LITERATURE

പുഴ -കഥ

Blog Image

ഗംഗയും നൈലും ആമസോണും വോൾഗയുമെല്ലാം താഴോട്ടുമാത്രമേ ഒഴുകുകയുള്ളു. ഒരുനദിയും മുകളിലേയ്ക്ക് ഒഴുകുകയില്ല. ഒരു മഹാനദിയുടെ പാർശ്വതലത്തിൽ നില്ക്കുന്ന ഒരു പൈതലാണ് താനെന്ന് ചാക്കോരുമാസ്റ്റർക്ക് തോന്നി. അയാൾ ഇറങ്ങിനടന്നു.


1-“മമ്മീ ദേണ്ടൊരാൾ മുറ്റത്ത് വന്നു നില്ക്കുന്നു. ഭിക്ഷക്കാരനല്ലെന്ന് തോന്നുന്നു. വല്ല പിരിവുകാരും ആയിരിക്കാം.” ഹിഡി എന്ന കൌമാരക്കാരി ഓടിച്ചെന്ന് അവളുടെ അമ്മയോട് പറഞ്ഞു.
“ഹല്ല, ഇതാര്? അങ്കിളോ? ഹിഡിമോളെ, ഇത് ഭിക്ഷക്കാരനും പിരിവുകാരനും ഒന്നുമല്ല. നിന്റെ ഡാഡിയുടെ കൊച്ചച്ഛനാ. ഹിഡിമോളെ നീ കേട്ടിട്ടില്ലേ ചാക്കോരുമാസ്റ്റർ അങ്കിൾ എന്ന്?” 
വീടിന്റെ മുറ്റത്തേയ്ക്ക് ഇറങ്ങിവന്ന സ്ത്രീ അത്ഭുതം കലർന്ന മിഴികളോടെ പ്രതിവചിച്ചു.
“ഇല്ല, ഞാൻ കേട്ടിട്ടില്ല. നിങ്ങളാരും പറഞ്ഞിട്ടുമില്ല.” കൌമാരക്കാരിയുടെ ധിക്കാരം കലർന്ന മറുപടി.
ജ്യേഷ്ഠന്റെ പേരക്കുട്ടിയാണ് ഹിഡി. അവളെ ആദ്യമായിട്ടാണ് കാണുന്നത്. വാത്സല്യത്തോടെ ഹിഡിയുടെ മുഖത്തയ്ക്ക് നോക്കി പുഞ്ചിരിച്ചു. പക്ഷേ അവൾ സ്നേഹഭാവം കാണിച്ചില്ല. അവൾ കുഞ്ഞല്ലേ? പോരെങ്കിൽ കുവൈത്തിൽ ജനിച്ചുവളർന്ന കുട്ടിയുമാണ്. അപ്പോൾ മലയാളിക്കുട്ടികളുടെ ശീലങ്ങളും ഭാവങ്ങളും കുറവായിരിക്കും.
“അച്ഛൻ പറമ്പിലാ. എപ്പോഴും കൃഷിയും മറ്റുമായി നടക്കുകയാ. വിളിക്കാം.” ഹിഡിയുടെ അമ്മ പറഞ്ഞു. ജ്യേഷ്ഠന്റെ മരുമകളാണവൾ. പ്രൌഢയായ ഗൃഹനായിക.
“വേണ്ടാ. ഞാൻ അങ്ങോട്ടുചെന്ന് ജ്യേഷ്ഠനെ കണ്ടുകൊള്ളാം.” ചാക്കോരുമാസ്റ്റർ പറഞ്ഞു. 
ജനിച്ചുവളർന്ന വീടാണ്. കളിച്ചുനടന്ന പുരയിടമാണ്. 
“ഈ വളപ്പിലെ മണൽത്തരികൾക്ക് പോലും എന്നെ അറിയാം.”
ചാക്കോരുമാസ്റ്റർ മനസ്സിൽ പറഞ്ഞു.
“നീ അമേരിക്കയിൽ നിന്നും വന്നുവെന്നറിഞ്ഞു. അങ്ങോട്ടൊന്നിറങ്ങാൻ തരപ്പെട്ടില്ല.”
കുര്യാച്ചൻ കുശലം പറഞ്ഞു. ചാക്കോരുമാസ്റ്ററുടെ ജ്യേഷ്ഠനാണ് കുര്യാച്ചൻ 
“എഴുപത് കഴിഞ്ഞിട്ടും ഈ തൂമ്പാപ്പണി നിറുത്തിവയ്ക്കാൻ സമയമായില്ലേ?”
ചാക്കോരുമാസ്റ്റർ ജ്യേഷ്ഠനോട് ചോദിച്ചു.
“എന്റെ ജീവിതം അവസാനിക്കണം,ഈ തൂമ്പാപ്പണി ഉപേക്ഷിക്കാൻ.”
കുര്യാച്ചൻ പറഞ്ഞു.
