LITERATURE

പപ്പടസാമി (കഥ )

Blog Image

എഴുത്തിൻ്റെ വിഷുക്കാലം 


ഇടപ്പിള്ളിയിൽ നിന്നും മെട്രോയിൽ  കയറിയ സമയം മുതൽ ശ്രദ്ധിക്കുകയായിരുന്നു  മുക്കിലിരിക്കുന്ന ആ മനുഷ്യനെ. അയാളെ ഞാനെവിടേയോ കണ്ടിട്ടുണ്ടല്ലോ? മനസ്സിൽ പതിഞ്ഞ മുഖങ്ങളിലൂടെ തലച്ചോറിനോടൊന്ന് പരക്കം പായാൻ പറഞ്ഞതും ആളെ പിടികിട്ടി. ലച്ചുവിന്റെ സ്കൂൾ ഗേറ്റിനടുത്ത് പപ്പടക്കട നടത്തിയിരുന്ന ഗോപാലസാമി. ചക്കപപ്പടം, സാബുധാനപപ്പടം, ശർക്കരകിഴങ്ങ് പപ്പടം  തുടങ്ങി പപ്പടങ്ങളുടെ മേളക്കാഴ്ച കാണാം സാമീടെ കടേല്. ലച്ചുവിന്റെ സ്കൂളിൽ പോകുമ്പോഴൊക്കെ പപ്പടസാമീടെ കടയിൽ കയറുന്നതൊരു രസമാണ്. കുട്ടിക്കാലത്ത് പപ്പട പ്രാന്തിയെന്ന് അച്ഛമ്മ വിളിച്ചിരുന്നു. "ഇവളെ 
നമുക്കമ്മേ പപ്പട ചെട്ടിയാരേക്കൊണ്ട് കെട്ടിക്കാമെന്ന് പറഞ്ഞു കളിയാക്കും അമ്മ. അന്നൊക്കെ പപ്പടം കിട്ടുന്നത് പിറന്നാളിന്, ഓണത്തിന്, തിരുവാതിരക്ക് പിന്നെ വിഷുവിന്. ഒരു വിഷുവിനല്ലേ പപ്പടം കാച്ചിയതെടുക്കാൻ  വേണ്ടി ആക്രാന്തം കാട്ടുന്നതിനിടയിൽ ചീനച്ചട്ടിയിലെ എണ്ണ കൈയ്യിൽ വീണ് പൊള്ളിയത്.  പപ്പടം ദിവസേന കിട്ടിത്തുടങ്ങിയപ്പോഴേക്കും  കല്യാണവും കഴിഞ്ഞു. നന്ദന്റൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോഴാണ് പപ്പടതീറ്റയൊന്ന്  കുറഞ്ഞത്. നന്ദന്  പപ്പടം  ഇഷ്ടമല്ല . കാലുകൊണ്ട് കുഴച്ച്, വൃത്തിയില്ലാത്തിടത്തിരുന്ന്  പപ്പടം ഉണ്ടാക്കുന്നത് കുട്ടിക്കാലത്ത് സ്കൂളിൽ പോകുമ്പോൾ നന്ദൻ കണ്ടിട്ടുണ്ടത്രേ. അന്ന് മുതൽ പപ്പടവിരോധിയായെന്ന്. കാലം മാറി രീതി മാറി എന്നൊക്കെ പറഞ്ഞാലും പപ്പടം നന്ദനിഷ്ടമില്ലാത്ത ഭക്ഷണമായി.

 രണ്ട് മാസമായിട്ട് പപ്പടസാമിയുടെ കട അടച്ചുകിടക്കുന്നു. കഴിഞ്ഞയാഴ്ച സ്കൂളിൽ ഓപ്പൺ ഹൗസിന് പോയപ്പോൾ റീനയോട് ചോദിച്ചതേയുള്ളു.
പപ്പടസാമി എന്തേ കട തുറക്കാത്തതെന്ന് ?
"ആ ആർക്കറിയാം നിനക്ക് വേറെ എവിടേയെങ്കിലും കിട്ടില്ലേ പപ്പടം ." എന്ന അവളുടെ ഉത്തരമെന്തോ വിഷമം തന്നു. "പപ്പടമല്ല പ്രശ്നം, കാണുന്നവരെ കണ്ടില്ലെങ്കിലന്വേഷിക്കണ്ടേ " 
എന്ന്  താനും പറഞ്ഞു. ഇപ്പോഴിതാ സാമി മുൻവശത്തിരിക്കുന്നു.
നെറ്റിയിലെ പതിവുള്ള 
ചുമന്ന കളറിലെ  ഗോപിക്കുറിയുണ്ടെങ്കിലും  മുഷിഞ്ഞ വേഷമാണ്. കണ്ണടച്ചിരിക്കുന്ന അയാളെ തട്ടിയുണർത്തി എന്തേ കട തുറക്കാത്തെ, എവിടേക്കാ യാത്ര എന്ന് ചോദിച്ചാലോ, വേണ്ട.
സാമിക്കെന്തെങ്കിലും അസുഖമായിട്ടായിരിക്കണം കട തുറക്കാത്തത്. ഇന്നലെയും കൂടി ലച്ചു കളിയാക്കിയതേയുള്ളൂ അമ്മക്കീയ്യിടെ വായ്നോട്ടം കൂടുതലാണെന്ന്. വായ്നോട്ടം മാത്രമല്ല അവരെക്കുറിച്ച് കഥകൾ മെനയലുമുണ്ട് അല്ലടോ എന്ന് നന്ദനും പറയുന്നുണ്ടായിരുന്നു.

