി വരുന്ന 'പകല്‍ക്കിനാവ്' എന്ന കോളം ലോകത്തിന്‍റെ നേര്‍ച്ചിത്രമായി ഇപ്പോഴും വായനക്കാരന്‍റെ മനസിനെ കീഴ്പ്പെടുത്തുന്നു. എഴുത്തിലെ മനോഹാരിതയും ലളിതമായ വിഷയാവതരണവുമാണ് തുമ്പയിലിനെ മറ്റുള്ള എഴുത്തുകാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല.
സൗഹൃദത്തിനു വില കല്‍പ്പിക്കുന്ന ജോര്‍ജ്  തുമ്പയിലിന്‍റെ സൗഹൃദത്തിലെ പ്രധാനിയാണ് പി. റ്റി. ചാക്കോ (മലേഷ്യ). അത് പടര്‍ന്ന് പന്തലിച്ച് ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നീണ്ടു. ഊഷ്മളമായ ആ സൗഹൃദം ഇപ്പോഴും തുടരുന്നത് സൗഹൃദങ്ങളുടെ നനുത്ത സ്പര്‍ശങ്ങളുടെ വില അറിയാവുന്നതുകൊണ്ടാണ്. 


കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തിലും അമേരിക്കയിലുള്ള മലയാളികള്‍ക്ക് വേണ്ടി ജോര്‍ജ് തുമ്പയില്‍ നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങളും കണ്ടെത്തലുകളും ഒരു സമൂഹത്തിന്‍റെ തന്നെ പുതിയ മാറ്റത്തിന് കാരണമായിട്ടുണ്ടായിരുന്നു. എന്താണ് കോവിഡ് 19 എന്നും അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്നും അദ്ദേഹം അന്നത്തെ ലേഖനങ്ങളിലൂടെ കൃത്യമായി പറഞ്ഞുവച്ചിരുന്നു. അതുകൊണ്ടുതന്നെ മുന്‍കരുതലുകള്‍ എടുക്കാനും രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കാനും പലര്‍ക്കും കഴിഞ്ഞിട്ടുമുണ്ട്. ഒരുപക്ഷെ മനുഷ്യന്‍ ഒരു മഹാമാരിക്ക് മുന്നില്‍ പകച്ചുനിന്നപ്പോള്‍ ഒരാശ്വാസമായി അദ്ദേഹത്തിന്‍റെ കുറിപ്പുകള്‍ മാറിയിരുന്നു എന്നതാണ് സത്യം

നേര്‍ക്കാഴ്ചകളുടെ ശില്പി
അനുഭവങ്ങളാണ് പലപ്പോഴും ജോര്‍ജ് തുമ്പയിലിന്‍റെ കൃതികളായി മാറാറുള്ളത്. അതില്‍ മനുഷ്യരുടെ വേദനകളും, രോഗങ്ങളും, അനുഭവങ്ങളും എല്ലാം ഇടകലര്‍ന്ന് കിടക്കും. ജോര്‍ജ് തുമ്പയിലിനെപ്പറ്റി ഇന്ന് വായിക്കുമ്പോള്‍  ഒരു പുതിയ ലോകവും, ഒരു പുതിയ ജീവിതവും, ഒരു പുതിയ കാഴ്ചപ്പാടും വായനക്കാരന് രൂപപ്പെടും. പക്ഷേ ആ രൂപപ്പെടുത്തല്‍ തന്നെയായിരിക്കാം ഈ പ്രായത്തിലും  ഈ  മനുഷ്യനെ കൊണ്ട് ഇത്രമേല്‍ അതിഭംഗിയായി സംസാരിക്കുന്നതും എഴുതാന്‍ പ്രേരിപ്പിക്കുന്നതും.
സമയ രഥമുരുളുന്ന പുണ്യഭൂമി, ജന്മഭൂമിയുടെ വേരുകള്‍ തേടി, ഒരു പിറന്നാളിന്‍റെ ഓര്‍മ്മയ്ക്ക്, ഭൂമിക്കുമപ്പുറത്തുനിന്ന്, ദേശാന്തരങ്ങള്‍ എന്നീ പുസ്തകങ്ങളാണ് ജോര്‍ജ് തുമ്പയിന്‍റെ പ്രസിദ്ധീകരിച്ച കൃതികള്‍. ഇവയെല്ലാം തന്നെ കൃത്യമായ യഥാര്‍ത്ഥ്യങ്ങളോട് സദാ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഓരോ വാക്കും അദ്ദേഹം പ്രയോഗിച്ചത് പുതിയ അറിവുകളെ മനുഷ്യകുലത്തിനു വേണ്ടി സംഭാവന ചെയ്യുവാന്‍ വേണ്ടിയാണ്.
ഒരു കലാ സമൂഹത്തിനു വേണ്ടി എന്ത് ചെയ്യുന്നു എന്നതില്‍ ആയിരുന്നു ജോര്‍ജ് തുമ്പയില്‍ തന്‍റെ ശ്രദ്ധ മുഴുവന്‍ പതിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം എഴുതുന്ന ലേഖനങ്ങള്‍ എല്ലാം തന്നെ വരും തലമുറയ്ക്ക് ഒരു വിവര ശേഖരണം എന്നോണം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളവയാണ്.

