LITERATURE

ഹൃദയം പുതുക്കി വരയ്ക്കുന്ന വഴികൾ (പ്രിയപ്പെട്ട ഡൂ-3)

Blog Image

ഇരുളിന്റെ ഇടയ്ക്ക്, വെളിച്ചത്തിന്റെ ചെറിയ തുരുത്തുകൾ പോലെ വീടുകളുടെ വെളിച്ചം. ഓരോ വീടും സ്വയം പ്രകാശിക്കുന്ന, സ്വന്തം അച്ചുതണ്ടിൽ ചുറ്റിത്തിരിയുന്ന ഒരു ലോകമാണ്. സ്വന്തം സൂര്യനും, നക്ഷത്രങ്ങളും, ഭ്രമണപദവും, അന്തരീക്ഷവും, ആവാസ വ്യവസ്‌ഥയും ഒക്കെ ഉള്ള ഒരു ചെറിയ ലോകം. ആ ലോകത്തിൽ നിന്നാണ് നമ്മൾ ഈ വലിയ ലോകത്തിലേക്ക് ഇറങ്ങി വരുന്നത്.


പ്രിയപ്പെട്ട  ഡൂ,

ഓടി കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയിൽ, പതുക്കെ കറുത്തു യുവത്വം വരിക്കുന്ന രാത്രിയിലൂടെ സഞ്ചരിക്കുകയാണ് ഇത് എഴുതുമ്പോൾ. 

ഇരുളിന്റെ ഇടയ്ക്ക്, വെളിച്ചത്തിന്റെ ചെറിയ തുരുത്തുകൾ പോലെ വീടുകളുടെ വെളിച്ചം. ഓരോ വീടും സ്വയം പ്രകാശിക്കുന്ന, സ്വന്തം അച്ചുതണ്ടിൽ ചുറ്റിത്തിരിയുന്ന ഒരു ലോകമാണ്. സ്വന്തം സൂര്യനും, നക്ഷത്രങ്ങളും, ഭ്രമണപദവും, അന്തരീക്ഷവും, ആവാസ വ്യവസ്‌ഥയും ഒക്കെ ഉള്ള ഒരു ചെറിയ ലോകം. ആ ലോകത്തിൽ നിന്നാണ് നമ്മൾ ഈ വലിയ ലോകത്തിലേക്ക് ഇറങ്ങി വരുന്നത്. നമ്മുടെ വീടിന്റെ കുഞ്ഞ് ലോകം നമ്മളിൽ പതിപ്പിച്ച മുദ്രകളാണ്  വലിയ ലോകത്തിന് നമ്മളിലൂടെ കാണാൻ ആകുന്നത്. സ്വന്തം വീട് നമ്മുടെ ഉടലിലും, ഉയിരിലും ചാർത്തുന്ന വിരലൊപ്പുകൾ. 

