VAZHITHARAKAL

സൗമ്യതയുടെ സമാനതകളില്ലാത്ത മുഖം :ഡോ.മാത്യു വർഗീസ്

Blog Image

'സൗമ്യത ഒരു മനുഷ്യന്‍റെ ജീവിതത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. ഏതൊരു വിഷയത്തിലും നമ്മള്‍ എടുക്കുന്ന നിലപാടുകളും, ഏതൊരു മനുഷ്യനോടും നമ്മള്‍ പുലര്‍ത്തുന്ന നീതിയും ആ സൗമ്യതയുടെ അടയാളങ്ങളാണ്'


തന്നെപ്പോലെ തന്നെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ കഴിയുക എന്നുള്ളത് വചനം മാത്രമല്ല അതൊരു ജീവിത വിജയത്തിന്‍റെ രഹസ്യം കൂടിയാണ്. ഭൂമിയില്‍ മനുഷ്യനോളം ഭംഗിയുള്ള മറ്റൊരു ജീവിയും ഇല്ല. തനിക്ക് ചുറ്റുമുള്ള എല്ലാത്തിനെയും ചേര്‍ത്തുനിര്‍ത്തുക എന്നുള്ള ചില മനുഷ്യരുടെ ചിന്തകള്‍ കൊണ്ടാണ് പ്രകൃതി ഇന്ന് കാണുന്നതുപോലെ നിലനില്‍ക്കുന്നത്. അത്തരത്തില്‍ നമുക്ക് അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു വ്യക്തിയാണ് ഡോ. മാത്യു വര്‍ഗീസ്.
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ജോയിന്‍റ് ട്രഷറര്‍. സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ ഫൊക്കാനക്കൊപ്പം അടിയുറച്ച പ്രവര്‍ത്തകനായി നിലയുറപ്പിച്ച വ്യക്തിത്വം. ഔദ്യോഗിക ജീവിതത്തിലും, സംഘടനാ രംഗത്തും സൗമ്യതയുടെ പര്യായമാണ് അദ്ദേഹം. സകല സര്‍വ്വ ചരാചരങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരാളുടെ ജീവിതത്തിലൂടെയുള്ള ഒരു ചെറുയാത്ര. രാജന്‍ എന്നപേരിലാണ് ബന്ധുമിത്രാദികള്‍ക്കിടയില്‍ ഡോ. മാത്യു വര്‍ഗീസ് അറിയപ്പെടുന്നത്.