“നമ്മുടെ പിതാക്കന്മാരെല്ലാം കർഷകരായിരുന്നുവെന്ന് നിനക്കറിയാമല്ലോ. അതിന് ഒരപവാദം നീ മാത്രമാണ്. നീ പഠിക്കാൻ മിടുക്ക് കാണിച്ചതുകൊണ്ട് കാളേജിൽ പോയി. പിന്നീട് അവിടെത്തന്നെ വാദ്ധ്യാരുമായി. പക്ഷേ കൃഷിയാണ് ഏറ്റവും ഉന്നതമായ തൊഴിൽ. നിർഭാഗ്യവശാൽ ആരും അത് അംഗീകരിക്കുന്നില്ല.”
ചാക്കോരുമാസ്റ്റർ ജ്യേഷ്ഠനോട് സംവദിക്കാൻ പോയില്ല. അയാൾ ചോദിച്ചു.
“എങ്ങനുണ്ട് കൃഷികാര്യങ്ങളൊക്കെ?”
“കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ? നെൽകൃഷി പൂർണ്ണമായി നശിച്ചു. നെല്പാടങ്ങൾ ആമ്പൽ കുളങ്ങളായി. കൃഷിചെയ്യാൻ ആളില്ല. രണ്ട് വെണ്ടയും കോവലും പാവലുമെല്ലാം വച്ചുപിടിപ്പക്കാൻ നോക്കുവാ. വിഷം തളിച്ച പച്ചക്കറികളാണ് കടയിൽനിന്നും വാങ്ങാൻ കിട്ടുന്നത്. കറിവേപ്പിലയിൽ പോലും വിഷമാണ്. ഞാൻ വെറുതെ അദ്ധ്വാനിക്കാമെന്നേയുള്ളു. ഇവിടെ വളർത്തുന്നതൊന്നും മക്കൾക്കും കൊച്ചുമക്കൾക്കും ഇഷ്ടമല്ല. അവർക്കെല്ലാം ഫാസ്റ്റ് ഫുഡ് ആണിഷ്ടം. എന്തൊക്കെയാണ് കിട്ടുന്നത്? കെന്റക്കി ഫ്രൈഡ് ചിക്കൻ, ഫ്ലോറിഡാ സ്റ്റൈലിലുള്ള ഫ്രഞ്ച് ഫ്രൈ, പിന്നെ എന്തൊക്കെയാണ് വാങ്ങിച്ചു തിന്നുന്നത്? പറമ്പിൽ വളർത്തുന്ന കോവയ്ക്കായും പാവയ്ക്കായുമൊന്നും ആർക്കും വേണ്ട.”
“അതാണ് അച്ചായാ, ആഗോളവത്ക്കരണം.”
“എന്ത് പേരിട്ടാലും നാട് കുട്ടിച്ചോറായി. അതുകൊണ്ടെന്താ? കൊച്ചു കുട്ടികൾക്ക് പോലും ഡയബറ്റിസ്, ബ്ലഡ് പ്രഷർ.
നമ്മുടെ ചെറുപ്പത്തിൽ ഇങ്ങനെ വല്ലതും കേട്ടിട്ടുണ്ടോ?
ഇന്നാളിലൊരുദിവസം ഹെർക്ക് ക്ലാസ്സിൽ മയങ്ങിവീണു. ആശുപത്രിയിൽ കൊണ്ടുപോയി. ബ്ലഡ് പ്രഷർ കൂടുതലാണ് പോലും. പതിനഞ്ചുകാരന് ഹൈ ബ്ലഡ് പ്രഷറും ഡയബറ്റിസും.”
കുര്യാച്ചൻ വിലപിച്ചു. ഹെർക്ക് അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്. അദ്ദേഹം തുടർന്നു.
“നമ്മുടെ കുടുംബത്തിൽ നീയാണ് ആദ്യം എം. എ. ബിരുദം നേടുന്നത്. അന്ന് അച്ഛനും അമ്മയും ഞാനും മറിയാമ്മയും വീടടക്കം ആഹ്ലാദിച്ചു. പക്ഷേ നിനക്ക് കിട്ടിയ വിദ്യാഭ്യാസം ശാപമായിത്തീർന്നു, അല്ലേ?”
“അച്ചായൻ എന്താണിപ്പറയുന്നത്? എനിക്ക് ലഭിച്ച വിദ്യാഭ്യാസം എങ്ങനെയാണ് ശാപമായത്?” ചാക്കോരുമാസ്റ്റർ ചോദിച്ചു.
“ആ വിദ്യാഭ്യാസമല്ലേ നിന്നെ ഏഴാം കടലിനക്കരെ എത്തിച്ചത്? ഇപ്പോൾ നീ കാടാറുമാസം നാടാറുമാസം എന്ന മട്ടിൽ ഉഴലുകയല്ലേ?”
