Kerala Express

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ബെഞ്ചുകള്‍ രൂപീകരിക്കുന്നതിനും കേസുകള്‍ വീതിച്ചു നല്‍കുന്നതിനുമുള്ള പരമാധികാരം ചീഫ് ജസ്റ്റീസിനു തന്നെയാണെന്നു സുപ്രീംകോടതി ആവര്‍ത്തിച്ചു. ഇതിനുവേണ്ടി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചില്‍ മുതിര്‍ന്ന രണ്ടു ജ‍‍ഡ്ജിമാരെയും കൂടി ഉള്‍പ്പെടുത്തണമെന്ന പൊതു താല്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗം ബെഞ്ച് തള്ളി. ബെഞ്ചുരൂപീകരണത്തിനും കേസുകള്‍ വീതിക്കുന്നതിനുമായി ചീഫ് ജസ്റ്റീസിന്‍റെ ഓഫീസ് ഒരു സ്ഥാപനം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി, മുന്‍വിധികളോടെ ചീഫ് ജസ്റ്റീസിനെ അവിശ്വസിക്കേണ്ടതില്ലെന്നും പറയുന്നു. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും കേസുകള്‍ വീതിക്കാനും ബെഞ്ചുകള്‍ രൂപീകരിക്കുന്നതിനും മാര്‍ഗരേഖ വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശോക് പാണ്ഡേ നല്‍കിയ ഹര്‍ജിയിലാണു തീരുമാനം. ഉന്നത കോടതികളുടെ ചുമതല ഭരണഘടന ചീഫ് ജസ്റ്റീസിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റീസാണ് ഉന്നത കോടതികളുടെ തലവനെന്നും മൂന്നംഗ ബെഞ്ചിനു വേണ്ടി ജസ്റ്റീസ് ഡി.വൈ. ചന്ദ്രചു‍ഡ് എഴുതിയ ഉത്തരവില്‍ പറയുന്നു. ജസ്റ്റീസ് എന്‍.വി. ഖാന്‍വില്‍ക്കറും ബെഞ്ചിലുണ്ടായിരുന്നു.

Sponsored Advertisments