LITERATURE

മൂഷിക സുവിശേഷം- കഥ

Blog Image

നഗരത്തിൽ എന്തോ വലിയ സംഭവം നടന്ന ദിവസമാണ്  പതിവില്ലാത്ത  ജനപ്രവാഹം എന്തെങ്കിലും കാര്ര്യമായി തിന്നാൻ കിട്ടും എന്ന് അവൻ പ്രതീക്ഷിച്ചു. അങ്ങനെ തപ്പിനടക്കുമ്പോൾ ഒരുപറ്റം  ആൾക്കാർ  എതിരെ  വരുന്നു


അന്തിമയങ്ങിയപ്പോൾ ഭക്ഷണം തേടി ഇറങ്ങിയതാണ് ആ ചുണ്ടെലി , നഗരത്തിൽ എന്തോ വലിയ സംഭവം നടന്ന ദിവസമാണ്  പതിവില്ലാത്ത  ജനപ്രവാഹം എന്തെങ്കിലും കാര്ര്യമായി തിന്നാൻ കിട്ടും എന്ന് അവൻ പ്രതീക്ഷിച്ചു അങ്ങനെ തപ്പിനടക്കുമ്പോൾ ഒരുപറ്റം  ആൾക്കാർ  എതിരെ  വരുന്നു. പെട്ടെന്ന് ഒന്ന് രക്ഷപെടാൻ  ഓടിക്കയറിയതാണ് അവിടെ . ഒരുഗുഹപോലെ തോന്നിക്കും എന്നാൽ ഒരുകല്ലറയാകും എന്ന് അവൻ കരുതിയില്ല.  
        എതിരെ വന്നവരും  ആ കല്ലറയിലേക്കുള്ളവർ ആയിരുന്നു.  ഉള്ളിലേക്ക്  കടന്നു വന്ന  ആൾക്കൂട്ടത്തെ ഭയന്ന് മൂലക്കുള്ള കുറെ കല്ലുകൾക്കിടയിൽ  അവനൊളിച്ചു.  തലപൊക്കിനോക്കുമ്പോൾ അവൻ കാണുന്നത്  കുറച്ചാൾക്കാർ ഒരു മനുഷ്യന്റെ ശവശരീരവുമായി അകത്തേക്ക്  കടന്നു വരുന്നു.ആ ഗുഹയുടെ ഒത്തനടുക്കയി  ഉണ്ടായിരുന്ന നീണ്ട ചതുരാകൃതിയിലുള്ള കല്ലിന്മേൽ, ഒരു വലിയ വെള്ള തുണി വിരിച്ച്   അവർ  അയ്യാളെ കിടത്തി. അയ്യാളുടെ ശരീരമാകെ അടികൊണ്ട പാടും മുറിവുമായിരുന്നു. ചില മുറിവിലൂടെ അപ്പോഴും  ചോര ഒഴുകുന്നുണ്ട്. അല്പസമയത്തിനുള്ളിൽ ഗുഹാമുഴുവൻ രക്തത്തിന്റെയും വിയർപ്പിന്റെയും രൂക്ഷ ഗന്ധം  നിറഞ്ഞു . അത് മാറ്റാനായിരിക്കും കൂടെയുള്ളവർ ഒരു പൊതിയഴിച്ച് കുറെ ഏറെ  സുഗന്ധകൂട്ടുകൾ അയാളുടെ ദേഹത്തും പരിസരത്തും  ആകെ വിതറിയത്.  അവർ ആ മനുഷ്യനെ ആ വലിയ വെള്ള തുണിയിൽ പൊതിഞ്ഞിട്ട് ,  നീണ്ട ഒരു നാടയിട്ടു തലമുതൽ പാദംവരെ  വരിഞ്ഞു മുറുക്കികെട്ടിയവിടെ  കിടത്തി   
        ആ നേരമെല്ലാം വാ വിട്ടു കരയുന്ന ഒരമ്മയും കുറച്ചു സ്ത്രീകളും അവരുടെ കൂടെ ഉണ്ടായിരുന്നു.  ആ അമ്മക്ക്  മകനെ വിട്ടുപോകാൻ മനസ്സുണ്ടായിരുന്നില്ല. എങ്കിലും മറ്റുസ്ത്രീകൾ അവരെ നിർബന്ധിച്ചു പുറത്തേക്കു കൊണ്ടുപോയി. 
