Kerala Express

ബെംഗളുരു: കര്‍ണാടകയില്‍ വോട്ടെണ്ണലില്‍ തുടങ്ങിയ നാടകീയത മന്ത്രിസഭാ രൂപീകരണത്തിലേക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപിയും ഫലപ്രഖ്യാപനത്തിനിടെ രൂപംകൊണ്ട കോണ്‍ഗ്രസ് - ജനതാദള്‍ (എസ്) സഖ്യവും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. കേവല ഭൂരിപക്ഷത്തേക്കാള്‍ (112) നാലു സീറ്റുകള്‍ അധികം (116) ഈ സഖ്യത്തിനുണ്ട്. എന്നാല്‍ കേന്ദ്രഭരണത്തിന്‍റയും വലിയ ഒറ്റക്കക്ഷിയെന്നതിന്‍റെയും ബലത്തില്‍ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ ആരും കേവലഭൂരിപക്ഷം നേടിയില്ല. ഉച്ചവരെ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു സൂചന. ഉച്ചയോടെ തൂക്കുസഭയാകുമെന്ന അവസ്ഥ വന്നു. ഇതോടെ കോണ്‍ഗ്രസ് ഉണര്‍ന്നു. ചടുല രാഷ്ട്രീയ നീക്കങ്ങള്‍ നടത്താറുള്ള ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് ഒരുമുഴം മുന്‍പേ എറി‍ഞ്ഞു. ജനതാദളിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ സോണിയാ ഗാന്ധി നേരിട്ട് വിളിച്ചു. മകന്‍ കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കി പിന്തുണയ്ക്കാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചു.

Sponsored Advertisments