PRAVASI

കാലിഫോര്‍ണിയയില്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനം ഞായറാഴ്ച

Blog Image

കാലിഫോര്‍ണിയയില്‍ കാര്‍ മരത്തില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനം മെയ് 5 ഞായറാഴ്ച ഫ്രീമോണ്ട് ചാപ്പല്‍ ഓഫ് ദി റോസസില്‍ വച്ച് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ നടക്കും


സാന്‍ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയില്‍ കാര്‍ മരത്തില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനം മെയ് 5 ഞായറാഴ്ച ഫ്രീമോണ്ട് ചാപ്പല്‍ ഓഫ് ദി റോസസില്‍ വച്ച് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ നടക്കും. 
തരുണ്‍ ജോര്‍ജിന്റേയും ഭാര്യ റിന്‍സിയുടേയും മാതാപിതാക്കളും സഹോദരങ്ങളും ഇന്ന് യു.എസില്‍ എത്തിച്ചേരും. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച നടക്കും. സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജി തോമസ് പ്രാര്‍ത്ഥനകള്‍ നടത്തും. ഏപ്രില്‍ 24 ബുധനാഴ്ച രാത്രി 9 മണിയോടെ ആണ് അലമേഡ കൗണ്ടിയിലെ പ്ലസന്റണ്‍ നഗരത്തില്‍ വച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട കൊടുമണ്‍ ചെറുകര തരുണ്‍ ജോര്‍ജ് (42), ഭാര്യ റിന്‍സി (41), മക്കളായ റോവാന്‍ (13), അരോണ്‍ (8) എന്നിവര്‍ മരിച്ചത്. 
സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചശേഷം മരത്തില്‍ ഇടിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് ഇലക്ട്രിക് കാര്‍ കത്തിനശിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. എ.ഐ നെറ്റ് വര്‍ക്കിംഗ് കമ്പനിയായ അറുബയില്‍ ഉദ്യോഗസ്ഥനായിരുന്നു തരുണ്‍ ജോര്‍ജ്. ഞങ്ങളുടെ ചിന്തകള്‍ കുടുംബത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം- കമ്പനി തങ്ങളുടെ അനുശോചനം അറിയിച്ചു.എന്‍ജിനീയറിംഗ് ബിരുദധാരികളായിരുന്നു തരുണ്‍ ജോര്‍ജും, റിന്‍സിയും. അപരകടമുണ്ടായ ഓക്ക് മരത്തിനു സമീപം പൂക്കളും ഓര്‍മ്മക്കുറിപ്പുകളും കൊണ്ട് നിറഞ്ഞു. പ്ലസന്റണ്‍ നഗരത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളായിരുന്നു അരോണും റോവാനും, ഓക് മരത്തിനു സമീപത്തായി സഹപാഠികള്‍ കൈകൊണ്ട് എഴുതിയ പോസ്റ്ററുകള്‍ കാണാം. റോവന്‍ ' ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും കരുണയുള്ള കുട്ടിയായിരുന്നു നീ' ഒരു സഹപാഠി എഴുതി. 'ഞാന്‍ ഒരിക്കലും മറക്കില്ല നമ്മുടെ 4th ഗ്രേഡിലെ സൗഹൃദം- മറ്റൊരാള്‍.
'നീകൂടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു' മൂന്നാമത്തെ സഹപാഠി എഴുതി. 'ഈ ദുരന്തവാര്‍ത്ത സമൂഹത്തില്‍ ഉണ്ടാക്കിയ മുറിവ് വലുതാണ്. എങ്കിലും ജോര്‍ജ് ഫാമിലിയുടെ നല്ല ഓര്‍മ്മകള്‍ നിലനില്‍ക്കും' യു.എസ് കോണ്‍ഗ്രസ് അംഗം എറിക്ക് സ്യാള്‍വെല്‍ എക്‌സില്‍ കുറിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രമുഖ മലയാളി സംഘടനയായ മങ്കയുടെ പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പരിചയക്കാരും, സുഹൃത്തുക്കളും കുടുംബത്തിന് എല്ലാ സഹായവുമായി കൂടെയുണ്ട്. 


 

Related Posts