ചാക്കോരുമാസ്റ്റർ ഒന്നും പറഞ്ഞില്ല. അദ്ദേഹം പരദേശത്ത് പോകുന്നതിന് ജ്യേഷ്ഠൻ എതിരായിരുന്നു. അയാൾ തുടർന്നു.
“ദൈവം കയീനെ ശപിച്ചത് നിനക്ക് ഓർമ്മയുണ്ടോ? ഇംഗ്ലീഷിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.
‘You will be a fugitive and vagabond. 
അതായത് നീ ഭൂമിയിൽ ഉഴലുന്നവൻ ആകും.’”
ചാക്കോരുമാസ്റ്റർ മൌനം ഭജിച്ചു. ഉഴൽച്ചയുടെ വേദനകൾ അയാളെ കാർന്നുതിന്നുന്നതുപോലെ തോന്നി. അനേക നാളുകൾക്ക് ശേഷം ജ്യേഷ്ഠാനുജന്മാർ. കണ്ടുമുട്ടിയതാണ്. ജ്യേഷ്ഠൻ വാചാലനായി.
“നീ മിടുക്കനായതുകൊണ്ട് പി. എച്ച്ഡിക്ക് പഠിക്കാനെന്ന ഭാവത്തിൽ പരദേശത്ത് പോയി. കൂടിയാൽ മൂന്നുകൊല്ലം. അത് കഴിഞ്ഞ് തിരിച്ചെത്തുമെന്നായിരുന്നു നിന്റെ വാക്ക്. ഞങ്ങളെല്ലാം അത് വിശ്വസിച്ചു. പരദേശത്ത് പുതിയ മേച്ചിൽപുറങ്ങൾ നീ കണ്ടെത്തി. നമ്മുടെ അച്ഛനും അമ്മയ്ക്കും നീയായിരുന്നു പൊന്നുമോൻ. അമ്മയുടെ അന്ത്യനിമിഷങ്ങളിലും ഒരു കണ്ണ് പടിപ്പുരയിലേയ്ക്കായിരുന്നു. അമ്മ പറഞ്ഞു.
‘അവൻ വരും, വരാതിരിക്കില്ല. എന്റെ പൊന്നുമോൻ വരും.’
എന്നാൽ പൊന്നുമോൻ വന്നില്ല. നമ്മുടെ അപ്പൻ പറയുമായിരുന്നു.
‘പരദേശത്ത് പോയ മകനും അന്യന്റെ കൈയിൽ പോയ മുതലും ഒരു പോലാ. ഉണ്ടെന്ന് പറയാം, അത്രമാത്രം.’
നമ്മുടെ പൂർവ്വികർ അദ്ധ്വാനശീലരായിരുന്നു. അവർ സത്യസന്ധരായിരുന്നു, ലളിതജീവിതം നയിച്ചവരായിരുന്നു. അവർ പ്രകൃതിയെ സനേഹിച്ചു. അവർ പാഴ്നിലങ്ങളെ പൊൻനിലങ്ങളാക്കി. താഴ്വരകൾ പൊൻമണികൾ വിളയുന്ന പാടങ്ങളാക്കി. തലച്ചിറകളും ജലസ്രോതസ്സുകളും അവർ നിർമ്മിച്ചു. സമീകൃതമായ വികസനവും വളർച്ചയുമായിരുന്നു അവരുടെ ലക്ഷ്യം.
ജ്യേഷ്ഠൻ പ്രസംഗം തുടർന്നപ്പോൾ വിഷയം അല്പം മാറ്റുന്നതാണ് ഭംഗിയെന്ന് ചാക്കോരു മാസ്റ്റർക്ക് തോന്നി. അയാൾ ചോദിച്ചു.
“അച്ചായാ, നമ്മുടെ ഗ്രാമത്തിൽ ഉരൽക്കുത്തുപാറ എന്നറിയപ്പെട്ടിരുന്ന ഒരു ഇരട്ടപ്പാറ ഉണ്ടായിരുന്നല്ലോ. ദൂരെനിന്ന് നോക്കുമ്പോൾ ഒരു മുതല വായ്പിളർന്നതുപോലെ ആയിരുന്നു അതിന്റെ ആകൃതി. വന്ന വഴി ഞാൻ നോക്കി. ആ പാറ കണ്ടില്ല.”
“അതിലെ വലിയ പാറയിൽ ആഴത്തിൽ കൊത്തിയ ഉരലടയാളങ്ങൾ നിനക്കോർമ്മയുണ്ടോ?”
“കൊള്ളാം. ഉണ്ടോയെന്ന്. നമ്മുടെ മുത്തശ്ശി എത്രയെത്ര കഥകളാണ് ആ ഉരലടയാളങ്ങളെപ്പറ്റി പറഞ്ഞുതന്നിട്ടുള്ളത്. ഗന്ധർവ്വന്മാർ വന്ന് പാറ മറിച്ചിട്ട് ഉരലുകൾ കൊത്തിയുണ്ടാക്കിയകഥ; അപ്സരസ്സുകൾ വന്ന് നെല്ല് കുത്തിയ കഥ. ആ ഐതിഹ്യകഥകൾ കേട്ടാണ് നമ്മൾ ഉറങ്ങിയിരുന്നത്.” 