മണ്ണിനെ സ്നേഹിച്ച മനുഷ്യന്‍റെ മകന്‍
പത്തനംതിട്ട ജില്ലയില്‍ അയിരൂരിലാണ് ഡോ. മാത്യു വര്‍ഗീസ് ജനിക്കുന്നത്. ഓരോ ജനനത്തിനും ഓരോ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തെ ഹൃദയത്തില്‍ ഏറ്റിക്കൊണ്ടാണ് അദ്ദേഹം വളര്‍ന്നത്. 1975 മമ. മാതാപിതാക്കള്‍  ഭൂമിയെ സ്നേഹിച്ചു കൊണ്ട് കൃഷിയിലൂടെ ജീവിച്ച മനുഷ്യര്‍ ആയതുകൊണ്ട് തന്നെ മാത്യു വര്‍ഗീസിനും മണ്ണിനോട് ഒരു വല്ലാത്ത അടുപ്പം ഉണ്ടായിരുന്നു.
അയിരൂര്‍ തേക്കുങ്കല്‍ എം.റ്റി.എല്‍.പി. സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠനം പൂര്‍ത്തിയാക്കിയ മാത്യു, അഞ്ചു മുതല്‍ പത്താം ക്ലാസ് വരെ മതാപ്പാറ എം.റ്റി.എച്ച്.എസ് സ്കൂളിലായിരുന്നു. കോഴഞ്ചേരി സെന്‍റ് തോമസ് കോളേജില്‍ പ്രീഡിഗ്രി സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠനം തുടരുമ്പോള്‍ തന്നെ, തന്‍റെ ജീവിതംകൊണ്ട് വരാനിരിക്കുന്ന തലമുറകള്‍ക്ക് ഒരു മാതൃകയുണ്ടാക്കണമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. വിദ്യാഭ്യാസം ജീവിതത്തിന്‍റെ തലങ്ങളെ ഉയര്‍ത്തുന്നതെന്ന് മനസ്സിലാക്കിയ കുടുംബം മാത്യു വര്‍ഗീസിന്‍റെ പഠനത്തിന് വേണ്ട വെള്ളവും മണ്ണും ഒരുക്കി കൊടുക്കുകയും ചെയ്തു.
1970-1974 വര്‍ഷത്തില്‍ തൃശൂര്‍ മണ്ണുത്തി വെറ്റിനറി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ അധ്യാപകരും സുഹൃത്തുക്കളുമെല്ലാം മാത്യു വര്‍ഗീസിന്‍റെ ഉയര്‍ച്ചയെ മുന്‍കൂട്ടി കണ്ടിരുന്നു. അന്ന് വെറ്റിനറി ഫീല്‍ഡില്‍ തൊഴിലില്ലായ്മയുടെ കാലമായിരുന്നു. ഇന്നത്തേത് പോലെ അന്ന് അധികമാരും മൃഗങ്ങളെ വളര്‍ത്തുന്നുണ്ടായിരുന്നില്ല. വളര്‍ത്തുന്ന മനുഷ്യര്‍ തന്നെ മൃഗങ്ങളെ ചികിത്സിക്കാനും മറ്റും മുതിര്‍ന്നതുമില്ല. വലിയ സാധ്യതകള്‍ ഇല്ലാതിരുന്ന ജോലി. എങ്കിലും പി.എസ്.സി. എഴുതി ജോലികിട്ടി. കാസര്‍ഗോഡ് നീലേശ്വരത്ത് കല്ലിച്ചാനടുക്കം എന്ന സ്ഥലത്ത് 6 മാസം ജോലി. ഡോ. മാത്യു വര്‍ഗീസ് തന്‍റെ ജീവിതം ആരംഭിക്കുമ്പോഴേക്കും ജീവിതത്തിന്‍റെ പുതിയ നിയോഗത്തിലേക്ക് നടന്നടുക്കുകയായിരുന്നു അദ്ദേഹം.

അന്നമ്മയും അമേരിക്കയിലേക്കുള്ള പറിച്ചുനടലും
നീലേശ്വരത്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കൂറ്റംപാറ (പുറമറ്റം) കവുങ്ങുംപ്രയാര്‍ വര്‍ഗീസിന്‍റേയും, മറിയാമ്മയുടേയും മകള്‍ അന്നമ്മ, മാത്യു വര്‍ഗീസിന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതൊരു മനോഹരമായ കാലഘട്ടം ആയിരുന്നു. അതുവരെ തനിക്കുവേണ്ടിയും തന്‍റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും  വേണ്ടിയും ജീവിച്ച ഡോ. മാത്യു വര്‍ഗീസ് ജീവിത സ്വപ്നങ്ങളെ മറ്റൊരാളുമായി  പങ്കുവെക്കാന്‍ തുടങ്ങി. അമേരിക്കയില്‍ നേഴ്സ് ആയിരുന്നു അന്നമ്മ. 1977-ലാണ് ഡോ. മാത്യു വര്‍ഗീസ് അന്നമ്മയ്ക്കൊപ്പം അമേരിക്കയിലേക്ക് എത്തുന്നത്. അലബാമയിലായിരുന്നു ആദ്യ താമസം. തുടര്‍ന്ന് 1979-ല്‍ ന്യൂയോര്‍ക്കിലേക്ക് മാറിയ അദ്ദേഹം വെറ്റിനറി വിഭാഗത്തിന് ലഭിക്കാനിടയുള്ള നിരവധി സാധ്യതകളെക്കുറിച്ച് അപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരുന്നു. നിരവധി ടെസ്റ്റുകള്‍ എഴുതി മുന്‍പിലുള്ള സാധ്യതകളെല്ലാം കീഴ്പ്പെടുത്തുവാന്‍  അദ്ദേഹം തീരുമാനിച്ചു.


