LITERATURE

അമേരിക്കയുടെ ആയുധപ്പുര: വെടിക്കോപ്പുകളുടെ വ്യാപനം

Blog Image

ബ്രസീലിനു ശേഷം വെടിയുണ്ടയേറ്റ് ഏറ്റവും കൂടുതൽ മരണം നടക്കുന്ന രാജ്യമെന്ന കിരീടം അമേരിക്കയുടെ ശിരസ്സിൽ തന്നെ.   ഈ സ്ഥാനത്തിന് അമേരിക്കയെ അർഹമാക്കുന്നതോ തോക്കെന്ന മാരകായുധത്തിന്റെ അതിരില്ലാത്ത ലഭ്യതയും.  ലോകത്ത് ഏറ്റവും കൂടുതൽ തോക്കുകളുടെ ഉടമസ്ഥതയുള്ള രാജ്യം അമേരിക്കയാണ്.  നൂറ് സാധാരണ പൗരന്മാരിൽ നൂറ്റിയിരുപതിൽ കൂടുതൽ തോക്കുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.  രണ്ടായിരത്തിപതിനേഴിൽ അമേരിക്കയുടെ ജനസംഖ്യ മുന്നൂറ്റിയിരുപ ത്തിയഞ്ചു ദശലക്ഷമായിരുന്നെങ്കിൽ അന്ന് മുന്നൂറ്റിതൊണ്ണൂറ്റിമൂന്നിലധികം തോക്കുകൾ അമേരിക്കയിലെ സ്വകാര്യ പൗരന്മാരുടെ കൈവശം ഉണ്ടായിരുന്നു.  