    എങ്ങനെയും പുറത്തു ചാടണം, ആൾക്കാരെല്ലാം  ഇറങ്ങിയതക്കം നോക്കി അവൻ  വാതുക്കലേയ്ക്കോടി  എന്നാൽ അവനു പുറത്തു കടക്കാൻ കഴിയുന്നതിനുമുന്നേ   അവർ ആ  വാതിൽ വലിയ ഒരു കല്ലുരുട്ടിവച്ചു ബന്ധിച്ചിരുന്നു.  ആ കല്ലിന്റെ  ഓരോമൂലയിലും അവൻ പരതി നോക്കി  ഒരു ചെറിയ ദ്വാരം പോലും അവിടെങ്ങുമില്ലായിരുന്നു ഒന്ന് പുറത്തുകടക്കാൻ . താൻ പെട്ടുപോയി എന്നവന്  മനസ്സിലായി.  കുറ്റാക്കൂറ്റിരുട്ട്, ചത്ത ആ  മനുഷ്യനും പിന്നെ താനും മാത്രം . അവനാകെ പേടിയായി. തനിക്കിനി രക്ഷയില്ലെന്നവന് മനസ്സിലായി,  അവൻ പേടിച്ച്   തളർന്നിരുന്നങ്  ഉറക്കെ നിലവിളിച്ചു. ആരുകേൾക്കാൻ. 
     ഇനി ഈ കല്ലറ തുറക്കണമെങ്കിൽ നാളുകൾ കഴിയണം അപ്പോഴേക്കും താൻ  ചത്ത് പൊടിയായി തീർന്നിട്ടുണ്ടാവും . പേടിച്ചു വിറച്ച് അവൻ  അങ്ങനെയിരുന്നങ്ങുറങ്ങിപോയി . ഇടക്ക്  ഞെട്ടിയെഴുന്നേറ്റപ്പോൾ വിചിത്രമായ ഒരു കാഴ്ചയാണ് അവൻ കാണുന്നത്. അവന്റെ കണ്ണുകളെ അവനു വിശ്വസിക്കാനായില്ല.
    മരിച്ചു കിടന്നിരുന്ന ആ മനുഷ്യൻ ആ കല്ലിൽ എഴുന്നെറ്റിരിക്കുന്നു . ആ കല്ല് മഞ്ഞിൻ കട്ടപോലെയും  ആ പരിസരമാകെ സൂര്യനെ വെല്ലുന്ന വെണ്മപ്രഭയിലും  നിറഞ്ഞുനിൽക്കുന്നു . ഞാൻ ഇപ്പോൾ ഇതെവിടെയാണിരിക്കുന്നത്  . ഇനി ഞാൻ സ്വപനം കാണുകയാണോ . വാലൊക്കെ  ഒന്നനക്കിനോക്കി  എല്ലാം ശരിയാണ് സ്വപ്നമല്ല.  മഞ്ചുന്ന  വെട്ടത്തിലേക്കവൻ സൂക്ഷിച്ചുനോക്കി അതാ കുറെ ആൾക്കാർ, അതി തേജസ്സുള്ള അവരെല്ലാം  ആ മനുഷ്യനെ ബഹുമാനത്തോടെ കുമ്പിടുന്നു . അതിനിടെ കുറെ മാലാഖമാർ  അവിടമെല്ലാം  വൃത്തിയാക്കുന്നു . മറ്റുചിലർ അവന്റെ മുറിവുകളിൽ എന്തോ തൈലം പുരട്ടി ഊതി ഊതി ഉണക്കുന്നു. എല്ലാചെറിയമുറിവുകളും ഉണങ്ങി, എന്നാൽ അഞ്ചു മുറിവുകൾ  മാത്രം ഉണക്കാൻ  അവൻ   സമ്മതിച്ചില്ല,  അവ രണ്ടു കൈപ്പത്തിയിലും കാൽപ്പത്തികളിലും പിന്നെ  നെഞ്ചിലുള്ളതും ആയിരുന്നു.  അവിടുത്തെ കാഴ്ചകൾ അവർണ്ണനീയമായിരുന്നു.   ഇത് സ്വർഗമാണോ  അതോ സ്വർഗത്തിന് തുല്യമായ മറ്റേതോ  ഒരു സ്ഥലമാണോ . ആ കാഴ്ച കണ്ടുകൊണ്ട്  ഏറെനേരം നില്ക്കാൻ അവനു തോന്നിപോയി . പക്ഷെ അതുണ്ടായില്ല,  പെട്ടെന്ന് എല്ലാംകഴിഞ്ഞു  വീണ്ടും അവിടമാകെ അന്ധകാരമാകുകയും പഴയ കല്ലറയാകുകയും  ചെയ്തെങ്കിലും , അവന്റെ മനസ്സിൽ ആ കാഴ്ചകൾ തിളങ്ങിനിന്നു. പുറത്തുനിന്നെവിടുന്നോ ചെറിയവെട്ടം അകത്തേക്ക് അടിച്ചുകയറുന്നതായി  അവനു തോന്നി.  രണ്ടുമൂന്നു ദിവസ്സം  കടന്നുപോയത് അവൻ  അറിഞ്ഞിരുന്നില്ല .         