 നേടിയ വിദ്യാഭ്യാസം അദ്ദേഹത്തെ ഒരിക്കലും മാറ്റി നിര്‍ത്തിയില്ല. എഴുതിയ പരീക്ഷകളില്‍ എല്ലാം വിജയിക്കുകയും, അതുവഴി മിസ്സിസിപ്പിയില്‍ ഇന്‍റേണ്‍ഷിപ്പിന് പോകാന്‍ അവസരവും ലഭിച്ചു. ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പിന് ശേഷം തിരികെയെത്തി ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു വര്‍ഷം ജോലിചെയ്തു. തുടര്‍ന്ന് ഡോ. മാത്യു  വര്‍ഗീസിന് 1985-ല്‍ ഡിട്രോയിറ്റിലേക്ക് മാറേണ്ടി വന്നു. തുടര്‍ന്നാണ് യു.എസ്. ഗവണ്‍മെന്‍റില്‍ വെറ്റിനറി ഡോക്ടര്‍ ആയി അദ്ദേഹത്തിന് ജോലി ലഭിക്കുന്നത്.
കേരളത്തേക്കാള്‍ വെറ്റിനറി മെഡിക്കല്‍ രംഗത്ത് എന്തുകൊണ്ടും സാധ്യതയുള്ള രാജ്യമാണ് അമേരിക്ക. വളര്‍ത്തുമൃഗങ്ങളെ മക്കളെപ്പോലെ കണക്കാക്കുന്ന രാജ്യത്തിന്‍റെ നീതിയില്‍ ഡോ. മാത്യു വര്‍ഗീസ് എപ്പോഴും സന്തുഷ്ടവാനായിരുന്നു. അതുകൊണ്ട് തന്നെ 15 വര്‍ഷത്തോളം അദ്ദേഹം മിഷിഗണില്‍ ജോലി ചെയ്തു. എന്നാല്‍ അതിനിടയില്‍ കിട്ടിയ ട്രാന്‍സ്ഫര്‍ ദൂരക്കൂടുതല്‍ കാരണം അദ്ദേഹം ഒഴിവാക്കുകയും കുറച്ചു നാളുകള്‍ക്കു ശേഷം ജോലി രാജിവെച്ച് സ്വന്തമായി ഒരു വെറ്റിനറി ക്ലിനിക് ആരംഭിക്കുകയും ചെയ്തു.

വളര്‍ത്തുമൃഗങ്ങളുടെ സ്നേഹത്തിന് വേര്‍തിരിവില്ല
വളര്‍ത്തുമൃഗങ്ങളുടെ സ്നേഹത്തിന് ഒരിക്കലും വേര്‍തിരിവ് ഉണ്ടായിരുന്നില്ല. അവിടെ ജാതിയോ മതമോ ഒന്നും ഒരു പ്രശ്നമായിരുന്നില്ല, നിറമോ മണമോ ഒന്നും ആരെയും വിലയിരുത്തിയതും ഇല്ല. അതായിരിക്കാം വെറ്റിനറി ക്ലിനിക്ക് എന്ന ആശയത്തിലേക്ക് ഡോ. മാത്യു വര്‍ഗീസിനെ നയിച്ച പ്രധാന കാരണം. ആദ്യം ഒരു വാടക കെട്ടിടത്തില്‍ ആയിരുന്നു ഡോ. മാത്യു വര്‍ഗീസിന്‍റെ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് മിഷിഗണില്‍തന്നെ വെസ്റ്റ് ലാന്‍ഡില്‍ ഒരു ബില്‍ഡിംഗ് വാങ്ങുകയും ചെയ്തു. അത് ഒരു ക്ലിനിക്കായി കണ്‍വേര്‍ട്ട് ചെയ്ത് വിപുലമായി തുടങ്ങുകയും ചെയ്തു. 23 വര്‍ഷമായി ഇപ്പോഴും ആ ക്ലിനിക്ക് നന്നായി പോകുന്നു. അമേരിക്കന്‍ കുടുംബങ്ങളുടെ വളര്‍ത്തുമൃഗങ്ങളോടുള്ള താല്പര്യം വ്യത്യസ്തമാണെന്ന് നീണ്ട പരിചയ ത്തിലൂടെ ഡോ. മാത്യു വര്‍ഗീസ് പഠിച്ചു. നല്ലൊരു വെറ്റിനറി ക്ലിനിക്കായി അദ്ദേഹം തന്‍റെ സ്ഥാപനത്തെ വളര്‍ത്തിഎടുത്തു എന്നത് മലയാളി  സമൂഹത്തിനുകൂടി അഭിമാനമാണ്.
ഇവിടെ വെറ്റിനറി ഫീല്‍ഡില്‍ ആളെ കിട്ടാനില്ല എന്നതാണ് സത്യമെന്ന് ഡോ. മാത്യു വര്‍ഗീസ് അഭിപ്രായപ്പെടുന്നു. രാവിലെ 10 മണി മുതല്‍ മൂന്ന് മണിവരെ ജോലി ചെയ്യുകയും അതിനിടയില്‍ പൊതുപ്രവര്‍ത്തനത്തിന് സമയം കണ്ടെത്താനും ഡോ. മാത്യു വര്‍ഗീസ് മറന്നില്ല. തനിക്കൊപ്പം തന്‍റെ ചുറ്റുമുള്ളവരും വളരുക എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം. ആ ചിന്ത തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയതും ഒരു നല്ല സാമൂഹ്യ പ്രവര്‍ത്തകനാക്കി  മാറ്റിയതും. ഏതൊരു മനുഷ്യന്‍റെയും നേട്ടത്തിന് പിന്നില്‍ ഒരു സൗമ്യമായ മുഖമുണ്ട് എന്ന് തെളിയിക്കുകയാണ് ഡോ. മാത്യു വര്‍ഗീസ് എന്ന വെറ്റിനറി ഡോക്ടര്‍.


