Kerala Express

ന്യൂഡല്‍ഹി: മതത്തിന്‍റെയും ജാതിയുടെയും പേരില്‍ വോട്ടുപിടിക്കരുതെന്ന് സുപ്രീംകോടതി. മതം, വര്‍ഗം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടു പിടിക്കുന്നത് അഴിമതിയാണ്. കുറ്റം തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടും.

ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായുള്ള ഏഴംഗ ഭരണഘടനാ ബഞ്ചാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്. ജനപ്രാതിനിധ്യ നിയമം 123(3) വകുപ്പില്‍ 'അയാളുടെ മതം' എന്നുപറയുന്നതില്‍ സ്ഥാനാര്‍ത്ഥിയുടെയും ഏജന്‍റിന്‍റെയും വോട്ടര്‍മാരുടെയും മതവും ജാതിയും ഉള്‍പ്പെടുമെന്ന് ഭരണഘടനാ ബെ‍ഞ്ചിന്‍റെ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയുടെ മതം, വര്‍ഗം. ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരിലല്ലെങ്കിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പ് അസാധുവാകും. തെരഞ്ഞെടുപ്പ് മതേതര സ്വഭാവമുള്ള പ്രക്രിയയാണ്. അതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തിപരമാണ്. ഇഷ്ടപ്പെട്ട മതം പിന്തുടരാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാല്‍ മതേതര സ്വഭാവം ഉയര്‍ത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പില്‍ അത് ഉപയോഗിക്കുന്നത് തടയേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ പറഞ്ഞു.
'അയാളുടെ മതം' എന്നുപറയുന്നത് സ്ഥാനാര്‍ത്ഥിയുടെ മതമാണെന്ന് ന്യൂനപക്ഷവിധിയില്‍ വ്യക്തമാക്കി. നിര്‍വചനം മാറ്റുന്നത് നിലവിലുള്ള നിയമം മാറ്റിയെഴുതുന്നതിന് തുല്യമാണ്. ഇത് നിയമനിര്‍മാണത്തിലുള്ള കോടതിയുടെ ഇടപെടലാകും. വോട്ടര്‍മാരെ സമീപിക്കുന്നതില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ജനാധിപത്യത്തെ ബാധിക്കും. ഇത്തരം കാര്യങ്ങള്‍ പാര്‍ലമെന്‍റിന് വിടണം. ഒരു സര്‍ക്കാരും കുറ്റമറ്റതല്ല. വോട്ടര്‍മാരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സംഭാഷണത്തിനോ ചര്‍ച്ചയ്ക്കോ നിയമം എതിരല്ല- വിധിയില്‍ ചൂണ്ടിക്കാട്ടി.

Sponsored Advertisments