VAZHITHARAKAL

സ്നേഹത്തിന്റെ സൗമ്യ സാന്നിധ്യം:കമാണ്ടർ ജോർജ് കോരുത്

Blog Image

'നിരാശ തോന്നാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നന്മയുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അങ്ങനെ നിങ്ങള്‍ ലോകത്തെ പ്രതീക്ഷയാല്‍ നിറയ്ക്കും, നിങ്ങള്‍ സ്വയം പ്രത്യാശ നിറയ്ക്കുകയും ചെയ്യും'


മറ്റുള്ളവരുടെ സേവനത്തില്‍ നാം സ്വയം നഷ്ടപ്പെടുമ്പോള്‍, നമ്മുടെ സ്വന്തം ജീവിതവും നമ്മുടെ സന്തോഷവും നാം കണ്ടെത്തുന്നു എന്ന് സാമൂഹിക പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു ചൊല്ലുണ്ട്. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുക എന്നത് നിസ്സാര കാര്യമല്ല. എന്നാല്‍ സ്വന്തം ജീവിതത്തെ മനുഷ്യ നന്മയ്ക്കായും സഹജീവികളുടെ വിജയത്തിനായും മാറ്റിവെച്ച ഒരു സാധാരണ മനുഷ്യന്‍ അസാധാരണ വ്യക്തിത്വമായി വളര്‍ന്ന കഥയാണിത്. കമാണ്ടര്‍ ജോര്‍ജ് കോരത്. മുന്‍ ഫൊക്കാന പ്രസിഡന്‍റ്.
അദ്ദേഹത്തിന്‍റെ ജീവിത വഴികളിലൂടെ ഒരു യാത്ര...

ചിട്ടയായ ജീവിതം
ഏതൊരു വ്യക്തിക്കും ബാല്യത്തില്‍ ലഭിക്കുന്ന ചിട്ടയായ ജീവിതം ജീവിതത്തിന്‍റെ എല്ലാ അവസ്ഥകളേയും മാറ്റിമറിക്കും. കോലഞ്ചേരിക്കടുത്ത് പട്ടിമറ്റം പാല്യത്ത് കോരത് വര്‍ക്കിയുടേയും ഏലിയാമ്മ കോരതിന്‍റേയും മകനായിട്ടാണ് ജോര്‍ജ് കോരതിന്‍റെ ജനനം. കോരത് വര്‍ക്കി മിലിട്ടറി സര്‍വ്വീസില്‍ ആയതിനാല്‍ ചെറുപ്പം മുതല്‍ ചിട്ടയായ ജീവിതമായിരുന്നു ഈ കുടുംബത്തിന്‍റെ ആത്മ ബലം. ഒപ്പം ദൈവീകതയില്‍ അടിയുറച്ച വിശ്വാസവും മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കി. ബാല്യകാലത്ത് ദൈവവിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ഇച്ചിക്കോട്ടില്‍ സക്കറിയ കോര്‍ എപ്പിസ്കോപ്പ ചെയ്ത പ്രവര്‍ത്തനങ്ങളെ ജോര്‍ജ് കോരത് ഇപ്പോഴും സ്മരിക്കുന്നു. 6 വയസുവരെ ജബല്‍പൂര്‍, സെക്കന്തരാബാദ്. മദ്രാസ് എന്നിവിടങ്ങളിലെ പിതാവിന്‍റെ ഔദ്യോഗിക ജീവിതത്തിന് ശേഷം നാട്ടിലേക്ക് വന്നു. ടീച്ചറായ അമ്മ ഏലിയാമ്മയ്ക്കൊപ്പം പഠനത്തിന്‍റെ മേഖലയിലേക്ക് സജീവമായി. വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്കൂളില്‍ പഠനം. സെന്‍റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരിയില്‍ സയന്‍സ് സബ്ജക്ട് എടുത്ത് പ്രീഡിഗ്രി പഠനം. ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോളജിയില്‍ ഡിഗ്രി. സ്കൂള്‍ കോളജ് പഠനകാലത്ത് ബാഡ്മിന്‍റണ്‍ പ്ലെയര്‍, എന്‍.സി.സിയില്‍ കേഡറ്റും ആയിരുന്നു. നാഷണല്‍ ഡിഫന്‍സ് മിനിസ്ട്രിയില്‍നിന്ന് ബി സര്‍ട്ടിഫിക്കറ്റും അക്കാലത്ത് സ്വന്തമാക്കി. ഡിഗ്രി കഴിഞ്ഞ് പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ ബി.എം.എസിന് ചേര്‍ന്നു. പഠനം തുടങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ജീവിതത്തെ മാറ്റിമറിക്കാന്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ ഒപ്പമെത്തി.