ചാക്കോരുമാസ്റ്റർ തേനൂറുന്ന ബാല്യകാലസ്മരണകൾ അയവിറക്കി.
“ചരിത്രാതീതകാലത്തെ മനുഷ്ന്റെ ശില്പകല ആയിരുന്നു ആ ഉരൽക്കുത്തുകൾ. ഏതോ ശിലായുഗമനുഷ്ന്റെ നിർമ്മാണചാതുരി. ആ ശിലായുഗ്മങ്ങൾ അപ്രത്യക്ഷമായി. അത് സംരക്ഷിക്കപ്പെടേണ്ടതായിരുന്നു, അടുത്ത തലമുറയ്ക്കുവേണ്ടി. എന്നാൽ അതും നശിപ്പിക്കപ്പെട്ടു.”
“അത് കഷ്ടമായിപ്പോയി.” ചാക്കോരുമാസ്റ്റർ പതം പറഞ്ഞു.

“നെൽവയലുകൾ പാഴ്നിലങ്ങളായി. തെരുവുകളും മൈതാനങ്ങളും ചണ്ടിക്കൂമ്പാരങ്ങൾകൊണ്ട് നിറഞ്ഞു. ശുദ്ധജലം അസുലഭ വസ്തുവായി. ഈ നശീകരണത്തിന് ദൃൿസാക്ഷിയാകേണ്ടി വന്നല്ലോ എന്ന ഖേദമാണെനിക്ക്.” 
“ആകട്ടെ, നീ എത്രനാൾ നാട്ടിലുണ്ടാവും?” 
“ആറുമാസം.”
“നന്നായി, വീട്ടിലോട്ടു പോകാം. പോകുന്ന വഴി കിട്ടന്റെ തട്ടുകടയിൽ നിന്ന് രണ്ട് ചായയും വാങ്ങാം നിനക്ക് പണ്ടേ കട്ടൻ ചായ ഇഷ്ടമായിരുന്നല്ലോ. ആ ശീലമൊക്കെ ഇപ്പോഴുമുണ്ടോ?”
“വീട്ടിലോട്ട് പോകുമ്പം തട്ടുകടയിൽ നിന്ന് ചായ വാങ്ങുകയോ? വീട്ടിൽ ചായ കിട്ടുകയില്ലേ?” അറിയാതെ ചാക്കോരുമാസ്റ്റർ ചോദിച്ചുപോയി.
ജ്യേഷ്ഠൻ ഒരു നിമിഷം മൌനം പാലിച്ചു. പിന്നീട് പ്രതികരിച്ചു.
“കിട്ടന്റെ കടയിൽ ഫസ്റ്റ് ക്ലാസ്സ് ചായ കിട്ടും.” 
2.
കിട്ടന്റെ ചായക്കടയിലെ ചായ ആസ്വദിച്ചുകൊണ്ട് ജ്യേഷ്ഠൻ ചോദിച്ചു.
“നീ വന്നിട്ട് നമ്മുടെ ഷേക്കിനെ പോയിക്കണ്ടോ?”
“ഇല്ല, പോകണം.” ചാക്കോരുമാസ്റ്റർ പറഞ്ഞു.
“അയാളുടെ കാര്യം കഷ്ടമാ. തിരുവല്ലായിലെവിടെയോ ഒരു വൃദ്ധസദനത്തിലാണ്.”
ചാക്കോരുമാസ്റ്ററുടെയും കുര്യാച്ചന്റെയും ഇളയ സഹോദരി മറിയാമ്മയുടെ ഭർത്താവാണ് ഷേക്ക്. ഗൾഫിൽ ഏതോ രാജ്യത്ത് ശതകോടീശ്വരനായിരുന്നു. അവിടെ രാജ്യം ഭരിക്കുന്ന സുൽത്താന്റെ സ്വന്തം ആളായിരുന്നതുകൊണ്ട് നാട്ടുകാർ അയാളെ ഷേക്ക് എന്ന് വിളിക്കാൻ തുടങ്ങി. മറിയാമ്മയുടെ മരണശേഷം ഏകപുത്രനോടൊപ്പമാണ് താമസിച്ചിരുന്നത്.
“എന്താണ് കഷ്ടം എന്ന് അച്ചായൻ പറഞ്ഞത്? ശതകോടീശ്വരനല്ലേ ഷേക്ക്?”
“എടാ പണം കൊണ്ട് സ്നേഹം വാങ്ങാൻ പറ്റുമോ? ഇന്നാളൊരു ദിവസം അയാൾ എന്നെ വിളിച്ചിരുന്നു. ഏകപുത്രൻ ഭവനത്തിൽ നിന്നും പുറത്താക്കി എന്നാ കേട്ടത്.”