കാണാനും, കേൾക്കാനും, ശ്വസിച്ചറിയാനും, സ്പർശിക്കാനും സാധിക്കുന്ന ഗോചരവും, സ്ഥൂലവും ആയ ഭാവമുണ്ട് നമ്മുടെ വീട് എന്ന വിചാരത്തിന്. എന്റെ കസേര, എന്റെ കിടക്ക, എന്റെ ഇടം എന്നൊക്കെ നമ്മൾ ചേർത്തു പിടിക്കുന്നത് വീടിന്റെ ആ രൂപമാണ്. കാൽമുട്ട്  ഇറങ്ങി കിടക്കുന്ന ഒരു വെളുത്ത ഷിമ്മിയിട്ട്, അമ്മയുടെ പഴയ സാരി കൊണ്ട് കവർ തുന്നിയിട്ട കുഞ്ഞി തലയിണയിൽ കൈ കുത്തി ഒരു പുസ്തകം വായിച്ചു കിടക്കുന്നത്, പാത്യം പുറത്ത് ഇരുന്ന് ചൂട് ചോറും, മോളോർത്ത പുളിയും, കണ്ണിമാങ്ങ ചതച്ചതും കൂട്ടി അത്താഴം കഴിക്കുന്നത്, ഇതൊക്കെ ആയിരുന്നു ഇരുപത് വയസ് വരെ, വിവാഹം വരെ, എന്റെ വീട്ടു ചിത്രങ്ങൾ . എം. ടി വാസുദേവൻ നായരുടെ ഒരു ചിത്രം എന്റെ പഠന മേശക്ക് മുന്നിൽ ഞാൻ ഒട്ടിച്ചു വച്ചിരുന്നു. ഒരു തടാകത്തിന് മുന്നിൽ ഒരു പച്ച ഷാൾ പുതച്ചു കൊണ്ട് അദ്ദേഹം നിൽക്കുന്ന ചിത്രമായിരുന്നു അത്. 'വനിത' മാസികയിൽ നിന്നാണ് ഞാൻ അത് വെട്ടി എടുത്തത്. വിവാഹത്തിന് തൊട്ട് മുൻപുള്ള കാലത്ത് ഏതോ മാഗസിന്റെ സെന്റർ സ്പ്രെഡ് ആയി വന്ന ലിയോയുടെ - ലിയാനാർഡോ ഡി കാപ്രിയോ - ഒരു ചിത്രം കൂടി അതിന് അടുത്ത് ഉണ്ടായിരുന്നു. തീ നിറമുള്ള ചുവപ്പ് ആയിരുന്നു ആ പോസ്റ്ററിലെ പ്രമുഖ നിറം. ജയിംസ് കാമറണിന്റെ "ടൈറ്റാനിക്ക്" ഇറങ്ങിയതിന് ശേഷം ലിയാനാർഡോയുടെ പ്രണയ കാന്തമുള്ള മിഴികൾ ഞങ്ങളുടെ തലമുറയെ ആവേശിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന വീട് പുതുക്കലിലും, പെയിന്റ് ചെയ്യലിലും ആ ചിത്രങ്ങൾ ഒക്കെയും പോയി - ഒരു പെൺകുട്ടിയിൽ നിന്ന് അവളുടെ സ്വന്തം ഇടം പോകുന്നതിന്റെ പോലെ....

വിവാഹത്തിന് ശേഷം കുറച്ച് കാലം ക്രൂമായ "വീടില്ലായ്മ" എന്ന അവസ്ഥ എന്നെ പൊള്ളിച്ചിരുന്നു. വീട് നമ്മുടെ തലക്ക് മുകളിൽ ഉള്ള ഒരു മേൽക്കൂരയോ, ഒരു സ്ഥലമോ ഒന്നുമല്ല സത്യത്തിൽ.ഭൂമി ശാസ്ത്രത്തിന്റെ 
അക്ഷാoശ - രേഖാoശ കണക്കുകളുമായി അതിന് ഒരു ബന്ധവും ഇല്ല. അത് നേരിട്ട് ഹൃദയത്തോടാണ് തൊടുന്നത്.

വീടെന്നാൽ നമ്മൾ നമ്മളെ തന്നെ അടയാളപ്പെടുത്തുന്ന ഇടമാണ് ഡൂ - നമ്മുടെ സ്വന്തം എന്ന് നമുക്ക് സന്ദേഹങ്ങൾ ഇല്ലാതെ തോന്നുന്ന സ്ഥലം. അതിരില്ലാത്ത ആകാശത്തിൽ കുഴയുന്ന ചിറകുമായി നമുക്ക് പറന്ന് ഇരിക്കാൻ ഒരിടം. ഒട്ടു മുക്കാൽ പെണ്ണുങ്ങളെയും പോലെ, ഒരു വീടുണ്ടാക്കുക എന്നത് തന്നെ ആയിരുന്നു എന്റെയും ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധം. 

വെളിച്ചം, വിശാലത, വൃത്തി എന്നീ വാക്കുകൾ കൊണ്ടാണ് ഞാൻ നമ്മുടെ വീടിന്റെ പുറം പണിയാൻ ശ്രമിച്ചത്. അതിന്റെ അകത്ത്, ഒന്നേ ഒന്നിനെ സ്ഥാപിക്കാനാണ് ഞാൻ ആഗ്രഹിച്ചത് - സ്നേഹം....