ആളുകളെ അവരറിയാതെ  സസൂക്ഷ്മം നോക്കുന്നത് പണ്ടേ തനിക്കിഷ്ടമുള്ള കാര്യാണ്. ഏറ്റവുമധികം താനാസ്വദിക്കുന്ന രസകരമായ കാഴ്ച അമ്പലത്തിൽ  പ്രാർത്ഥിക്കുന്ന മനുഷ്യരുടെ മുഖത്ത് വിടരുന്ന  ഭാവങ്ങളാണ്. ചിലരുടെ സങ്കടഭാവം, ചിലരുടെ സന്തോഷഭാവം. തൃപ്തിഭാവമുള്ള മുഖം കാണാറുണ്ടോ. അല്ല അമ്പലത്തിലെത്തുമ്പോൾ എന്റെ മുഖഭാവമെന്താണോ ആവോ?
"  തള്ളേ ഞാനിതെത്രാമത്തെ തവണയാ പറയണത് ലോണെടുക്കണതും വണ്ടി വാങ്ങിക്കുന്നതും  എന്റെ ഇഷ്ടമാണെന്ന്. നിങ്ങ നിങ്ങടെ പാട്ടിന് പോ  " 
അടുത്തിരിക്കുന്ന പയ്യൻ അവന്റെ അമ്മയെ ഫോണിലൂടെ വെല്ലുവിളിക്കുന്ന ശബ്ദം കേട്ട്
കണ്ണടച്ചിരിക്കുന്ന പപ്പടസാമി  ഉണർന്ന് നിവർന്നിരുന്നു.

"സാമി എവിടേക്കാ? 

ചോദ്യം കേട്ട് ഒന്ന് തുറിച്ച് നോക്കി പപ്പടസാമി വീണ്ടും കണ്ണടച്ചു. സാമി എവിടേക്കെങ്കിലും  പൊയ്ക്കോട്ടെ  പപ്പടസാമിയെക്കുറിച്ച്  ഞാനെന്തിനിത്ര വേവലാതിപ്പെടണം. എതിർ സീറ്റിലിരിക്കുന്ന പയ്യൻ അമ്മയുമായി തർക്കത്തിലാണിപ്പോഴും. ചുറ്റുമുള്ള ആളുകൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ  ഉച്ചത്തിലിങ്ങനെ  സംസാരിക്കരുതെന്ന് പറഞ്ഞാലോ, വേണ്ട.ഒരു പക്ഷെ തിരിച്ചു നല്ല തെറി കേൾക്കേണ്ടി വരും. വല്ലപ്പോഴും മാത്രം പുറത്തിറങ്ങുന്നത് കൊണ്ടാവും തനിക്കീ ഒച്ചയും ബഹളവും മുഷിച്ചിലായി തോന്നുന്നത്. ഇയർ ബാലന്‍സ് തെറ്റല് ഇടയ്ക്കിടെ ശല്യം ചെയ്യാൻ തുടങ്ങിയതിൽ പിന്നെയാണ് ഒറ്റക്കുള്ള യാത്രകൾ മാറ്റിവക്കണത്. 
ഇടപ്പിള്ളീന്ന് മെട്രോയില് കയറിയാ നേരെ ടൗൺഹാളിലിറങ്ങിയാ മതിയല്ലോ 
എന്ന് താൻ പറയണത് കേട്ടു ലച്ചു പറയുന്നുണ്ടായിരുന്നു 
"രമ്യാന്റീടെ പുസ്തക പ്രകാശനമായതോണ്ടാ  അമ്മ ഇത്രയും കഷ്ടപ്പെട്ട് പോണത്." 

നിന്റെ ചിറ്റ രാധയെ കുറിച്ചാണ് രമ്യ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെന്ന്  ലച്ചുവിനോട് പറയാൻ തുടങ്ങിയതായിരുന്നു, പിന്നെ അവൾടെ ചോദ്യങ്ങൾക്ക് മുന്നിൽ താൻ കുഴങ്ങുമല്ലോ എന്നോർത്ത് പറഞ്ഞില്ല.

