LITERATURE

മറവി (കഥ )

Blog Image

ജീവിക്കുവാനുള്ള തത്രപ്പാടിനിടയിൽ താൻ മറന്നത് തന്റെ ജീവിതം മാത്രം


"അച്ഛാ, നാളെ രാവിലെ നമുക്കൊരിടം വരെ പോകാനുണ്ട്. പത്തു മണിയാകുമ്പോഴേക്കും തയ്യാറായി നിൽക്കണം"

അത്താഴം കഴിഞ്ഞ് പേരക്കുട്ടിയോടൊപ്പം കാർട്ടൂൺ കാണുകയായിരുന്ന രാജൻ ആകാംക്ഷയോടെ മകനെ നോക്കി.

"നാളെ ഞായറാഴ്ച്ചയും ലോക്ക്ഡൗണുമല്ലേ മോനെ.നമ്മളെങ്ങോട്ടാ പോകുന്നത്.

 "അതൊക്കെ നാളെ പറയാം.ഞാൻ പോലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങിയിട്ടുണ്ട്.അച്ഛൻ രാവിലെ റെഡിയായി നിന്നാൽ മതി.അച്ഛന്റെ നല്ല വസ്ത്രങ്ങളും എടുത്തുകൊള്ളു"

പതിവ് ഗുളികകളും കഴിച്ച്ഉറങ്ങാൻ കിടക്കുമ്പോൾഅയാളുടെ മനസ്സുനിറയെ സംശയങ്ങൾ നാമ്പെടുക്കുകയായിരുന്നു.

എങ്ങോട്ടായിരിക്കും യാത്ര.

കൊറോണ ഭീതി വന്നതിനു ശേഷം താൻ പുറത്തിറങ്ങിയിട്ടില്ല.

ഇറങ്ങാൻ മരുമകൾ സമ്മതിച്ചിട്ടുമില്ല.

എവിടെയെങ്കിലും പോയി കൊറോണ പിടിപ്പിച്ചുകൊണ്ടു വരും എന്നാണ് പരാതി. 

നാളെ  താൻ കൂടി പങ്കെടുക്കേണ്ട ഒരു ചടങ്ങിനെക്കുറിച്ചും  ആരും ഇതുവരെ സംസാരിക്കുന്നതും കേട്ടില്ല.

അല്ലെങ്കിലും ഈയിടെയായി സംസാരങ്ങളെല്ലാം താനറിയാതെ ഗോപ്യമായാണ്.

വസ്ത്രങ്ങളെടുക്കുവാൻപറഞ്ഞത് എന്തിനാണാവോ.

ഇനി ഏതെങ്കിലും വൃദ്ധസദനത്തിലും കൊണ്ടുചെന്നാക്കാനാകുമോ.

മനസ്സൊന്നു തേങ്ങി.

അവനതിനു കഴിയുമോ.

വത്സല തന്നെ വിട്ട് പിരിഞ്ഞിട്ട് മുപ്പതു വർഷങ്ങൾ ആകുന്നു.

അന്ന് ശരത്തിന് അഞ്ചു വയസ്സ് പ്രായം.

മറ്റൊരു  വിവാഹത്തിന് പലരും നിർബന്ധിച്ചതാണ്.

പക്ഷേ അവന്റെ ഭാവി മാത്രമേ അന്ന് മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

പുതിയൊരു പെണ്ണ് വന്നു കയറിയാൽ അവന് ബുദ്ധിമുട്ടായാലോ.

മകനെ വളർത്തി .
ഇതുവരെയെത്തിച്ചു.

രേഷ്മക്ക് ഈയിടെയായി തന്നെ കാണുന്നത് തന്നെ ചതുർത്ഥിയാണ്.

അവൾക്ക് പരാതികൾ പലതാണ്.

ടോയ്‌ലറ്റിൽ പോയാൽ ആവശ്യത്തിന് വെള്ളമൊഴിക്കാൻ മറക്കുന്നു. 

ചെടികൾ നനയ്ക്കാൻ പറഞ്ഞാൽ അതു മറക്കുന്നു.

കൊച്ചുമകനെ നോക്കാൻ ഏൽപ്പിച്ചാൽ അവനെ മറന്ന് ടിവി കാണുന്നു.

അങ്ങിനെ പലതും.

വലിയ വീട്ടിൽ വളർന്ന കുട്ടിയാണ്.

തന്റെ നാടൻ രീതികളോട് പലപ്പോഴും പൊരുത്തപ്പെടാൻ സാധിക്കുന്നുമില്ല.

ആ കുട്ടിയുടെ അച്ഛനുമമ്മയും ഇങ്ങോട്ട് താമസിക്കാൻ  വരുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോടോ ഫോണിൽ പറയുന്നത് കേട്ടിരുന്നു.

ഈയിടെയായി ശരത്തിനും തന്നോട്  ഒരകൽച്ചയുണ്ടോ.

ചില സമയങ്ങളിൽ അവൻ നിസ്സഹായനാണെന്നു തോന്നാറുണ്ട്.

ഒരു പക്ഷെ എല്ലാം തന്റെ തോന്നലാകാം.

മക്കൾ വലുതായി കഴിയുമ്പോൾ മാതാപിതാക്കൾ ഒരകലം പാലിക്കണം.

ചിലപ്പോഴൊക്കെ താനത് മറന്നുപോകാറുണ്ട്

ഉത്തരമില്ലാത്ത  മനോവ്യാപാരങ്ങൾക്കിടയിൽ രാവിന്റെ ഏതോ യാമത്തിൽ ഉറക്കം തഴുകിയെത്തി.