വിവാഹവും ജീവിതത്തിലെ വഴിത്തിരിവും.
മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കുന്നവര്‍ എക്കാലവും ഭാഗ്യമുള്ളവരാകും. ജോര്‍ജ് കോരതിനെ കാത്തിരുന്ന പങ്കാളിയെ ദൈവം അദ്ദേഹത്തിനായി ഒരുക്കിയതാണെന്ന് പറയും. വൈക്കം ഉദയനാപുരം ഇരുമ്പുഴിക്കര വെളിയില്‍ മത്തായിയുടേയും അന്നമ്മയുടേയും മകള്‍ ദീനയുമായുള്ള വിവാഹം ഒരു നിയോഗമായിരുന്നു എന്ന് കാലം തെളിയിച്ചു. അമേരിക്കയില്‍ നേഴ്സായ ദീനയോടൊപ്പം 1979-ല്‍ അയോവ സ്റ്റേറ്റില്‍ വന്നിറങ്ങുമ്പോള്‍ ഈ മഹാനഗരവും നാടും, ഇവിടുത്തെ മനുഷ്യരും ഒരു സാധാരണ മനുഷ്യനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ദീനയെ അമേരിക്കയില്‍ എത്തുവാന്‍ സഹായിച്ചത് ആന്‍റണി - ലില്ലി ദമ്പതികളായിരുന്നു. 1979 മാര്‍ച്ച് മാസത്തില്‍ കോരത് ഒരു ചെറിയ ജോലിയില്‍ കയറി. കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ അസ്സോസിയേറ്റ് ഡിഗ്രിയെടുത്തു. ബാങ്കിലെ ജോലിക്ക് കമ്പ്യൂട്ടര്‍ ഡിഗ്രി അത്യാവശ്യമായിരുന്നു. 1979 മുതല്‍ 1985 വരെ അയോവയില്‍ തുടര്‍ന്നു. അതിനിടയില്‍ അയോവ ഇന്ത്യന്‍ അമേരിക്കന്‍ അസ്സോസിയേഷനില്‍ പ്രവര്‍ത്തനം തുടങ്ങി. ബോര്‍ഡ് മെമ്പര്‍ ആയി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പവിത്ര ബന്ധങ്ങള്‍
കടന്നുവന്ന വഴികളും സഹായിച്ചവരേയും ഓര്‍ക്കുക എന്നത് ഒരു നല്ല വ്യക്തിത്വത്തിന്‍റെ കടമയാണ്. ജോര്‍ജ് കോരതിന്‍റെ വഴിയില്‍ താങ്ങും തണലുമായി സഹോദരങ്ങളായ പീറ്റര്‍ കോരത് (ഷാര്‍ലറ്റ്), ഷൈനോ വര്‍ഗീസ് (ഫ്ളോറിഡ), സാജന്‍ കോരത് (ഫ്ളോറിഡ), ചാള്‍സ് കോരത് (ഫ്ളോറിഡ) എന്നിവര്‍ കുടുംബസമേതം അമേരിക്കയിലുണ്. മാതാപിതാക്കളായ കോരത് വര്‍ക്കിയും ഏലിയാമ്മ കോരതും 1985 മുതല്‍ അമേരിക്കയിലുണ്ടായിരുന്നു.
ഭാര്യ ദീനയുടെ സഹോദരങ്ങളായ തോമസ് മത്തായി (ഡാളസ്), ജോര്‍ജ്കുട്ടി മത്തായി (ഡാളസ്), സാജുമോന്‍ മത്തായി (ഡാളസ്), സാറാമ്മ ജോര്‍ജ് (കരുനാഗപ്പള്ളി), സൂസി ജോയി (വൈക്കം) പരേതയായ മേരി ജോസഫ് തുടങ്ങിയവരുടെയും ജോര്‍ജ് കോരതിന്‍റെ സഹോദരങ്ങളുടെയും പിന്തുണ പൊതുരംഗത്ത് വിജയിക്കുവാന്‍ സഹായിച്ചതായി അദ്ദേഹം അനുസ്മരിക്കുന്നു.


