Kerala Express

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കര്‍ഷകപ്രതിഷേധം ആളിക്കത്തുകയും അത് പരിഹരിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കഠിനശ്രമം നടത്തുകയും ചെയ്യുമ്പോള്‍ കര്‍ഷകരെ കൈയൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍.

കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ തുക സ്വന്തമായി കണ്ടെത്തണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആവര്‍ത്തിച്ചു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ കടം എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശും ഹരിയാനയും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും എഐഎഡിഎംകെ ഭരിക്കുന്ന തമിഴ്നാടും കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിന്മേല്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. കാര്‍ഷിക വായ്പ എഴുത്തിത്തള്ളല്‍ വിഷയത്തില്‍ ജെയ്റ്റ്ലി ഒഴിഞ്ഞുമാറുന്നത് രണ്ടാംതവണയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യസഭയില്‍ പലിശയുടെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ചില സഹായം നല്‍കാറുണ്ടെന്നും അത് തുടരുമെന്നും വ്യക്തമാക്കിയിരുന്നു. സ്വന്തമായി വിഭവങ്ങളുളള സംസ്ഥാനങ്ങള്‍ക്ക് വായ്പ എഴുതിത്തള്ളലുമായി മുന്നോട്ടു പോകാം. ഒരു സംസ്ഥാനത്തെ സഹായിക്കുന്നു, മറ്റുള്ളവയെ തഴയുന്നു എന്ന പ്രശ്നം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രശ്നത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപം ബിജെപിയിലുമുണ്ട്. പ്രധാനമന്ത്രി ഇതുവരെ കര്‍ഷകപ്രശ്നത്തില്‍ പ്രതികരിട്ടില്ല.

Sponsored Advertisments

TSI-Adv
GP-Adv2