രാവിലെ യാത്രക്കിറങ്ങുമ്പോൾ മകൻ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു.

പൂജാമുറിയിൽ വർഷങ്ങളായി നിത്യവും തൊഴുതിരുന്ന കൃഷ്ണവിഗ്രഹം എടുത്താരുമറിയാതെ നേരത്തെ തന്നെ തുണികൾക്കിടയിൽ തിരുകിയിരുന്നു.

ഒരുൾവിളി പോലെ.

തയ്യാറാക്കി വച്ചിരുന്ന ബാഗ് മരുമകൾ നേരത്തെ തന്നെ വണ്ടിയിൽ കയറ്റി.

മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷമാണ് ആശ്രമാന്തരീക്ഷമുള്ള ഈ വൃദ്ധ സദനത്തിൽ എത്തിച്ചേർന്നത്.

"അച്ഛന് മറവി ഇത്തിരി കൂടുതലാ. പ്രത്യേക ശ്രദ്ധ വേണേ"

അകത്തെ മുറിയിൽ  സ്വാമിജിയോട് മകൻ  പറയുന്നത് കേട്ടു.

"അതൊന്നും സാരമില്ല. അദ്ദേഹത്തിനിവിടെ ഒരു കുറവും ഉണ്ടാകില്ല.ഞങ്ങൾ നോക്കിക്കൊള്ളാം. ധൈര്യമായി പോകാം"

 സ്വാമിജിയുടെ വാക്കുകൾ മൃദുവായിരുന്നു.

വിടപറയുന്ന സമയത്ത്‌ മിഴികൾ തമ്മിലിടഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നുവോ.

ഇല്ല തോന്നൽ മാത്രമായിരുന്നു.

ബോഗൻവില്ലകൾ നട്ടുപിടിപ്പിച്ച നടപ്പാതയുടെ അരുകിലിട്ട സിമന്റ് ബഞ്ചുകളിലൊന്നിൽ തളർച്ചയോടെ അയാളിരുന്നു.

അരുണിമയാർന്ന പടിഞ്ഞാറൻ ചക്രവാളത്തിൽ അന്നത്തെ പ്രയാണം പൂർത്തിയാക്കി പകലോൻ വിശ്രമത്തിനൊ രുങ്ങുകയായിരുന്നു.

തന്റെയും വിശ്രമം ആരംഭിക്കുകയാണ്

കൊഴിഞ്ഞു വീണ ഭൂതകാലത്തിൻ്റെ  കൽപടവുകളിലൂടെ പിന്നോട്ടിറങ്ങിയപ്പോൾ  അയാളുടെ മനസ്സ് മന്ത്രിച്ചു

 എന്താണ് താൻ മറന്നത്.

പറക്കമുറ്റാത്ത മൂന്ന് കുട്ടികളെയും ജീവിതമെന്തെന്നറിയാത്ത ഭാര്യയെയും തനിച്ചാക്കി നെഞ്ചു വേദനയുടെ രൂപത്തിൽ അച്ഛനെ മരണം കൊണ്ടുപോയതോ.

അവിടെ നിന്നും ഒരു പതിനഞ്ചു വയസ്സുകാരൻ തന്റെ കുടുംബത്തെ രക്ഷിക്കാനായി തന്റെ ജീവിതം ഉഴിഞ്ഞു വച്ചതോ.

ചിറകുമുളച്ച സഹോദരങ്ങൾ തങ്ങളുടെ താവളങ്ങൾ തേടി പറന്നകന്നപ്പോൾ ആരോടും പരിഭവം പറയാനാവാതെ പകച്ചു നിന്നതോ.

കാമുകനോടൊപ്പം വീടു വിട്ടിറങ്ങി ചതിക്കപ്പെട്ടു എന്നു  ബോദ്ധ്യമായപ്പോൾ 
ജീവിതം സ്വയം ഹോമിക്കുവാൻ ഒരുങ്ങിയ ഒരുവളെ ജീവിതത്തിൽ തുണയായി കൂട്ടിയതൊ.

ജീവിച്ചു കൊതി തീരുന്നതിനു മുൻപ് ഒരു കുഞ്ഞിനെയുമേൽപ്പിച്ചവൾ മേഘപാളികൾ ക്കുള്ളിൽ പോയ്‌ മറഞ്ഞതോ.

ജീവിതത്തിൽ ഇനിയൊരു തുണ വേണ്ടെന്ന നിശ്ചയത്തോടെ  ജീവിതം ഒറ്റയ്ക്ക് തുഴയാൻ ശ്രമിച്ചതോ

മകനെ വളർത്തി വലുതാക്കി മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന ഇന്നത്തെ നിലയിലാക്കിയതോ.

അവന്റെ ആഗ്രഹപ്രകാരം കയ്യിലൊതുങ്ങുന്നതിനും മേലെയുള്ള വിവാഹബന്ധത്തിന് സമ്മതം മൂളിയതോ.

ഒടുവിൽ ജീവിതസായാഹ്നത്തിൽ താനവർക്കൊരു ഭാരമായപ്പോൾ ഈ വൃദ്ധസദനത്തിൽ കൊണ്ടുവന്നാക്കിയതോ

എന്താണ് താൻ മറന്നത്.

ജീവിക്കുവാനുള്ള തത്രപ്പാടിനിടയിൽ താൻ മറന്നത് തന്റെ ജീവിതം മാത്രം.

അയാൾ ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകൾ അടച്ചു.

രാജീവ് രാധാകൃഷ്ണ പണിക്കർ

Related Posts