വളര്‍ത്തുമൃഗങ്ങള്‍ പലപ്പോഴും നമ്മള്‍ മനുഷ്യരുടെ ജീവിതത്തിന്‍റെ ഒരു വലിയ ഭാഗമാകാറുണ്ട്. ദൈവത്തിനോട് സംസാരിക്കുന്നതുപോലെ നമുക്ക് വളര്‍ത്തുമൃഗങ്ങളോടും സംസാരിക്കാം. അവര്‍ ഒരിക്കലും നമ്മളെ കുറ്റപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യുകയില്ല. അനന്തമായ സ്നേഹത്തിന്‍റെ ഒരു വലിയ തുറമുഖം തന്നെ വളര്‍ത്തുമൃഗങ്ങള്‍ നമുക്കുമുന്നില്‍ സൃഷ്ടിക്കും. മനുഷ്യരെപ്പോലെ ഒന്നും പ്രതീക്ഷിച്ചിട്ടല്ല വളര്‍ത്തുമൃഗങ്ങള്‍ സ്നേഹിക്കുന്നത്. ആ സ്നേഹം അനന്തമാണെന്ന് ജീവിതത്തിലൂടെ ഡോ. മാത്യു വര്‍ഗീസ് മനസ്സിലാക്കിയിരുന്നു.