ഫ്ളോറിഡ നല്‍കിയ സൗഭാഗ്യം
1985-ല്‍ ഫ്ളോറിഡ സ്റ്റേറ്റിലേക്ക് ജീവിതത്തെ പറിച്ചു നടുമ്പോള്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലിക്കാരനായിരുന്നു. പോസ്റ്റല്‍ മാനേജ്മെന്‍റ് ഡിഗ്രിയും പാസ്സായി. പോസ്റ്റല്‍ വകുപ്പില്‍ ക്ലാര്‍ക്ക്, സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളില്‍ നിന്ന് ടെക്നിക്കല്‍ സൈഡിലേക്ക് മാറി. 30 വര്‍ഷം പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലിക്കാരെ പരിശീലിപ്പിക്കുന്ന ജോലി. ഇവിടെ വലിയ സ്വീകാര്യതയാണ് ജോര്‍ജ് കോരതിന് ലഭിച്ചത്. സത്യസന്ധനായ ഒരു മേലുദ്യോഗസ്ഥന്‍റെ കരുതലില്‍ വളര്‍ന്ന ഒരുകൂട്ടം തൊഴിലാളികളെ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ലഭിച്ചു. 2017-ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. ജീവിതത്തിന്‍റെ ഔദ്യോഗിക കാലത്തിന് വിരാമമായപ്പോള്‍ കാത്തിരുന്നത് സമൂഹത്തിന്‍റെ സ്നേഹത്തില്‍ പൊതിഞ്ഞ ക്ഷണമായിരുന്നു.


സാംസ്കാരിക , സാമൂഹിക  പ്രവര്‍ത്തനങ്ങള്‍
ചെറുപ്പം മുതല്‍ക്കെ സാമൂഹിക പ്രവര്‍ത്തനത്തിന്‍റെ നന്മകള്‍ തിരിച്ചറിഞ്ഞത് പള്ളിയില്‍ കൈക്കാരനും സണ്ടേസ്കൂള്‍ അദ്ധ്യാപകനും സെക്രട്ടറിയും ഹെഡ്മാസ്റ്ററുമൊക്കെയായി. സത്യസന്ധനായ ഒരു ദൈവ വിശ്വാസിക്കു മാത്രമെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ സാധിക്കു എന്ന തിരിച്ചറിവില്‍ ജോര്‍ജ് കോരത് 1990-ല്‍ സെന്‍ട്രല്‍ ഫ്ളോറിഡയില്‍ ഒരു പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതില്‍ ഒപ്പം നിന്നു. മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ. രണ്ടാം ടേമില്‍ ഈ സംഘടനയുടെ പ്രസിഡന്‍റായി ജോര്‍ജ് കോരത് തെരഞ്ഞെടുക്കപ്പെട്ടു. സൗമ്യമായ ചിരിയും, സൗമ്യഭാവവും അദ്ദേഹത്തെ സംഘടനയില്‍ എല്ലാവര്‍ക്കും ജനസമ്മതനാക്കി.


ഫൊക്കാനയിലേക്ക്
ചിട്ടയായ സാമൂഹിക പ്രവര്‍ത്തനമാണ് ജോര്‍ജ് കോരതിനെ സംഘടനാ തലങ്ങളില്‍ അടയാളപ്പെടുത്തുന്നത്. ആ അടയാളപ്പെടുത്തല്‍ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയിലേക്ക് എത്തിച്ചു. 1990-ല്‍ ഒര്‍ലാന്‍റോയില്‍ ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ നടന്നതു മുതല്‍ സജീവ പ്രവര്‍ത്തകനായി. 1996-98-ല്‍ ഡാളസ് കണ്‍വന്‍ഷനില്‍ സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്‍റായി. 2004 ല്‍ ഫൊക്കാനയുടെ പ്രസിഡന്‍റായി. രണ്ടുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍  എല്ലാം സമൂഹശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.