“കഷ്ടം! കയറിച്ചെല്ലാൻ വേറൊരു സന്താനമില്ലല്ലോ.” ചാക്കോരുമാസ്റ്റർ പ്രതിവചിച്ചു. അത് ശ്രദ്ധിക്കാതെ ജ്യേഷ്ഠൻ തുടർന്നു.
“ഷേക്ക് എന്നോട് ഒരു നാലുതവണയെങ്കിലും ചോദിച്ചു.
‘അളിയാ, പണം കൊണ്ട് എന്തുപ്രയോജനം? പണത്തിന് എന്താണ് വില?’ ഞാനെന്ത് പറയാൻ?”
ജ്യേഷ്ഠൻ ഒരു നിമിഷത്തേക്ക് ചിന്താമഗ്നനായി. അയാൾ പറഞ്ഞുതുടങ്ങി.
“എടാ, ദൈവം തമ്പുരാൻ മനുഷ്യന് ഒരു വ്യവസ്ഥിതി വച്ചിട്ടുണ്ട്. അത് ലംഘിച്ചാൽ നാശമായിരിക്കും ഫലം.”
“അച്ചായൻ എന്താണ് ഉദ്ദേശിക്കുന്നത്?”
ജ്യേഷ്ഠൻ എന്തോ വേണ്ടതുപോലെ പറയുവാൻ കഴിയാതെ വിമ്മിഷ്ടപ്പെടുന്നതുപോലെ തോന്നി. 
“എടാ ഞാൻ നാടൻ കൃഷിക്കാരനാ. കാര്യങ്ങൾ വെട്ടിത്തുറന്നു പറയും. നിന്നെപ്പോലെയുള്ള പരിഷ്ക്കാരികൾക്ക് അതൊന്നും ഇഷ്ടപ്പെട്ടെന്ന് വരികയില്ല.”
“ജ്യേഷ്ഠൻ പറയൂ, മനസ്സിലുള്ളത്, അതെന്തായാലും.”
“ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ട് അവനൊരു കല്പന കൊടുത്തു.
‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി വാഴുവിൻ.’
മനുഷ്യൻ അത് മാറ്റി. 
‘നമ്മളൊന്ന്, നമ്മൾക്കൊന്ന്.’ എന്ന് രാഷ്ട്രീയക്കാരൻ പറഞ്ഞത് നമ്മുടെ പട്ടക്കാരും പാതിരിമാരും കുടുംബങ്ങളും ഏറ്റെടുത്തു.
‘Seed of extermination’. അങ്ങനെ ഒരു പ്രയോഗമുണ്ടല്ലോ. ആരാ പറഞ്ഞത്?”
“കാറൽ മാർക്സ്. പക്ഷേ അദ്ദേഹം അത് പറഞ്ഞത് വേറെ അർത്ഥത്തിലാണ്.” ചാക്കോരു മാസ്റ്റർ പൂരിപ്പിച്ചു.
“അതേ. അർത്ഥമൊക്കെ എനിക്കറിയാം. ഞാൻ രാഷ്ട്രീയമല്ല പറയുന്നത്.  വിനാശത്തിന്റെ വിത്തിനെക്കുറിച്ചാണ്. അത് സമൂഹത്തിൽ വീണു. നമ്മുടെ കുടുംബങ്ങളിലേയ്ക്ക് വ്യാപിച്ചു. എന്താ മൂലകാരണം?”
“എന്താണ് മൂലകാരണം?” ചാക്കോരുമാസ്റ്റർ ജ്യേഷ്ഠന്റെ ചോദ്യം ആവർത്തിച്ചു.
“സ്വാർത്ഥത. മനുഷ്യന്റെ സ്വാർത്ഥത ബന്ധങ്ങൾ നശിപ്പിച്ചു. കൂട്ടുകുടുബങ്ങൾ നശിച്ചു. ചാരി നില്ക്കാൻ തൂണുകൾ ഇല്ലാതായി. ഞാൻ ഹൈസ്ക്കൂളിൽ പഠിച്ച റഡ്യാർഡ് കിപ്ലിംഗിന്റെ ഒരു കവിതയുണ്ടല്ലോ. 
‘The strength of the wolf is in the pack,
The strength of the pack is in the wolf.’  അത് നമ്മൾ മറന്നു.”
“ഏതായാലും ഷേക്കിന്റെ പൊന്നുമോൻ അയാളോട് ചെയ്തത് വലിയ അപരാധമാണ്. എത്ര താലോലിച്ചാണ് ആ ചെറുക്കനെ ഷേക്ക് വളർത്തിയത്? അമ്പിളിയമ്മാമനെ പിടിച്ച് കൊടുക്കണമെന്ന് പൊന്നുമോൻ ശഠിച്ചാൽ അയാളത് ചെയ്തുകൊടുക്കുമായിരുന്നു. പണംകൊണ്ട് എന്തും വാങ്ങാമെന്ന് അയാൾ വിചാരിച്ചിരുന്നു, ഒരു കാലത്ത്.” ചാക്കോരുമാസ്റ്റർ അഭിപ്രായപ്പെട്ടു.
