Kerala Express

സെഹോര്‍: കര്‍ഷകസമരം ശക്തമായി തുടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ കൂടി ജീവനൊടുക്കി.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ ജില്ലയായ സെഹോറിലാണ് ഒരു കര്‍ഷകന്‍ വിഷംകഴിച്ചു മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി. ആറുലക്ഷം രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണ് സെഹോര്‍ ജില്ലയില്‍ ദുല്‍ചന്ദ് കീര്‍ (55) എന്ന കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചത്. ദുല്‍ചന്ദ് കീര്‍ ബാങ്കില്‍നിന്ന് നാലു ലക്ഷവും മറ്റ് സ്രോതസ്സുകളില്‍നിന്ന് രണ്ടു ലക്ഷവും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വായ്പ വാങ്ങിയിരുന്നു. തിരിച്ചടയ്ക്കാനാവാത്തതിനാല്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്നും മകന്‍ ഷേര്‍ സിങ് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ ഭെയ്റോപൂര്‍ ഗ്രാമത്തില്‍ കൃപാറാം ഗോദിയ (68) എന്ന കര്‍ഷകന്‍ കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ചു. കൃഷിഭൂമി വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതില്‍ മനംനൊന്താണ് മരണം. വിദിഷ ജില്ലയിലെ ജിറാപൂരിലാണ് മൂന്നാമത്തെ മരണം. ഹരി സിങ് ജാദവ് (40) ആണ് വിഷംകഴിച്ച് മരിച്ചത്. കര്‍ഷകരുടെ മരണത്തോടെ പ്രക്ഷോഭം സംസ്ഥാനത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, ഗുജറാത്തിലെ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍വിട്ടു. മന്‍ദ്സൗറില്‍ നിരോധനാജ്ഞയുള്ളതിനാല്‍ പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്.

Sponsored Advertisments