ബ്രസീലിനു ശേഷം വെടിയുണ്ടയേറ്റ് ഏറ്റവും കൂടുതൽ മരണം നടക്കുന്ന രാജ്യമെന്ന കിരീടം അമേരിക്കയുടെ ശിരസ്സിൽ തന്നെ.   ഈ സ്ഥാനത്തിന് അമേരിക്കയെ അർഹമാക്കുന്നതോ തോക്കെന്ന മാരകായുധത്തിന്റെ അതിരില്ലാത്ത ലഭ്യതയും.  ലോകത്ത് ഏറ്റവും കൂടുതൽ തോക്കുകളുടെ ഉടമസ്ഥതയുള്ള രാജ്യം അമേരിക്കയാണ്.  നൂറ് സാധാരണ പൗരന്മാരിൽ നൂറ്റിയിരുപതിൽ കൂടുതൽ തോക്കുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.  രണ്ടായിരത്തിപതിനേഴിൽ അമേരിക്കയുടെ ജനസംഖ്യ മുന്നൂറ്റിയിരുപ ത്തിയഞ്ചു ദശലക്ഷമായിരുന്നെങ്കിൽ അന്ന് മുന്നൂറ്റിതൊണ്ണൂറ്റിമൂന്നിലധികം തോക്കുകൾ അമേരിക്കയിലെ സ്വകാര്യ പൗരന്മാരുടെ കൈവശം ഉണ്ടായിരുന്നു.  പക്ഷെ, ഗാലപ് സർവേ ഫലമനുസരിച്ച്  രാജ്യത്തെ നാൽപ്പതു ശതമാനം ജനങ്ങൾ മാത്രമേ തോക്കുടമകൾ ആയിട്ടുള്ളൂ.    മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഓരോ തോക്കുടമയ്ക്കും ശരാശരി മൂന്നിൽ കൂടുതൽ  തോക്കുകളുണ്ടെന്നർത്ഥം.   ഖോസ്റ്റ് ഗൺ എന്നറിയപ്പെടുന്ന രജിസ്റ്റർ ചെയ്യാത്ത, സ്വകാര്യമായി അസ്സെംബ്ൾ ചെയ്‌തെടുക്കുന്ന, കണക്കില്ലാത്ത തോക്കുകൾ വേറേയും.
ശാസ്ത്രീയമായി നടത്തപ്പെട്ടിട്ടുള്ള പഠനങ്ങൾ തെളിയിക്കുന്നത് തോക്കുകൊണ്ടുള്ള മരണങ്ങൾക്ക് ഉയർന്ന തലത്തിലുള്ള ഉടമസ്ഥതയുമായി പരസ്പ്പര ബന്ധമുണ്ടെന്നാണ്.  തോക്കുകളുടെ എണ്ണം ജനങ്ങൾക്കിടയിൽ കൂടുന്നതിനനുസരിച്ച്  തോക്കുപയോഗിച്ചുള്ള ആല്മഹത്യകളും വർധിക്കുന്നു. ഡിപ്രെഷൻ, ബൈപോളാർ ഡിസോർഡർ, സ്കിസോഫ്രേനിയ തുടങ്ങിയ മാനസികരോഗങ്ങളും മദ്യ-മയക്കുമരുന്ന് ആസക്തിയും വളരെയധികം ആളുകളെ ആല്മഹത്യയിലേയ്ക്ക് കൊണ്ടുപോകുന്നുണ്ട്.  തോക്കുപയോഗിച്ചുള്ള ആല്മഹത്യാശ്രമങ്ങളിൽ തൊണ്ണൂറു ശതമാനവും വിജയത്തിലാണ് അവസാനിക്കുക.  രണ്ടായിരത്തിയിരുപത്തിയൊന്നിൽ ആല്മഹത്യ ചെയ്തവരിൽ അന്പതിനാല് ശതമാനം പേർ ജീവിതം അവസാനിപ്പിക്കാൻ ഉപയോഗിച്ചത് തോക്കായിരുന്നു.   ഓവർഡോസ്, ഞരമ്പ് മുറിക്കൽ, ഉയരത്തിൽ നിന്നും വെള്ളത്തിലേക്കുമുള്ള ചാട്ടം, കെട്ടിതൂങ്ങൽ  എന്നീ ആല്മഹത്യാശ്രമങ്ങളിൽ  തൊണ്ണൂറ്റിയാറ് ശതമാനം പരാജയപ്പെടുകയും ജീവിതം നിലനിർത്തുകയുമാണ് ചെയ്യുന്നത്.  ആല്മഹത്യാ ശ്രമങ്ങളെ അതിജീവിച്ചവരിൽ നല്ലൊരു ഭാഗം പേർക്കും വീണ്ടും ജീവിതത്തെ വിലയിരുത്തുവാനും ജീവിതത്തിന്റെ മൂല്യം കണ്ടെന്തി  ജീവിതത്തെ അർഹിക്കുന്ന വിധത്തിൽ അർത്ഥപൂർവ്വം മുന്നോട്ടു നയിക്കുവാനും കഴിയുന്നു.  നൈമിഷികമായ ആവേശത്തിലോ ഉൾപ്രേരണയാലോ ആല്മഹത്യയ്ക്കു ശ്രമിക്കുന്നയാൾക്ക് ഒരു തോക്കാണ് കയ്യിൽ കിട്ടുന്നതെങ്കിൽ രക്ഷയ്ക്കുള്ള സാധ്യത വളരെ ചുരുക്കം - പത്തു ശതമാനം മാത്രം..