സുനാമിയും ജീവിതത്തിന്‍റെ തിരിച്ചറിവുകളും
ഫൊക്കാനയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച കാലം ഒരു പരിവര്‍ത്തന കാലം കൂടിയായിരുന്നു. നിരവധി കര്‍മ്മ പരിപാടികള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിച്ചു. പക്ഷെ കേരളത്തിലുണ്ടായ  സുനാമിയില്‍ സഹോദരങ്ങളായ മനുഷ്യരുടെ തേങ്ങലുകള്‍ കാണേണ്ടി വന്ന നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല. ആ സമയത്ത് ഫൊക്കാനയുടെ ഒരു ടീം തന്നെ കേരളത്തിലെത്തി. എറണാകുളം മുതല്‍ സുനാമി ബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. വേണ്ട സഹായങ്ങള്‍ എല്ലാം നല്‍കി. അഞ്ച് ലക്ഷം രൂപ സുനാമിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ നല്‍കി. നിരവധി മെഡിക്കല്‍ സഹായവും നല്‍കി. ജീവിതത്തില്‍ മനുഷ്യര്‍ ചില സമയങ്ങളില്‍ എത്ര നിസ്സഹായരാണെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്.


സിനിമ അവാര്‍ഡ്
എക്കാലവും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന ഫൊക്കാന ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്നതിന് കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു. സുകുമാരി, സുരേഷ് കൃഷ്ണ, പ്രിയരാമന്‍, കൃഷ്ണ തുടങ്ങിയ നിരവധി ചലച്ചിത്ര താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ രോഗബാധിതനായ ഒടുവില്‍ ഉണ്ണികൃഷ്ണന് നല്‍കിയ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഇന്നും മനസില്‍ തങ്ങി നില്‍ക്കുന്നു. അദ്ദേഹത്തിനു വേണ്ടി സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആയിരുന്നു അവാര്‍ഡ് സ്വീകരിച്ചത്.
2004-2006 കാലഘട്ടം  ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്ന വര്‍ഷം കൂടിയായിരുന്നു എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍ തിളക്കം. കാരണം ഏറ്റെടുത്ത ഏത് ജോലിയും കൃത്യമായി നിര്‍വഹിക്കുവാനുള്ള കഴിവ് ചെറുപ്രായം മുതല്‍ക്കേ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ 2006-ല്‍ ഫൊക്കാനയില്‍ ഉണ്ടായ പിളര്‍പ്പ് അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി. സംഘടനകള്‍ പിളരുന്നത് അംഗബലം കുറയ്ക്കും. രാഷ്ട്രീയ സംഘടനകള്‍ പിളരുന്ന പോലെയല്ല പ്രവാസ സംഘടനകള്‍ പിളരുന്നത്. സംഘബലം കുറയുകയും അവ ചേരിതിരിവിന് കാരണമാവുകയും ചെയ്യുമെന്ന് അനുഭവം പഠിപ്പിച്ചു. എങ്കിലും ഫൊക്കാന തന്നെയാണ് അമേരിക്കന്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംഘടനയെന്ന് അദ്ദേഹം  അടിവരയിടുന്നു.
വളരെ മികച്ച ഒരു കണ്‍വന്‍ഷനായി ഒര്‍ലാന്‍റോ കണ്‍വന്‍ഷനെ മാറ്റിയ  ജോര്‍ജ് കോരത് ഫൊക്കാനയില്‍ സജീവമായി നിന്നു. 2020 - 2022 കാലയളവില്‍ സുഹൃത്തു കൂടിയായ ജോര്‍ജി വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഫ്ളോറിഡ  കണ്‍വന്‍ഷന്‍  മികച്ച നാഷണല്‍ കണ്‍വന്‍ഷന്‍ ആയിരുന്നു എന്ന് അദ്ദേഹം പറയുമ്പോള്‍ ഇരുത്തം വന്ന ഒരു സംഘടനാ നേതാവിനെ അദ്ദേഹത്തിന്‍റ മുഖത്ത് നമുക്ക് കാണാം.
ഫൊക്കാനയുടെ പിളര്‍പ്പിന് ശേഷം പൊതുവെ  സംഘടനകള്‍ വ്യക്തിതാല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും സാമൂഹിക പ്രവര്‍ത്തനം പണാധിഷ്ഠിതമായി മാറുകയും ചെയ്തതായി തോന്നിയിട്ടുണ്ട്. സംഘടനകള്‍ക്ക് മുകളില്‍ അല്ല വ്യക്തികള്‍. സംഘടന ഉണ്ടെങ്കിലേ വ്യക്തികള്‍ ഉള്ളു. കമ്മ്യൂണിറ്റികള്‍ വളര്‍ന്നെങ്കില്‍ മാത്രമെ വ്യക്തിക്കും വളര്‍ച്ചയുള്ളു എന്ന് അദ്ദേഹം വിലയിരുത്തുന്നു.