രമ്യയുടെ കൂടെ എപ്പഴുമിങ്ങനെ ഒട്ടിപ്പിടിച്ച് നടക്കണതെന്തിനാന്ന് 
കുട്ടിക്കാലത്ത് താനെത്രയോ ചീത്ത പറഞ്ഞിട്ടുണ്ട് രാധയെ. അന്നത്തെ അവരുടെ കൂട്ട് ഉൾക്കൊള്ളാൻ തനിക്കോ അമ്മക്കോ കഴിഞ്ഞിരുന്നെങ്കിൽ കല്യാണത്തിന്റെ തലേന്ന് സ്ലീപ്പിങ്ങ് പിൽസ്സിൽ അഭയം തേടി അവളീ ലോകത്ത് നിന്നും പോകുമായിരുന്നില്ല.
രാധയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും താനും അമ്മയും കരകയറിയെങ്കിലും രമ്യ ഇപ്പോഴും അതിൽ മുങ്ങിക്കിടക്കുന്നു.
"നിങ്ങളൊക്കെ ഉണ്ടല്ലോ എനിക്ക് കൂട്ടായിട്ട് . ആരുമില്ലാതാവുമ്പോൾ വല്ല വൃദ്ധാശ്രമത്തിലും പോവാം ."
എന്നാണ് വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ  രമ്യയുടെ പറച്ചില്.
 പെട്ടെന്ന് പപ്പടസാമി കണ്ണു തുറന്ന് അവളെ നോക്കി ചിരിച്ചു .
"സാമി എവിടേക്കാ? എന്നെ ഓർമ്മയില്ലേ? "
"വിഷുവിന് നാട്ടിലേക്ക്." അതും പറഞ്ഞ് സാമി വീണ്ടും കണ്ണടച്ചു.

സാമി വീട്ടിൽ നിന്നും ആരോടും പറയാതെ ഏതെങ്കിലും നാട്ടിലേക്ക് ഇറങ്ങി തിരിച്ചതാണെങ്കിലോ? താനെന്തിനാ സാമിയെകുറിച്ചിത്ര വേവലാതിപ്പെടുന്നത്?.

അടുത്താഴ്ചയല്ലേ വിഷു. ഇത്തവണ വിഷു നന്ദന്റെ വീട്ടിലാവും. "ഉള്ളതെന്താച്ചാലത്  ഓരി വച്ച് തരാം. ബാക്കിയുള്ളത് കുറച്ച് വൃദ്ധാശ്രമത്തിലും കൊടുത്ത് ഇനിയുള്ള കാലം അവിടെ കഴിയാം. ഇത്തവണത്തെ വിഷുവിന് വരണം." അച്ഛൻ പറഞ്ഞെന്ന് നന്ദൻ പറയുന്നത് കേട്ടപ്പോൾ കരടിറങ്ങി കലങ്ങിയപോലെയായി മനസ്സ്. 

 " അച്ഛാ,അപ്പൂപ്പനെന്തിനാ ഓൾഡ് എയ്ജ് ഹോമിൽ പോകണത്? നമുക്കിവിടേക്ക് കൊണ്ടുവരാം." ലച്ചു പറയുന്നത് കേട്ട് 

"കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കുള്ള 
 അച്ഛന്റെ വാശിസ്വഭാവത്തിനൊരു മാറ്റവുമില്ല. അതുകൊണ്ടാണച്ഛൻ അമ്മ പോയി വർഷങ്ങളായിട്ടും ഇപ്പോഴും തറവാട്ടിലൊറ്റക്ക് കഴിയണത്. നമ്മുടെ  ഈ ഒറ്റമുറി ഫ്ലാറ്റിലെ ലൈഫ് അപ്പൂപ്പനിഷ്ടാവില്ല ."

നന്ദന്റെ ഉത്തരം തനിക്കത്ര ഇഷ്ടായില്ല.

"ആരാരുമറിയാത്ത ആളുകളുടെ ഇടയിൽ വൃദ്ധസദനത്തിൽ കഴിയുന്നതിനേക്കാൾ എത്രയോ സന്തോഷല്ലേ മക്കൾടെ കൂടെ ജീവിക്കണത്. "തന്റെ ചോദ്യത്തിന് നന്ദനൊന്നും മിണ്ടിയില്ല. പക്ഷെ ലച്ചു വാശിയോടെ പറയുന്നുണ്ടായിരുന്നു 
 "എറണാകുളത്തേക്ക് കൊണ്ടുവരണം അപ്പൂപ്പനെ " 

"ഇത്തിരി നീങ്ങിയിരിക്കോ മോളെ ?" ശബ്ദം കേട്ട് തല ഉയർത്തി നോക്കിയപ്പോൾ മുന്നിലതാ ഒരു സ്ത്രീ  വെറ്റിലകറയുള്ള പല്ലും കാട്ടി  ചിരിച്ചു നില്ക്കുന്നു. പാലാരിവട്ടത്ത്ന്ന് കയറിയതാണെന്ന് തോന്നുന്നു. ഇരിക്കാൻ സ്ഥലം കിട്ടിയതും അവർ ബാഗിൽ നിന്നും കുറച്ച് ലോട്ടറി ടിക്കറ്റെടുത്തു നീട്ടി.