കൊലയും ഒറ്റപ്പെട്ട വെടിവയ്പുകളും ആകസ്മികമായി ഉന്നം തെറ്റിയുള്ള വെടിവയ്പുകളും  പലപ്പോഴും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വരാത്ത കാര്യമാണ്.   സാമൂഹികമായ ഉച്ചനീചത്വം, ദാരിദ്ര്യം, ജോലിക്കും ഉയർച്ചയ്ക്കുമുള്ള വഴിതടസ്സങ്ങൾ, അവസരങ്ങളുടെ അഭാവം എന്നിവയുണ്ടാക്കുന്ന അമർഷം വിവേചനമില്ലാത്ത കൊലപാതകങ്ങളാക്കി മാറ്റാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതാണ് ദൈനം ദിനം കാണുകയും കേൾക്കുകയും ചെയ്യുന്നത്.   ഉയർന്ന ദാരിദ്ര്യവും പരിമിതമായ സാമ്പത്തികാവസരങ്ങളുമുള്ള പാവപ്പെട്ട പ്രദേശങ്ങളിൽ അക്രമങ്ങൾ  പ്രാദേശിക സംസ്‌കാരമായി മാറിയിരിക്കുന്നു.   മാരകമായ ഉപാധിയായി തോക്കിന്റെ ലഭ്യതയും.  
ലോകത്ത് നൂറ്റിയെഴുപത്തിയഞ്ചു രാജ്യങ്ങൾ അവിടത്തെ പൗരന്മാർക്ക് തോക്ക് ഉടമസ്ഥതയ്ക്കുള്ള അനുമതി നൽകുന്നുണ്ടെങ്കിലും വളരെയധികം നിയന്ത്രണനിയമങ്ങൾക്കു വിധേയമാണ് തോക്കുകളുടെ ഉടമസ്ഥാവകാശവും അവയെ കൊണ്ടുനടക്കുന്നതിനുമുള്ള അനുമതിയും.  മറ്റു ലോകരാജ്യങ്ങളിൽ താരതമ്യേന ഏറ്റവും കുറവ് വെടിവയ്പ്പും അത് വഴിയുള്ള മരണവും നടക്കുന്ന രാജ്യമാണ് ജപ്പാൻ.  2019-ൽ ആകെ ഒൻപതു മരണങ്ങളാണ് വെടിവയ്പ്പു വഴി ഏകദേശം നൂറ്റിയിരുപത്തിയാറ്‌ ദശലക്ഷം ജനങ്ങളുള്ള  ജപ്പാനിൽ ഉണ്ടായിട്ടുള്ളത്.  തോക്ക് വേണമെങ്കിൽ നിര്ബന്ധമായ പരിശീലനം, പരീക്ഷ, ശാരീരികവും മാനസികവുമായ ആരോഗ്യനിർണ്ണയം കുടുംബവും സുഹൃത്തുക്കളുമായുള്ള പോലീസ് ഇന്റർവ്യൂ എന്നീ കടമ്പകൾ കടക്കണം.  പരീക്ഷ എല്ലാ വർഷവും എടുത്തു പാസ്സാകണം. നിബന്ധനകളുടെ നിര നീണ്ടുപോകുന്നു.    വെടിയുണ്ട വാങ്ങുന്നതിനും വളരെ കര്ശനമായ നിബന്ധനകൾ നിലവിൽ നിൽക്കുന്നു.  കൈത്തോക്ക്  കൊണ്ടു നടക്കുന്നതിനുള്ള അനുമതി പോലീസിനു മാത്രമേയുള്ളു.  തോക്ക് അക്രമങ്ങളും മറ്റു തരത്തിലുള്ള കുറ്റകൃത്യങ്ങളും ജപ്പാനിൽ നിസ്സാരമായതിനു പിന്നിൽ അതും ഒരു കാരണമാണ്.
 തോക്ക് കൈവശം വയ്ക്കുന്നതിന് യൂറോപ്പിൽ ഏറ്റവും നിയമപരമായി എളുപ്പമുള്ള രാജ്യമായ നോർവേയിൽ നൂറിൽ ഇരുപത്തിയെട്ടുപേർക്ക് തോക്കുണ്ടെന്നാണ് കണക്ക്. അമേരിക്കയുമായി താരതമ്യപ്പെടുത്താനാ കില്ലെങ്കിലും ലോകത്തെ മറ്റു വികസിത രാജ്യങ്ങളിൽ വളരെ ഉയരത്തിലാണ് നോർവേയിൽ തോക്കുടമസ്ഥതയുടെ നിരക്ക്.  പക്ഷെ,  2022-ൽ വെടിയേറ്റു മരിച്ചത് വെറും മൂന്നു പേര് മാത്രമായിരുന്നു. ഏഴും രണ്ടുമായിരുന്നു മുൻ രണ്ടു വർഷങ്ങളിൽ.  അപ്പോൾ അവിടത്തെ ജനങ്ങളിലെ നാലിലൊരുഭാഗം ആളുകൾക്കു തോക്കുണ്ടെങ്കിലും എന്തുകൊണ്ട് അവിടെ അക്രമങ്ങളും തോക്കുകൊണ്ടുള്ള മരണവും ഇത്രയ്ക്കു കുറയുന്നു?  എന്തുകൊണ്ട് രണ്ടാമത്തെ പാരഗ്രാഫിൽ പറഞ്ഞ സിദ്ധാന്തം ഇവിടെ  ബാധകമല്ല?  ജനങ്ങളിൽ രമ്യതയും സാമൂഹികമായ ഐക്യവും നിലനിൽക്കുന്ന ചെറിയ സ്കാന്ഡിനേവിയൻ രാജ്യമായ നോർവേ.   