Kerala Express

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം ഇനി വോട്ട് സാധുവാക്കാനുള്ള സമയം. രാജ്യം കാത്തിരിക്കുന്ന നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് അരങ്ങൊരുങ്ങി.

ഉത്തര്‍പ്രദേശ് അടക്കം അ‍ഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരി നാലിനു തുടങ്ങി മാര്‍ച്ച് എട്ടിന് അവസാനിക്കും. മാര്‍ച്ച് 11-നാണ് അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യം ഉറ്റുനോക്കുന്ന ഈ തെരഞ്ഞെടുപ്പ് 2019 പൊതുതെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ വലിയ ജനകീയ പരീക്ഷകൂടിയാണിത്. 403 നിയമസഭാ മണ്ഡലങ്ങളുള്ള യുപിയില്‍ ഏഴു ഘട്ടങ്ങളായാണ് പോളിങ് നടക്കുക. തെരഞ്ഞെടുപ്പു പ്രചാരണത്തിനു സ്ഥാനാര്‍ത്ഥികള്‍ക്കു ചെലവിടാന്‍ അനുമതിയുള്ള തുക യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ 28 ലക്ഷവും മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ 20 ലക്ഷവുമാണ്. സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന സംഭാവനയിലും ചെലവിലും 20,000 രൂപയ്ക്കു മുകളില്‍ ചെക്ക് മുഖേനയാകണമെന്ന നിബന്ധനയുമുണ്ട്.

Sponsored Advertisments