വേരുകള്‍ പറയുന്നത് കേള്‍ക്കാന്‍  
കാത്തിരിക്കുന്ന ഇലകള്‍

ജോര്‍ജ് തുമ്പയിലിനെപ്പോലെ ഒരു എഴുത്തുകാരനായ കലാകാരന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലൂടെ കടന്നുപോവുക എന്നുള്ളത് തന്നെ നമ്മളെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ കാര്യമാണ്. അദ്ദേഹം നടന്ന വഴികളിലെ ഇരുട്ടും വെളിച്ചവും നിലാവും വെയിലും എല്ലാം മനുഷ്യരാശിയുടെ മുന്‍പോട്ടുള്ള യാത്രയ്ക്ക് ഉതകുന്നതാണ്. 
ജോര്‍ജ് തുമ്പയില്‍ എന്ന എഴുത്തുകാരന്‍റെ, സാഹിത്യകാരന്‍റെ ഓരോ വാക്കുകള്‍ക്ക് പിറകിലും കരുത്തായി നിന്ന അദ്ദേഹത്തിന്‍റെ കുടുംബത്തെയും ഈ നിമിഷം നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ന്യൂവാക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്‍ററിലെ നഴ്സ് പ്രാക്ടീഷ്ണറായ ഭാര്യ ഇന്ദിരയും, ന്യൂയോര്‍ക്കില്‍ (ഇപ്പോള്‍ താല്‍ക്കാലികമായി കാലിഫോര്‍ണിയയില്‍) സിവില്‍ എഞ്ചിനീയറായ മകന്‍ ബ്രയനും, മകള്‍ ഷെറിന്‍ കണക്ടിക്കട്ട് യേല്‍ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറും, റെസ്പിറേറ്ററി, അലര്‍ജി, ഇമ്മ്യൂണോളജി, സ്ലീപ്പ് മെഡിസിന്‍ എന്നിവയില്‍ ഫിസിഷ്യനുമാണ്. മരുമക്കള്‍ ശ്രേയ, ജെയ്സണ്‍, കൊച്ചുമക്കള്‍ സാമുവല്‍, അലക്സ് എന്നിവരും അത്രത്തോളം പിന്തുണയാണ് ജോര്‍ജ് തുമ്പയിലിന്‍റെ എഴുത്തു ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നല്‍കിയത്. 
ഇനിയും ശോഭിച്ചു നില്‍ക്കട്ടെ പൂക്കളെപ്പോലെ അദ്ദേഹത്തിന്‍റെ എഴുത്തുകള്‍. ഇനിയും സദാ സംവേദിച്ചുകൊണ്ടിരിക്കട്ടെ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍, അടയാളപ്പെടുത്തലുകള്‍.
ഒപ്പം കാലം അദ്ദേഹത്തെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ വഴിത്താരയില്‍ അടയാളപ്പെടുത്തുകയും ചെയ്യട്ടെ.

Related Posts