പൊതുപ്രവര്‍ത്തനത്തിന്‍റെ മാതൃകയായ വ്യക്തിത്വം
1997ല്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഡിട്രോയിറ്റിന്‍റെ സെക്രട്ടറി ആയി ഡോ. മാത്യു വര്‍ഗീസ്. തുടര്‍ന്ന് ഡിട്രോയിറ്റ് കേരളാ ക്ലബ്ബില്‍ കമ്മിറ്റിമെമ്പര്‍ ആയി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിയ്ക്കുകയും, തനിക്കൊപ്പം തന്‍റെ ചുറ്റുമുള്ളവരെ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സൗമ്യതയും, പെരുമാറ്റവും, പ്രവര്‍ത്തന ശൈലിയും 1998-ല്‍ ഡിട്രോയിറ്റ് കേരളാ ക്ലബ് പ്രസിഡന്‍റായി തിരഞ്ഞെടുക്കാന്‍ ഒരു പ്രധാന കാരണമായി.  ഡിട്രോയിറ്റ് കേരളാ ക്ലബിനൊപ്പം നിരവധി പ്രവര്‍ത്തങ്ങളുമായി അദ്ദേഹം സഞ്ചരിച്ചു.
നിറഞ്ഞ ജനസമ്മതിയും ആളുകളോട് ഇടപെടാനുള്ള മനസ്സും കാരണം 1999-ല്‍ ഡിട്രോയിറ്റ് എക്യുമിനിക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ഡോ. മാത്യു വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം  ഡിട്രോയിറ്റ് കേരളാ ക്ലബ് പ്രസിഡന്‍റായിരിക്കുമ്പോള്‍ റോച്ചസ്റ്റര്‍ ഫൊക്കാന കണ്‍വന്‍ഷനില്‍  പങ്കെടുത്തു. വളരെ കൃത്യമായി ആസൂത്രണം ചെയ്ത ഒരു കണ്‍വെന്‍ഷന്‍ ആയിരുന്നു അത്. അങ്ങനെയാണ് ഫൊക്കാനയിലേക്ക് തന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ ഡോ. മാത്യു വര്‍ഗീസിനു സാധിച്ചത്. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയിലേക്ക് തന്നെ കൊണ്ടുവന്നത് മുന്‍ ഫൊക്കാന പ്രസിഡന്‍റ് പോള്‍ കറുകപ്പിള്ളില്‍ ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. അതിനുശേഷം നടന്ന എല്ലാ ഫൊക്കാന കണ്‍വന്‍ഷനിലും ഡോ. മാത്യു വര്‍ഗീസ് പങ്കെടുത്തു. ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ ഒഴിച്ച് മറ്റെല്ലാത്തിനും ഡോ. മാത്യു വര്‍ഗീസിന്‍റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. ഫൊക്കാനയില്‍ വന്ന കാലം മുതല്‍ക്കെ അതിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു ഡോ. മാത്യു വര്‍ഗീസ്. ഇപ്പോള്‍ ഫൊക്കാന ജോയിന്‍റ് ട്രഷറര്‍. കഴിഞ്ഞ തവണ ജോയിന്‍റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.  ട്രസ്റ്റീ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫൊക്കാനയും പൊതുപ്രവര്‍ത്തനത്തിന്‍റെ വഴികളും
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ഒരു സംഘടനയാണ്  ഫൊക്കാന. ഇന്ന് ഡോ. ബാബു സ്റ്റീഫന്‍റെ നേതൃത്വത്തില്‍ ഫൊക്കാന നിരവധി ജനോപകാരപ്രദങ്ങളായ പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ സന്തോഷമുണ്ട്. ഫൊക്കാനയുടെ സ്പെല്ലിംഗ് ബി കോ - ഓര്‍ഡിനേറ്റര്‍ ആയി രണ്ട് വര്‍ഷം ഡോ. മാത്യു വര്‍ഗീസ്  പ്രവര്‍ത്തിച്ചു. അതിന്‍റെ തന്നെ റീജിയണല്‍ സ്പെല്ലിംഗ് ബി കോ- ഓര്‍ഡിനേറ്ററും അദ്ദേഹം തന്നെ ആയിരുന്നു. ഫൊക്കാനയുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞ ഡോ. മാത്യു വര്‍ഗീസ് 1999 മുതല്‍ ഫൊക്കാനയ്ക്കൊപ്പം അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ്. അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ നിലനിര്‍ത്താന്‍ ഫൊക്കാനക്കേ കഴിയു എന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിക്കുന്നു. സാഹിത്യം, സാംസ്കാരികം, ജീവകാരുണ്യം തുടങ്ങിയ  മേഖലയില്‍ ഫൊക്കാനയുടെ സ്വാധീനം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ എടുത്തു പറയേണ്ടതുണ്ടെന്ന് അദ്ദേഹം എപ്പോഴും ഓര്‍ക്കും. കേരളക്കര പോലെ തന്നെ അമേരിക്കന്‍ മണ്ണും ഫൊക്കാന മലയാളികളുടേതാക്കി മാറ്റി എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.