   വെട്ടം കണ്ടിടത്തേക്കവൻ നോക്കി, അതാ കല്ലറ അടച്ചിരുന്ന ആ കല്ല്   ആരോ ഇളക്കി  മാറ്റിയിരിക്കുന്നു . അവനാശ്വസ്സമായി എത്രയും വേഗം  ഇവിടെനിന്നു  രക്ഷപ്പെടണം . ഒറ്റച്ചാട്ടത്തിനവൻ   അയ്യാളെ  കിടത്തിയിരുന്ന  കല്ലിൽ  കയറി . അവിടെ ചോരപുരണ്ട ആ വെള്ള വസ്ത്രവും പിന്നെ തലക്കച്ചയും  മാത്രമേ  ഉണ്ടായിരുന്നുള്ളു . ഒരു ഞെട്ടലോടെയാണ് ആ വസ്തുത അവനോർത്ത്, ആ കല്ലിൽ ഒരു ശവശരീരം കിടന്നിരുന്നതാണെന്നും, പിന്നെയാ കാഴ്ചകളും .  പുറത്തു കാവൽക്കാർ ബോധംകെട്ടു കിടക്കുന്നതവൻ അറിഞ്ഞിരുന്നില്ല, 
     ആ ഞെട്ടലിൽ ഒറ്റച്ചാട്ടത്തിന് അവൻ പുറത്തു വന്നുവീണു ക്ഷീണിച്ചു മയങ്ങിപ്പോയി . വലിയ ബഹളം കേട്ടാണവൻ ഉണർന്നത്, പക്ഷെ ഇപ്പോളവനു  പേടിയില്ല  കാരണം  താൻ കണ്ടത് സ്വപ്നമല്ല എന്ന് അവനറിയാമായിരുന്നു.  ആ കാഴ്ചകൾ അവനു വലിയ പ്രത്യാശ നൽകിയിരുന്നു. ആ അത്ഭുതം എല്ലാവരോടും എത്രയും പെട്ടെന്ന് ഒന്നുപറയണമെന്നേ അവനുണ്ടായിരുന്നു, എന്നാൽ അവന്റ സാക്ഷ്യം ഒരു നടക്കാത്ത വിടുവാ ആണെന്നേ  എല്ലാവരും കരുതിയുള്ളൂ. ചിലരൊക്കെ അവനു വട്ടാണ് എന്നും , മറ്റു ചിലരൊക്കെ മദ്യപിച്ചിട്ടാണ് അവനിതൊക്കെ പറയുന്നത് എന്നും പറഞ്ഞു. എന്നിട്ടും  അവനാ  സുവിശേഷം ഒരു ഭ്രാന്തനെ പോലെ  പറഞ്ഞു നടന്നു. ആരും വകവയ്ക്കാതെയായിട്ടും അവൻ പറഞ്ഞുകൊണ്ടേയിരുന്നു , എല്ലാം പറഞ്ഞിട്ട് അവസാനം   അവൻ കൂട്ടിച്ചേർക്കും കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ ബാക്കിയുള്ളവർ ഒക്കെപോയി .......ട്ടെ.   കാരണം അവനു ബോധ്യമുണ്ടായിരുന്നു ആ കണ്ടതെല്ലാം  സത്യമാണെന്ന്  അവനെ വിശ്വസിച്ചവരിൽ  ആരൊക്കെയോ  ആ സുവിശേഷം ഇന്നും ഏറ്റുപറയുന്നുണ്ട് . അവരും അവസാനം കൂട്ടിച്ചേർക്കും കണ്ണുള്ളവർ കാണട്ടെ...........

മാത്യു ചെറുശ്ശേരി 


 

Related Posts