നാടക പ്രവര്‍ത്തകന്‍
ചെറുപ്പം മുതല്‍ക്കേ നാടകം ഉള്ളില്‍ കൊണ്ടു നടന്ന ജോര്‍ജ് കോരത് താമ്പയില്‍ ഒരു നാടക സംഘത്തിന് തുടക്കമിട്ടു. താമ്പ നാടക വേദി. നിരവധി നാടകങ്ങള്‍ നടത്തി. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ മലയാളികള്‍ക്ക് ഒത്തുകൂടാനും ഉപേക്ഷിക്കപ്പെട്ട കലാവാസനകളെ തിരികെപ്പിടിക്കാനുമുള്ള വേദിയാക്കി ഈ നാടക പ്രവര്‍ത്തനങ്ങളെ മാറ്റുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴും ഫ്ളോറിഡ നാടക പ്രവര്‍ത്തകരുടെ കേന്ദ്രമാണ് എന്നതില്‍ അദ്ദേഹത്തിനും അഭിമാനിക്കാം.

ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍
ഒരു കുഞ്ഞ് ജനിക്കുന്നത് ദൈവത്തിന്‍റെ പുഞ്ചിരിയോടു കൂടിയാണ്. ആ പുഞ്ചിരി നിലനിര്‍ത്തുവാന്‍ മുന്നോട്ടുള്ള ജീവിതം ഉപകരിക്കുന്നതു പോലെ ജോര്‍ജ് കോരതിന്‍റെ ജീവിതം ഈശ്വരനില്‍ സമര്‍പ്പിതമായിരുന്നു. ചെറുപ്പം മുതല്‍ക്കേ ആദ്ധ്യാത്മിക കാര്യങ്ങളില്‍ സജീവമായിരുന്നു. പള്ളിയും പള്ളിയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം  അദ്ദേഹം സജീവമായി. 1998-ല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന് തുടക്കമിടുകയും അതിന്‍റെ ആദ്യ കണ്‍വീനര്‍ ആകുകയും ചെയ്തു. 25 വര്‍ഷം പള്ളിയില്‍ സഹായിയായും സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകന്‍, ഹെഡ് മാസ്റ്റര്‍ എന്നീ നിലകളിലും സജീവം. അമേരിക്കന്‍ ഭദ്രാസന സില്‍വര്‍ ജൂബിലിയില്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. റവ.  ഫാ. ജോര്‍ജ് ഏബ്രഹാമിന്‍റെ പൗരോഹിത്യ ജൂബിലിയുടെ ചെയര്‍മാനുമായിരുന്നു. അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തീത്തോസ് തിരുമേനിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ജോര്‍ജ് കോരതിനെ തന്‍റെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളെ മാനിച്ചു കൊണ്ട് പാത്രിയര്‍ക്കിസ് ബാവ സഖാ പ്രഥമന്‍ 2011-ല്‍ കമാണ്ടര്‍ പദവി നല്‍കി ആദരിക്കുകയുണ്ടായി. അങ്ങനെ ജോര്‍ജ് കോരത് കമാണ്ടര്‍ ജോര്‍ജ് കോരത് ആയി. ഈ വളര്‍ച്ചയ്ക്കും അംഗീകാരത്തിനും കാരണം ജനിച്ച നാള്‍ മുതല്‍ ഉണ്ടായ ഈശ്വര വിശ്വാസവും, സത്യസന്ധതയുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തനം
അമേരിക്കന്‍ മലയാളി യുവതലമുറ അമേരിക്കന്‍ രാഷ്ട്രീയ രംഗങ്ങളില്‍ ഇപ്പോള്‍ സജീവമായതില്‍ സന്തോഷിക്കുമ്പോഴും ഫൊക്കാന പോലെയുള്ള സംഘടനകള്‍ ഈ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നടത്തുവാന്‍ തയ്യാറാവണം എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. അതിനായി പ്രവര്‍ത്തന പദ്ധതികള്‍ ആരംഭിക്കണം. വിവിധ സ്റ്റേറ്റുകളില്‍ മലയാളി പ്രതിഭകള്‍ വിവിധ പദവികളില്‍ തിളങ്ങുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഏറെ സന്തോഷം നല്‍കുന്നു. ഫ്ളോറിഡയിലെ ലോക്കല്‍ കൗണ്ടിയിലേക്ക് മത്സരിച്ച ടി.കെ മാത്യുവിന്‍റെ ഇലക്ഷന്‍ കാമ്പയിന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച ജോര്‍ജ് കോരത്  ലോക്കല്‍ ഗവണ്‍മെന്‍റ് ഭരണകര്‍ത്താക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാറുണ്ട്. കോണ്‍ഗ്രസിലേക്ക് മത്സരിച്ച മേരി തോമസിന്‍റെ കാമ്പയിന്‍ കോ- ചെയറായും പ്രവര്‍ത്തിച്ചു.