സർക്കാരിലും അവിടത്തെ പൊതുസ്ഥാപനങ്ങളിലും ജനങ്ങൾക്ക് വിശ്വാസവും സുസ്ഥിരമായ മതിപ്പുമുണ്ട്.  പോലീസും ജനങ്ങളുമായി നല്ല ബന്ധവും അവിടെ നിലനിൽക്കുന്നു.  പോലീസുകാർ അവരുടെ മെഷീൻ ഗണ്ണുകളും കൈത്തോക്കുകളും അവർ പട്രോളിങ് നടത്തുന്ന വണ്ടിയിൽ സുരക്ഷിതമായി സൂക്ഷിക്കുകയാണ് പതിവ്.   വേട്ടയ്ക്കുള്ള ഉപകരണമായി തോക്കിനെ കാണുന്ന തോക്കുടമകൾ വേട്ടക്കാലത്ത് അത് പുറത്തെടുക്കുകയും വേട്ട കഴിയുമ്പോൾ സുരക്ഷിതമായി  സൂക്ഷിക്കുകയും ചെയ്യും.   ഇക്കാരണങ്ങൾ കൊണ്ടുതന്നെ കുറ്റകൃത്യങ്ങളും കൊലകളും ആ സമൂഹത്തിന് ഏതാണ്ട് അന്യമാണ്. 
നേരത്തെ പറഞ്ഞ പോലെ നൂറ്റിയെഴുപത്തിയഞ്ചു രാജ്യങ്ങൾ തോക്കുടമസ്ഥതയ്ക്കു അനുമതി കൊടുക്കുന്നെണ്ടെങ്കിലും മൂന്നു രാജ്യങ്ങൾ ഇത് അവകാശമായി അവരുടെ ഭരണഘടനയിൽ എഴുതിവച്ചിരിക്കുകയാണ് - അമേരിക്കയും മെക്സിക്കോയും ഗ്വാട്ടെമാലയും.  അമേരിക്കയുടെ ഭീമമായ ആയുധവിൽപ്പനയ്ക്കുള്ള  മാർക്കറ്റ് കൂടിയാണ് മെക്സിക്കോയും ഗ്വാട്ടെമാലയും. 2020-നു ശേഷം അമേരിക്കയിൽ നിന്ന് തെക്കോട്ടുള്ള തോക്കുകളുടെ ഷിപ്മെന്റ് ഇരട്ടിയാകുകയാണ് ചെയ്തത്.   തോക്കുകൾ പോകുന്നതോ സംഘടിത കുറ്റവാളികളിലും മയക്കുമരുന്ന് കാർട്ടെലുകളിലും. തുടർന്ന് ഈ രാജ്യങ്ങളെല്ലാം വർധിച്ച കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളുമാണ് അനുഭവിക്കുന്നത്.  സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളിൽ പിടിച്ച തോക്കുകളിൽ നാൽപ്പതു ശതമാനം അമേരിക്കൻ ഐക്യനാടുകളിൽ നിന്നാണെന്നും അതിൽ പകുതി നിയമപരമായി ഇറക്കുമതി ചെയ്തതും മറ്റേ പകുതി കള്ളക്കടത്തിൽ അവിടെ എത്തിയതുമാണെന്നത് അമേരിക്കയുടെ തോക്കിനോടുള്ള മമതയെയും അതിന്റെ നെഗറ്റീവ് സ്വാധീനത്തെയും കാണിക്കുന്നു.  അമേരിക്കയുടെ തോക്കു വ്യവസായം ഗ്വാട്ടെമാലയിലെയും മെക്സിക്കോയിലെയും കുറ്റകൃത്യങ്ങൾക്ക് ഇന്ധനമാകുകയും അവിടത്തെ സാമൂഹ്യ സുരക്ഷിതത്വത്തിനു നാശം വരുത്തുകയും നിയമരാഹിത്യത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുകയാണ്.  ആ രാജ്യങ്ങളിൽ നിന്ന് അമേരിക്കയുടെ തെക്കൻ അതിർത്തിയിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിനു പിന്നിൽ അതും ഒരു കാരണമാണെന്നതിൽ സംശയമില്ല.      
ജീവനഷ്ടം തടയുന്നതിന് കര്ശനമായ തോക്കിനിയന്ത്രണ നടപടികൾ എടുക്കാൻ എല്ലാ വികസിത രാജ്യങ്ങൾക്കും കഴിഞ്ഞപ്പോൾ ആഗോള വൻശക്തിയായ ജനാധിപത്യത്തിന്റെ കാവൽക്കാരെന്നവകാശപ്പെടുന്ന  അമേരിക്കയ്ക്ക് എന്തുകൊണ്ട് തോക്കു നിയന്ത്രണം ഫലപ്രദമാക്കാൻ കഴുയുന്നില്ല?

അടുത്ത ലക്കത്തിൽ:  അമേരിക്കയുടെ ആയുധപ്പുര:  വെടിക്കോപ്പുകളുടെ വ്യാപനം

പോൾ ഡി പനയ്ക്കൽ

Related Posts