“ഈ ഒറ്റപ്പൂരാടന്മാരും ഇരട്ടപ്പൂരാടന്മാരുമായി വളരുന്ന കുട്ടികളുടെ കാര്യം നോക്ക്. തൊട്ടാവാടികളാണവർ. മാതാപിതാക്കളുടെ അമിതലാളനം അവരുടെ ആത്മവിശ്വാസം നശിപ്പിക്കുന്നു. പ്രതിസന്ധികളെ നേരിടുവാനുള്ള അവരുടെ കഴിവ് നഷ്ടപ്പെടുന്നു. ജീവിതത്തിൽ ജയാപജയങ്ങളുണ്ട്. ഏതായിരുന്നാലും അതിനോട് ആരോഗ്യകരമായി പ്രതികരിക്കേണ്ടുന്ന അഭ്യസനം വീട്ടിൽ നിന്നാണ് ലഭിക്കേണ്ടത്. സമൂഹത്തിൽ പ്രകടിപ്പിക്കേണ്ടുന്ന സഹോദരഭാവം നഷ്ടപ്പെട്ടു. കാരണം, ഭവനത്തിൽ സഹോദരങ്ങളില്ലല്ലോ, കൊണ്ടും കൊടുത്തും വളരാൻ. ആകട്ടെ, നീ പോകുന്നതിന് മുമ്പേ ഷെയ്ക്കിനെ ഒന്ന് സന്ദർശിക്കണം.”
“അച്ചായൻ പറഞ്ഞതുപോലെ ചെയ്യാം.”  ചാക്കോരുമാസ്റ്റർ സമ്മതിച്ചു. 
ജ്യേഷ്ഠനും അനുജനും വീട്ടിലേക്ക് നടന്നു.
3.
“നീ കണക്ക് വാദ്ധ്യാരാണല്ലോ. അപ്പോൾ ഈ കുട്ടികൾക്ക് അല്പം കണക്ക് പറഞ്ഞുകൊടുത്ത് കൂടേ? നിന്റെ ഉന്നതവിദ്യാഭ്യാസം കൊണ്ട് കുടുംബത്തിന് അത്രയും പ്രയോജനം ലഭിക്കട്ടെ.”
ജ്യേഷ്ഠന്റെ കുത്തുവാക്കുകൾ കേട്ട് ചാക്കോരുമാസ്റ്റർ പ്രതികരിച്ചില്ല. ആ വാക്കുകളിലെല്ലാം സത്യത്തിന്റെ അംശങ്ങൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന് അയാൾക്കറിയാം. മാത്രമല്ല, ദശാബ്ദങ്ങളിലെ പരദേശവാസം അദ്ദേഹത്തിന്റെ പ്രതികരണശേഷിയെ ബാധിച്ചിട്ടുമുണ്ട്.
“ഇവര് കമ്പ്യൂട്ടറിൽ കൂടി കണക്ക് പഠിക്കുന്ന കാര്യം ഇന്നലെ ഇവിടെ പറയുന്നത് കേട്ടു. ഒരു മാസത്തെ പഠിത്തത്തിന് അഞ്ച് ലക്ഷം രൂപാ ആകുമത്രേ. മാതാവേ, എല്ലായിടത്തും കച്ചവടമാ.” കുര്യാച്ചൻ പറഞ്ഞു.
ഏത് വിഷയം പഠിക്കുന്നതിനാണ് അഞ്ച് ലക്ഷം?” ചാക്കോരുമാസ്റ്റർ ആരാഞ്ഞു.
“ട്രിഗ്ണോമെട്രി.”
ജ്യേഷ്ഠന്റെ മരുമകൾ പറഞ്ഞു. അവൾ തുടർന്നു.
സൂസന്റെ മകളും ജോസച്ചായന്റെ മോൻ ആൻഡ്റൂവും ആ കോഴ്സ് പഠിച്ചാ മിടുക്കരായത്. അതുകണ്ടപ്പം ഹിൽഡായ്ക്കും ഒരു മോഹം. അവൾ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ്സാ, കണക്കൊഴികെ. ട്രിഗ്ണോമെട്രിയും കാൽക്കുലസും അവൾക്ക് അല്പം പ്രയാസമാ.”
“നീ ട്രിഗ്ണോമെട്രിയുടെ ഒരു പുസ്തകം എഴുതിയിട്ടില്ലേ? യൂണിവേഴ്സിറ്റി കാളേജിൽ കണക്ക് വാദ്ധ്യാരായിരുന്ന കാലത്ത്.” 
