Kerala Express

മുംബൈ: അമേരിക്കയിലായിരുന്ന മകന്‍ ഒരു വര്‍ഷത്തിലേറെക്കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ അസ്ഥികൂടം.

അന്ധേരി ലോഖണ്ഡ്വാലയിലെ ആ‍ഡംബര ഫ്ലാറ്റില്‍ വര്‍ഷങ്ങളായി തനിച്ചു കഴിയുകയായിരുന്ന ആശാ സഹാനി(63)യാണ് ശവസംസ്കാരം നടത്താന്‍പോലും ആളില്ലാതെ അഴുകി അസ്ഥികൂടമായത്.
പ്രമുഖ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ റിതുരാജ് സഹാനി (43) ഇരുപതു വര്‍ഷമായി ഭാര്യയ്ക്കൊപ്പം അമേരിക്കയിലാണ് താമസം. നാലു വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടെ അമ്മ ആശ മുംബൈയിലെ ഫ്ലാറ്റില്‍ പത്താംനിലയിലെ അപ്പാര്‍ട്ട്മെന്‍റില്‍ തനിച്ചായിരുന്നു. ലോഖണ്ഡ്വാലയിലെ സമ്പന്നരുടെ താമസ കേന്ദ്രമായ ബെല്‍സ്കോട്ട് ടവറിലാണ് ഈ വസതി. വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ മകന്‍ അമ്മയെ കാണാന്‍ നാട്ടിലെത്തും.
വലിയ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം വൈകിട്ട് റിതുരാജ് എത്തിയപ്പോള്‍ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നപ്പോള്‍ പൂട്ടുപൊളിച്ച് അകത്തുകയറി. അപ്പോഴാണ് മുറിയില്‍ കസേരയില്‍ ഇരിക്കുന്ന രീതിയില്‍ അമ്മയുടെ അസ്ഥികൂടം കണ്ടത്. ശരീരം അഴുകിത്തീര്‍ന്ന് എല്ലുമാത്രം അവശേഷിച്ചതുകൊണ്ട് ആശ മരിച്ചിട്ട് ആഴ്ചകളായിട്ടുണ്ടാകുമെന്നാണ് പോലീസിന്‍റെ നിഗമനം.
പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും ആശയുടെ കുടുംബത്തിന്‍റേതായതിനാല്‍ മൃതദേഹം അഴുകിയ ദുര്‍ഗന്ധം അയല്‍വാസികളാരും അറിഞ്ഞില്ല. താഴെയോ മുകളിലോ താമസിക്കുന്നവരോ വീട്ടുജോലിക്കാരിയോ ആശയെ അന്വേഷിച്ചു ചെന്നതുമില്ല. അമ്മയോട് അവസാനം ഫോണില്‍ സംസാരിച്ചത് എപ്പോഴായിരുന്നു എന്ന ചോദ്യത്തിന് 2016 ഏപ്രിലിലായിരുന്നെന്നാണ് മകന്‍ മറുപടി നല്‍കിയത്. ജോലിത്തിരക്കിലായിരുന്നതിനാല്‍ അതിനുശേഷം അമ്മയുടെ സുഖവിവരം അന്വേഷിച്ചില്ല.

Sponsored Advertisments

TSI-Adv
GP-Adv2