Kerala Express

ഇംഫാല്‍: മുന്‍ ദേശീയ ഫുട്ബോള്‍താരം കൂടിയായ എന്‍. ബിരേന്‍സിംഗിനെ നായകനാക്കി മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ മന്ത്രിസഭ അധികാരമേറ്റു.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയില്‍നിന്നും സഖ്യകക്ഷികളില്‍നിന്നുമായി മറ്റ് എട്ട് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയിലേക്ക് ചാടിയ കോണ്‍ഗ്രസ് എംഎല്‍എ ശ്യാംകുമാറിനും മന്ത്രിപദം ലഭിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ വൈ. ജോയ്കുമാറാണ് ഉപമുഖ്യമന്ത്രി. 60 അംഗ നിയമസഭയില്‍ 21 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. എന്നാല്‍ 32 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് ഇവരെ ഗവര്‍ണര്‍ക്കു മുന്നില്‍ ഹാജരാക്കാന്‍ ബിജെപിക്കു കഴിഞ്ഞു. കോണ്‍ഗ്രസിനാകട്ടെ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കേവല ഭൂരിപക്ഷത്തിനു വേണ്ട മൂന്ന് എംഎല്‍എമാരുടെ കൂടി പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് അധികാരത്തില്‍നിന്ന് പുറത്താകുന്നത്. ഇതിനിടെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശ്യാംകുമാര്‍ ബിജെപിയിലേക്ക് മറുകണ്ടം ചാടി മന്ത്രിയാകുന്നത്.

Sponsored Advertisments