കേരളാ വെറ്റിനറി അസോസിയേഷന്‍ ഓഫ് 
വെറ്റിനറിയന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക

കേരളാ വെറ്റിനറി അസോസിയേഷന്‍ ഓഫ്  വെറ്റിനറിയന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക  എന്ന സംഘടന തുടങ്ങിയതോടെ കേരളാ വെറ്റിനറിയന്‍സിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഡോ. മാത്യു വര്‍ഗീസിനു കഴിഞ്ഞു. 2002- ല്‍ അതിന്‍റെ സ്ഥാപക പ്രസിഡന്‍റായി അദ്ദേഹം മാറി. ഇപ്പോള്‍ 500-ല്‍ അധികം മെമ്പര്‍മാര്‍ അതിലുണ്ട്. എല്ലാ വര്‍ഷവും മെയ്മാസം അമേരിക്കയില്‍ എവിടെയെങ്കിലും വെച്ച് അവര്‍ ഒത്തു ചേരും. ഈ വര്‍ഷം മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ ഫിലാഡല്‍ഫിയയില്‍ ആയിരുന്നു ഒത്തുചേരല്‍. അങ്ങനെ ഔദ്യോഗിക ജീവിതത്തിന്‍റെ നന്മകളോട് അടുത്തുനില്‍ക്കുവാനും അദ്ദേഹത്തിന് സാധിക്കുന്നു. മൃഗപരിപാലനത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്നതും ജോലിചെയ്യുന്നതും മാനസികമായ ഉല്ലാസം അദ്ദേഹത്തിന് നല്‍കുന്നു.


ജീവിതത്തിന്‍റെ കൈവഴികളിലെ സന്തോഷങ്ങളും സ്വപ്നങ്ങളും
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ആയിരുന്നു ഡോ. മാത്യു വര്‍ഗീസ്. 2019-ല്‍ മിഷിഗണില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ചാപ്റ്റര്‍ തുടങ്ങുകയും നീണ്ട വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ചാപ്റ്റര്‍ പ്രസിഡന്‍റായി മാറുകയും ചെയ്തു അദ്ദേഹം. സജീവ  കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഡോ. മാത്യു വര്‍ഗീസ് കേരളത്തിലും അമേരിക്കയിലും കോണ്‍ഗ്രസിന്‍റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നയാളാണ്. എപ്പോഴും ഇന്ത്യന്‍ ജനതയ്ക്ക് പ്രതീക്ഷയുള്ളത് കോണ്‍ഗ്രസിന്‍റെ ആശയങ്ങളില്‍ ആണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഡോ. മാത്യു വര്‍ഗീസ്. ഓരോ യാത്രകള്‍ക്കും മനുഷ്യനെ  ഒരുപാട് മാറ്റാന്‍ കഴിയും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അമേരിക്കയിലെ എല്ലായിടങ്ങളിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. അമേരിക്കയ്ക്ക് പുറമെ കോസ്റ്ററിക്ക, ഇംഗ്ലണ്ട്, സ്വീഡന്‍, ഫ്രാന്‍സ്, ഇറ്റലി, പാരീസ്, സ്പെയിന്‍, ഇസ്രായേല്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഒക്ടോബറില്‍ ടര്‍ക്കി, ഗ്രീസ് രണ്ടാഴ്ച യാത്രയുടെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഓരോ പ്രദേശത്തെയും സംസ്കാരവും ജീവിതവും എല്ലാം ഡോ. മാത്യു വര്‍ഗീസ് കണ്ടറിയാറുണ്ട്. വെറ്റിനറി കോളേജില്‍ പഠിക്കുമ്പോള്‍ അത്ലറ്റിക്സില്‍ വലിയ താല്പര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത്ലറ്റിക്സില്‍ ഇന്‍റര്‍ യൂണിവേഴ്സിറ്റി ലെവലില്‍ പ്രതിനിധീകരിക്കുവാന്‍ അവസരം ലഭിച്ചു. കോളേജ് വോളിബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ആയിരുന്നു. ജീവിതത്തിന്‍റെയും പൊതുപ്രവര്‍ത്തനത്തിന്‍റെയും  തിരക്കുകള്‍ക്കിടയില്‍ കായിക ലോകത്തിന് തല്‍ക്കാലത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. എങ്കിലും ഇവയെല്ലാം കഴിഞ്ഞകാല ഓര്‍മ്മകളില്‍ ഏറ്റവും നല്ല മുഹൂര്‍ത്തമായി അദ്ദേഹം സൂക്ഷിക്കുന്നു.
സാമൂഹിക പ്രവര്‍ത്തനം, ജോലി, പള്ളി, ഫൊക്കാന തുടങ്ങി എല്ലായിടത്തും നിറസാന്നിധ്യമാണ് ഡോ. മാത്യു വര്‍ഗീസ്. വെറുതെയിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേ ഇരിക്കണം. വെറുതെയിരുന്നാല്‍ മനുഷ്യന് പെട്ടെന്ന് പ്രായമാകും എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഒന്നില്‍നിന്നും വിരമിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. സ്വന്തം ജോലിയും സ്വന്തം ഇടങ്ങളും ആയത് കൊണ്ട് തന്നെ വളരെ ആത്മാര്‍ത്ഥതയോടെയാണ് ഓരോ കാര്യങ്ങളും അദ്ദേഹം നിര്‍വ്വഹിക്കാറുള്ളത്.