വീട് ആകാശം പോലെ, കടൽ പോലെ, കാറ്റും, വെയിലും പോലെ പരക്കുന്നത്, വികസിക്കുന്നത് സ്നേഹം എന്ന ഒറ്റ വിശ്വാസത്തിലേക്ക് ആണ്. സ്നേഹമില്ലാത്ത വീട് മരുഭൂമി പോലെ നമ്മളെ   പൊള്ളിക്കും. അവിടത്തെ അടുക്കള എത്ര സുഭിക്ഷത ഉള്ളത് ആണെങ്കിലും നമ്മൾ ദാഹിച്ചും, വിശന്നും ഇരിക്കും. 

ഈ സ്നേഹം എന്നത് ആണെങ്കിലോ, അതിനെ പോലെ ലോലവും, ലളിതവും,നനുത്തതും, കയ്യിൽ ഒതുങ്ങാത്തതും ആയ ഒന്ന്. സ്നേഹം അതിന്റെ അഭാവത്തിലും, സമൃദ്ധി യിലും നമ്മളെ കണ്ണീരണിയിക്കും. അതിന്റെ ആവിഷ്ക്കാരത്തിന്റെ സാധ്യതകൾ എത്ര വലുതാണ്. സ്നേഹം ഉള്ളിൽ ഉണ്ട്, പക്ഷെ  പുറത്ത് കാണിക്കാത്തത് അഥവാ കാണിക്കാൻ പറ്റാത്തത് ആണെന്നുള്ള പറച്ചിൽ ലോകത്തിലെ ഏറ്റവും വലിയ നുണയാണ്. അതിനെ അങ്ങനെ കഷ്ടപ്പെട്ട് പുറത്ത് എടുത്ത് കാണിക്കേണ്ട ഒരു ആവശ്യവും ഇല്ല. ഉള്ളിൽ ഉണ്ടെങ്കിൽ അത് തനിയെ പുറത്തേക്ക് വന്നു കൊള്ളും. സ്നേഹിക്കാൻ ഒരു ശിക്ഷണത്തിന്റെയും ആവശ്യമില്ല. അത് സ്വയം വെളിപ്പെട്ടു കൊള്ളും. പക്ഷെ, സ്നേഹം അഭിനയിക്കാൻ ആണെങ്കിൽ, അതിന് കഠിന യത്നം ആവശ്യമാണ്‌. 

ഡൂ, ഞാൻ വീടുകളെ പറ്റി പറയാൻ തുടങ്ങിയത് ആണ്. ചക്ക കുരുവും, മുരിങ്ങക്കയും, മാങ്ങയും പരിപ്പ് ഇട്ട വച്ച കൂട്ടാനും, കടുമാങ്ങയും, കൽപ്പാത്തിയിൽ നിന്ന് വാങ്ങിയ അരി പപ്പടവും ചേർത്ത് വാട്ടിയ ഇലയിൽ പൊതിഞ്ഞു എടുത്ത പാഥേയത്തെ പറ്റിയും, ഓടി മറയുന്ന വെളിച്ചങ്ങളിലേക്ക് മിഴി നട്ടിരുന്ന് ആ എളിയ അത്താഴം കഴിക്കുന്നതിനെ പറ്റിയും ഒക്കെ എഴുതണം എന്നാണ് ഉദ്ദേശിച്ചത്. പക്ഷെ, എങ്ങനെയാണ് ഞാൻ വഴി തെറ്റി സ്നേഹത്തിൽ വീണു പോയത്? 

ചില വഴി തെറ്റലുകൾക്ക് ഒരു മാന്ത്രിക നിയോഗമുണ്ട് - അത് നമ്മളെ ശരിയായ ഇടത്തിൽ എത്തിക്കും. നമ്മുടെ ഹൃദയം വിളിക്കുന്ന ഇടത്തേക്ക്. അതുകൊണ്ട്, ഡൂ, ജീവിതത്തിൽ ചിലപ്പോൾ ഒക്കെ നിശ്ചിത പാതകളിൽ നിന്ന് ഒന്ന് തെറ്റി നടക്കേണ്ടി വന്നാൽ പരിഭ്രമിക്കേണ്ട. അത് പ്രപഞ്ചത്തിന്റെ റീ -റൂട്ടിങ് ആണ്. 

ഏറ്റവും സ്നേഹത്തോടെ 
അമ്മ

മൃദുല രാമചന്ദ്രൻ 

Related Posts