“ഉണ്ട്. ഇപ്പോൾ അതല്ലല്ലോ കാര്യം. ഹിഡിമോൾക്ക് കണക്ക് പഠിക്കണം. അത്രയല്ലേയുള്ളു. ഞാൻ പഠിപ്പിക്കാം ഇപ്പോൾ തന്നെ തുടങ്ങാം. അവളോട് വരാൻ പറയൂ.” ചാക്കോരുമാസ്റ്റർ പറഞ്ഞു. 
“അവൾക്ക് റെഡിയാവാൻ അല്പം സമയം കൂടി വേണം.” കുര്യാച്ചന്റെ മരുമകളും ഹിഡിയുടെ ‘മമ്മി’യുമായ വനിത പറഞ്ഞു.
“എന്തിന്?” കുര്യാച്ചൻ ചോദിച്ചു. പേരക്കുട്ടിയുടെ മേൽ തനിക്ക് എന്തോ അധികാരമുണ്ടെന്ന് പാവം വൃദ്ധൻ തെറ്റിദ്ധരിച്ചിട്ടുണ്ടാവും.
“അവൾ കെന്റക്കി ചിക്കൻ ഓർഡർ ചെയ്തിരിക്കുവാ. അത് വരട്ടെ.” കുര്യാച്ചന്റെ മരുമകൾ പറഞ്ഞു. 
“ഈ കിഴവനെന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത്?” മരുമകൾ ചോദിച്ചില്ല. പക്ഷേ, രണ്ട് വൃദ്ധന്മാരും അവളുടെ മുഖഭാവം വായിച്ചെടുത്തു.
കെന്റക്കി ചിക്കൻ കടിച്ചുകൊണ്ടുതന്നെ ഹിഡിമോൾ ട്രിഗ്ണോമെട്രി പഠിക്കാൻ തുടങ്ങി. ഒരു കൈയിൽ പൊരിച്ച ചിക്കൻകാലും മറുകൈയിൽ വളരെ വിലകൂടിയ പേനയും. ചാക്കോരുമാസ്റ്ററുടെ മനസ്സിൽ കോപവും താപവും നുരഞ്ഞുപൊങ്ങി. പക്ഷേ അതൊന്നും ‘ന്യൂജൻ’ കുട്ടികളോട് പ്രകടിപ്പിക്കാൻ പറ്റുകയില്ല.
ദോഷം പറയരുതല്ലോ. കുര്യാച്ചന്റെ മരുമകൾ ഒരു പാൽചായ കൊണ്ടുവന്ന് അമേരിക്കൻ അങ്കിളിനെ സല്ക്കരിക്കാൻ മറന്നില്ല.
“ജോസ്മോൻ എന്ന് വരും?”
ചാക്കോരുമാസ്റ്റർ ചോദിച്ചു. കുര്യാച്ചന്റെ മകനാണ് കുവൈത്തിൽ പണിയെടുക്കുന്ന ജോസ്മോൻ. 
“അടുത്തമാസം ഹിഡിമോളുടെ പരീക്ഷയാണെന്ന് കേട്ടു. അന്നത്തേയ്ക്ക് വരുമായിരിക്കാം. മോൾക്ക് പരീക്ഷവന്നാൽ വീട്ടിൽ അടിയന്തിരാവസ്ഥയാണ്. അപ്പനും അമ്മയും മോളും കൂടെയാണ് പരീക്ഷയ്ക്ക് പഠിക്കുന്നത്. ആ സമയത്ത് വീട്ടിൽ ആരും വരാൻ പാടില്ല, സംസാരിക്കുവാൻ പാടില്ല; അതൊക്കെയാണ് നിയമം. എനിക്ക് കിട്ടന്റെ തട്ടുകടയാണ് അപ്പോൾ ശരണം.”
ജ്യേഷ്ഠന്റെ അടക്കിപ്പിടിച്ച സംഭാഷണത്തിന് ചാക്കോരുമാസ്റ്റർ പ്രതികരിച്ചില്ല.
ദിനരാത്രങ്ങൾ കൊഴിഞ്ഞുവീണു. കെന്റക്കി ചിക്കനും കാലിഫോർണിയൻ ബർഗറും ഫ്ലോറിഡാ ഫ്രൈസും കൈയിൽ പിടിച്ചുകൊണ്ടുതന്നെ ഹിഡിമോളുടെ ഗണിതവിദ്യാഭ്യാസം തട്ടിയും മുട്ടിയും മുന്നോട്ടുപോയി. ഒരുദിവസം ജ്യേഷ്ഠന്റെ പേരക്കുട്ടിയോട് പറഞ്ഞു.
“മോളേ, ഈ ഫാസ്റ്റ്ഫുഡൊക്കെ ഇങ്ങനെ നിരന്തരം കഴിക്കാൻ പാടില്ല. ശരീരത്തിന് കേടാണ്.”