നായയും, പൂച്ചയുമൊക്കെ കക്ഷികളായി  വരുമ്പോള്‍ അവരോടെല്ലാം മനുഷ്യരോട് എന്നപോലെ തന്നെയാണ് അദ്ദേഹം ഇടപെടാറുള്ളത്. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും തന്‍റെ കുടുംബം ഒപ്പമുള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന് എവിടെയും വലിയ ധൈര്യം ആണുള്ളത്. ഭാര്യ അന്നമ്മ അദ്ദേഹത്തിന്‍റെ എല്ലാ തീരുമാനങ്ങള്‍ക്കും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം തന്നെയുണ്ട്. കുടുംബത്തിന്‍റെ പിന്തുണ അദ്ദേഹത്തിന്‍റെ ജീവിതത്തെയും ലക്ഷ്യത്തെയും വളരെ വലുതാക്കിയിട്ടുണ്ട്. മകള്‍ ആന്‍ജി ശാമുവേല്‍ - മിഷിഗണ്‍  യൂണിവേഴ്സിറ്റിയില്‍ നിന്ന് ദന്തിസ്റ്റായി. ചിക്കാഗോയില്‍ ഗ്രാജുവേറ്റ് ചെയ്തു. പത്തുവയസുള്ള ഒരു മകന്‍ ഉണ്ട്. ഭര്‍ത്താവ് ടോം ശാമുവേല്‍ ചിക്കാഗോയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. എല്ലാവരും ഡോ. മാത്യു വര്‍ഗീസിനെ വളരെയധികം ബഹുമാനിക്കുകയും അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കുകയും ചെയ്യുന്നത് വലിയ ദൈവാനുഗ്രഹം ആയിട്ടാണ് അദ്ദേഹം കാണുന്നത്.
ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പലപ്പോഴും  മലയാളിക്ക് കഴിയാത്ത ഒരു കാലമാണിത്. പക്ഷെ ഡോ. മാത്യു വര്‍ഗീസ് തന്‍റെ ആദര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഔദ്യോഗിക ജീവിതവും സംഘടനാ പ്രവര്‍ത്തനങ്ങളും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുന്നു.
ജീവിതത്തിന്‍റെ പച്ചപരവതാനി വിരിച്ച പുല്‍മൈതാനങ്ങളില്‍ ഇപ്പോള്‍ ചുറ്റുമുള്ള മനുഷ്യരെയും മൃഗങ്ങളെയും സ്നേഹിച്ചുകൊണ്ട് അദ്ദേഹം നടന്നുകൊണ്ടിരിക്കുകയാണ്. മുന്‍പില്‍ ഒരു വലിയ വെളിച്ചമുണ്ട്. പ്രതീക്ഷയുടെ തിരിനാളമുണ്ട്.അദ്ദേഹത്തിന്‍റെ നന്മയുള്ള യാത്രയ്ക്ക് ആശംസകള്‍..

Related Posts