Kerala Express

ചണ്ഡിഗഡ്: ഹരിയാനിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദുമന്‍ താക്കൂറിന്‍റെ (7) കൊലപാതകത്തിന് അപ്രതീക്ഷിത വഴിത്തിരിവ്. പരീക്ഷ മാറ്റിവയ്പിക്കാന്‍ അതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊല നടത്തിയതെന്ന് സിബിഐ വെളിപ്പെടുത്തി.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. മൂന്ന് ദിവസം രാവിലെ മുതല്‍ വൈകിട്ടുവരെ കുട്ടിയെ ചോദ്യം ചെയ്യാന്‍ ജുവനൈല്‍ കോടതി അനുമതി നല്‍കി. രാത്രിയില്‍ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കണം. സെപ്റ്റംബര്‍ എട്ടിന് രാവിലെയാണ് സ്കൂളിലെ ടോയ്ലറ്റില്‍ കഴുത്തറുത്തു കൊന്ന നിലയില്‍ പ്രദുമനെ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറിനെ ഹരിയാന പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ലൈംഗിക പീഡനം എതിര്‍ത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തി എന്ന കഥയും പോലീസ് സൃഷ്ടിച്ചു. അയാള്‍ ഇപ്പോഴും ജയിലിലാണ്. പോലീസ് ഭയപ്പെടുത്തിയും മര്‍ദ്ദിച്ചും തന്‍റെമേല്‍ കുറ്റം അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് അശോക് കുമാര്‍ സിബിഐ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സിബിഐക്ക് അന്വേഷണം വിട്ടില്ലായിരുന്നേങ്കില്‍ ഒരു നിരപരാധി ക്രൂശിക്കപ്പെട്ടേനെ. പ്രദ്യുമന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരിയാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്. സംഭവത്തിന്‍റെ പിറ്റേന്ന് വിദ്യാര്‍ത്ഥിയുടെ കൈയില്‍ കത്തി കണ്ടെന്ന് നാല് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും സിബിഐക്ക് മൊഴി നല്‍കി. പരീക്ഷയെ ഓര്‍ത്ത് വെപ്രാളപ്പെടേണ്ടെന്നും ഉറപ്പായും മാറ്റിവയ്ക്കുമെന്നും കൂട്ടുകാരോട് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നുവത്രെ. അമിതകോപം നിയന്ത്രിക്കാന്‍ മനഃശാസ്ത്രജ്ഞന്‍റെ അടുക്കല്‍ കുട്ടിയെ രക്ഷിതാക്കള്‍ കൊണ്ടുപോയിരുന്നതായും കണ്ടെത്തി.

Sponsored Advertisments