ഹിഡിമോൾക്ക് മുത്തച്ഛന്റെ അനുജന്റെ ഉപദേശം അരോചകമായി തോന്നി. 
“മുത്തച്ഛന്റെ അനുജൻ. അതൊരു ബന്ധമാണോ? അയാൾക്ക് തന്നെ ഉപദേശിക്കുവാൻ എന്താണ് അധികാരം?” ഹിഡിമോളുടെ മനസ്സിൽ വെറുപ്പിന്റെ വികാരം അണപൊട്ടിയൊഴുകി.
അവൾ മുഖം വീർപ്പിച്ചുകൊണ്ട് വീട്ടിനുള്ളിലേയ്ക്ക് പോയി. അല്പസമയം കഴിഞ്ഞ് അവളുടെ അമ്മ പ്രത്യക്ഷപ്പെട്ടു. അവർ പറഞ്ഞു.
“അങ്കിൾ ഇക്കാര്യത്തിലൊന്നും ഇടപെടേണ്ട. അവളുടെ ഡാഡി ഇന്നലെ കുവൈത്തിൽ നിന്നും പറഞ്ഞു.
‘അതിലൊന്നും കുഴപ്പമില്ല.’
കുവൈത്തിൽ വളർന്ന പിള്ളാരാ. പഴങ്കഞ്ഞി കുടിക്കാൻ പറ്റുമോ?”
ചാക്കോരുമാസ്റ്റർ പ്രതികരിച്ചില്ല. പക്ഷേ അന്ന് പാൽചായ ലഭിച്ചില്ല.
 
ഒരുദിവസം ജ്യേഷ്ഠന്റെ മരുമകൾ പറഞ്ഞു.
““അങ്കിളിനോട് ഒരു കാര്യം തുറന്ന് പറയുന്നതിൽ ക്ഷമിക്കണം.”
“എന്താണ്?”
“ഹിഡിമോൾക്ക് അങ്കിളിന്റെ ട്രിഗ്ണോമെട്രിയും കാൽക്കുലസും പിടിക്കുന്നില്ല.”
“അതെന്താ?”
“മാരാമൺ കൺവൻഷന് ശശി തരൂർ പറഞ്ഞത് അങ്കിൾ ശ്രദ്ധിച്ചോ?”
“ഇല്ല, എന്താണദ്ദേഹം പറഞ്ഞത്?”
“കുട്ടികൾ എന്ത് പഠിക്കുന്നുവെന്നതല്ല, എങ്ങനെ പഠിക്കുന്നുവെന്നതാണ് കൂടുതൽ പ്രധാനം. അവരെ ചിന്തിക്കുവാൻ പഠിപ്പിക്കേണം.”
ജ്ഞാനപീഠം കയറിയ ഒരു മഹാപണ്ഡിതന്റെ മുഖഭാവത്തോടെയാണ് അവർ അത് പറഞ്ഞത്. അവർ തുടർന്നു.
“അങ്കിൾ ഇനി അവളെ കണക്ക് പഠിപ്പിക്കാൻ മിനക്കെടേണ്ട. ഞങ്ങൾ കമ്പ്യൂട്ടർ ക്ലാസ്സ് ഓർഡർ ചെയ്തുകഴിഞ്ഞു. അഞ്ച് ലക്ഷമാകും. സാരമില്ല. ഞങ്ങൾ പണമുണ്ടാക്കുന്നത് ഞങ്ങളുടെ മക്കൾക്ക് വേണ്ടിയാണ്. സൂസന്റെ മോളും ആലീസിന്റെ മോനുമൊക്ക അങ്ങനെയാ പഠിക്കുന്നത്.”
അന്നും ചാക്കോരുമാസ്റ്റർക്ക് പാൽചായ ലഭിച്ചില്ല.
എവിടെയോ നോക്കിയിരുന്ന കുര്യാച്ചൻ ആരോടെന്നില്ലാതെ പറഞ്ഞു.
“പുഴ താഴേയ്ക്കാണ് ഒഴുകുന്നത്.”
ആദ്യമായി ഒരു മഹാപ്രപഞ്ചരഹസ്യം അനാവരണം ചെയ്യപ്പെട്ടതായി ചാക്കോരുമാസ്റ്റർക്ക് തോന്നി.
ഗംഗയും നൈലും ആമസോണും വോൾഗയുമെല്ലാം താഴോട്ടുമാത്രമേ ഒഴുകുകയുള്ളു. ഒരുനദിയും മുകളിലേയ്ക്ക് ഒഴുകുകയില്ല. ഒരു മഹാനദിയുടെ പാർശ്വതലത്തിൽ നില്ക്കുന്ന ഒരു പൈതലാണ് താനെന്ന് ചാക്കോരുമാസ്റ്റർക്ക് തോന്നി. അയാൾ ഇറങ്ങിനടന്നു.

സാംജീവ്

Related Posts