ദീന-ജീവിത നന്മ, കുടുംബം
ജീവിതത്തിലെ എല്ലാ വിജയങ്ങളുടേയും തുടക്കം മാതാപിതാക്കളുടെ അനുഗ്രഹമെന്ന് പറയുന്ന ജോര്‍ജ് കോരത് തന്‍റെ ജീവിത വിജയത്തിന്‍റെ നെടുന്തൂണ്‍ ഭാര്യ ദീന ആണെന്ന് പറയും. തന്‍റെ ഹൃദയവും ആത്മാവും ആണെന്ന് മാത്രമല്ല നിഴലായി, തണലായി തന്‍റെ  ഭാര്യയായതില്‍ അഭിമാനിക്കുകയും ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു.
തനിക്ക് അങ്ങനെയാകാന്‍ സാധിക്കുന്നത് ദൈവം കോരതിനെ തനിക്കായി ഒരുക്കിയത് ദൈവത്തിന്‍റെ സമ്മാനമാണെന്നും ദീന അടിവരയിടുന്നു. ഇത്രത്തോളം കരുതലും, സ്നേഹവുമുള്ള ഒരാള്‍, എന്‍റെ മക്കളുടെ പ്രിയപ്പെട്ട പപ്പ, ഗ്രാന്‍പ്പാ അങ്ങനെ വ്യത്യസ്ത തലമുറയില്‍ അദ്ദേഹം ഞങ്ങളുടെ കുടുംബത്തിന്‍റെ അഭിമാനമാകുന്നു എന്ന് ദീനാമ്മ പറയുമ്പോള്‍ കണ്ഠം ഇടറിയോ... കോരത് ദീനയെ ചേര്‍ത്തു പിടിച്ച നിമിഷം ജീവിതത്തിലെ സുവര്‍ണ്ണ നിമിഷമായി ഈശ്വരന്‍ അടയാളപ്പെടുത്തും. ഈ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകുന്നത് മക്കള്‍ എമി (ഡോക്സ് ഓഫീസ് മാനേജര്‍) ടീന (ടീച്ചര്‍) മരുമകന്‍ കെന്നത്ത് സിംഗ് (ജെയ്സണ്‍ -  ഇഎഛ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ടി.സി.എം ബാങ്ക്). കൊച്ചുമക്കള്‍: നോവ (5 വയസ്), ഏവ (2 വയസ്) എന്നിവരും കൂടിയാകുമ്പോള്‍ ജോര്‍ജ് കോരതിന്‍റെ ജീവിതം ധന്യം.


'എവിടെയെങ്കിലും പോകാന്‍ ഉണ്ടെങ്കില്‍ അത് വീടാണ്. സ്നേഹിക്കാന്‍ ഒരാളുണ്ടായാല്‍ അത് കുടുംബമാണ്. രണ്ടും ഉള്ളത് ഒരു അനുഗ്രഹമാണ്' എന്ന് ജോര്‍ജ് കോരത് പറഞ്ഞ് ഈ സംഭാഷണത്തിന് വിരാമമിടുമ്പോള്‍ ഇത്ര കൂടി കുറിക്കട്ടെ. 
ജീവിതകാലം മുഴുവന്‍ നിങ്ങള്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ.. 
പ്രാര്‍ത്ഥനകള്‍...
 

Related Posts