"വിഷു ബംപറാ മോളെ ? " 
"വേണ്ട " ഇത്തിരി പരുഷത്തോടെ പറഞ്ഞപ്പോൾ  അവർ ടിക്കറ്റ് വലതുവശത്തിരിക്കുന്ന പയ്യന്റെ നേരെ നീട്ടി.

"തള്ളേ ഇത് മെട്രോ ട്രെയിനാ ഇതില് ലോട്ടറി വില്പന പാടില്ലെന്നറിയില്ലേ?"

 ഉച്ചത്തിലുള്ള പയ്യന്റെ ശബ്ദം കേട്ടതും 
ആ സ്ത്രീ വേഗം ടിക്കറ്റുകൾ ബാഗിനകത്ത് വച്ചു.
"ആകെ ഒരു മോനുണ്ടായിരുന്നത് കോവിഡ് പിടിച്ചു മരിച്ചു. ചെക്കന്റപ്പൻ കരള് വയ്യാണ്ടെ വീട്ടിലും." 
ആ സ്ത്രീ ആരോടെന്നില്ലാതെ പിറുപിറുത്തു.

" എത്ര രൂപയാ? ചേച്ചി അഞ്ച് ടിക്കറ്റെനിക്ക് തരൂ "
മുൻവശത്തിരിക്കുന്ന പെൺകുട്ടിയുടെ ചോദ്യം കേട്ടതും ആ സ്ത്രീ സന്തോഷത്തോടെ
 
"അമ്പതു രൂപയുടെ വേണോ, നൂറ് രൂപയുടെ വേണോ മോളെ? " 
"അമ്പത് രൂപയുടെ മതി "എന്ന് പറഞ്ഞ്  ബാഗിൽ നിന്നും  പൈസയെടുത്തു ആ സ്ത്രീയുടെ കയ്യിൽ വച്ചു കൊടുത്തു.

താനിത് വരേയും ലോട്ടറി എടുത്തിട്ടില്ല. പക്ഷെ ആ സ്ത്രീയുടെ മുഖത്തുള്ള സന്തോഷം കാണുമ്പോൾ സത്യത്തിൽ പെൺകുട്ടി  ലോട്ടറി ടിക്കറ്റ് വാങ്ങിച്ചത് സ്ത്രീക്കൊരു സഹായമായില്ലേ ? ഒരു വിഷു ബംപർ വാങ്ങിച്ചാലോ? വേണ്ട പ്രയത്നിക്കാതെ കിട്ടുന്നതൊന്നും നിലനിൽക്കില്ല.

പെട്ടെന്ന് ഗോപാലസാമി ബാഗ് കയ്യിലെടുത്ത് എഴുന്നേറ്റു നിന്നു.

" സാമി നാട്ടിലേക്കല്ലേ പോകുന്നത്? നോർത്തിലിറങ്ങുന്നതല്ലേ 
നല്ലത് ?" സൂക്ഷിച്ചൊന്ന് നോക്കിയതല്ലാതെ സാമി ഉത്തരമൊന്നും പറഞ്ഞില്ല.
" എന്താ പപ്പടക്കട തുറക്കാത്തതിപ്പോൾ 
സാമി?" 
"പപ്പടക്കടയോ എവിടെ, ആരുടെ ?" സാമീടെ ഉത്തരം അവൾക്ക് ചുറ്റും കറങ്ങി, അവൾടെ  തലക്കൊരു പെരുപ്പമനുഭവപെട്ടു.

 "സ്ക്കൂളിന്റവിടുത്തെ പപ്പടക്കട, ഞാനവിടെ വന്നിട്ടുണ്ട് " 
അവൾക്കുത്തരം നല്കാതെ 
ട്രെയിൻ  ലിസ്സി സ്റ്റേഷനെത്തിയതും 
ഗോപാലസാമി ഇറങ്ങി. പപ്പടസാമിയല്ലേ ഇത്. അതേലോ പിന്നെന്തേ സാമി അങ്ങനെ പറഞ്ഞത് അവൾക്ക് ചുറ്റും ഒരുപറ്റം ചോദ്യങ്ങളങ്ങനെ കറങ്ങികൊണ്ടേയിരുന്നു.

ഉഷ സുധാകരൻ

Related Posts