LITERATURE

'മഞ്ഞുമ്മൽ ഗേൾസും' നിഗൂഢമായ ഹാങ്ങിംഗ്‌ റോക്കും

Blog Image

നാല് പെൺകുട്ടികൾ-എഡിത്‌ ,മിറാൻഡ , മരിയൻ ,ഇർമ- ആരുമറിയാതെ നിഗൂഢമായ പാറകൾക്കരികിലേക്ക്  പോയി. അഞ്ചുമണിയോടെ സംഘം മടക്കയാത്രയ്ക്ക് തയ്യാറായി.കൂട്ടത്തിലെ നാല് കുട്ടികളെ കാണാഞ്ഞു പരിഭ്രാന്തരായ സംഘം  പരക്കം പായവേ എഡിത്‌ മാത്രം മടങ്ങി വരുന്നു.അവൾക്കാകട്ടെ,ഒന്നും ഓർമ്മയില്ല.വേറേതോ ലോകത്താണവൾ .അപ്പോഴാണറിയുന്നത് ,ടീച്ചർമാരിൽ ഒരാളായ ‌ മക്‌ ക്രോ മിസ്സും മിസ്സിംഗ്‌ !!.


ണ്ടൊരിക്കൽ 'വൂഡ്‌എൻഡിന് 'സമീപത്തെ  സ്വകാര്യ സ്‌കൂളിൽ നിന്ന് ഇരുപത്‌ വിദ്യാർത്ഥിനികളും ഏതാനും ടീച്ചർമാരും  ഉൾപ്പെടുന്ന പിക്നിക്ക്‌  സംഘം നട്ടുച്ചയോടെ  നിഗൂഢതകൾ  നിറഞ്ഞ Hanging Rock ൽ  വന്നു. ഉച്ച തിരിഞ്ഞതും നാല് പെൺകുട്ടികൾ-എഡിത്‌ ,മിറാൻഡ , മരിയൻ ,ഇർമ- ആരുമറിയാതെ നിഗൂഢമായ പാറകൾക്കരികിലേക്ക്  പോയി. അഞ്ചുമണിയോടെ സംഘം മടക്കയാത്രയ്ക്ക് തയ്യാറായി.കൂട്ടത്തിലെ നാല് കുട്ടികളെ കാണാഞ്ഞു പരിഭ്രാന്തരായ സംഘം  പരക്കം പായവേ എഡിത്‌ മാത്രം മടങ്ങി വരുന്നു.അവൾക്കാകട്ടെ,ഒന്നും ഓർമ്മയില്ല.വേറേതോ ലോകത്താണവൾ .അപ്പോഴാണറിയുന്നത് ,ടീച്ചർമാരിൽ ഒരാളായ ‌ മക്‌ ക്രോ മിസ്സും മിസ്സിംഗ്‌ !!.
ദിവസങ്ങളോളം അന്വേഷണ സംഘങ്ങൾ തെരഞ്ഞു.നാലാളെക്കുറിച്ചും ഒരു സൂചനയുമില്ല .ഒരാഴ്ച കഴിഞ്ഞപ്പോൾ ഇർമയെ കണ്ടെത്തി.അവളുടെയും  ഓർമ്മ പാടേ മറഞ്ഞിരുന്നു.


ആഴ്ചകൾക്കുള്ളിൽ ഈ 'നിഗൂഢത'യുടെ നിഴൽ സ്‌കൂളിലേക്കും പടർന്നു .പിക്നിക്ക്‌ സംഘത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി സ്‌കൂളിന്റെ ടവറിൽ  നിന്ന് വീണു മരിച്ചു .അതോടെ ഭീതിപൂണ്ട് വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്ന് കൊഴിഞ്ഞു തുടങ്ങി . മിക്ക ടീച്ചർമാരും  ജോലി രാജിവച്ചു. ആധിപൂണ്ട  മുഖ്യ അദ്ധ്യാപിക  ഹാംഗിങ് റോക്കിൽ നിന്ന് ചാടി ജീവനൊടുക്കി.ഈ ദുരന്തങ്ങളുടെ തുടക്കം ഒരു പ്രണയദിനത്തിലായിരുന്നു.1900 ഫെബ്രുവരി 14 ന് .
മെൽബൺ നഗരത്തിൽ നിന്ന് 75 കിലോമീറ്റർ അകലെ മാസഡോൺ റെയ്ഞ്ചസിൽ വിശാലമായ റിസർവ്  വനത്താൽ ചുറ്റപ്പെട്ട  ഹാങ്ങിംഗ്‌ റോക്ക്  ഇപ്പോഴും നിഗൂഢതയുടെ  നിഴലിലാണ്.
ജൊവാൻ ലിൻഡ്‌സെ എഴുതിയ 'പിക്നിക്ക്‌ അറ്റ്‌ ഹാംഗിങ് റോക്ക്‌ 'എന്ന നോവലാണ് ഹാംഗിംഗ്‌ റോക്കിനെ  പ്രശസ്തമാക്കിയത്.ദുരന്തം നടന്നതോ ഭാവനയോ എന്ന് ജൊവാൻ വെളിവാക്കുന്നില്ല.'അത്‌ 'വായനക്കാരുടെ തീരുമാനത്തിന് വിടുന്നു 'എന്ന  രചനാതന്ത്രമാണ് എഴുത്തുകാരി സ്വീകരിച്ചത്.എന്നാൽ യഥാർത്ഥ സംഭമാണെന്ന സൂചനകൾ നോവലിൽ കോറിയിടുന്നുമുണ്ട്‌   . 1967 ൽ പുറത്തുവന്ന ഈ നോവൽ ഓസ്‌ട്രേലിയൻ സാഹിത്യത്തിലെ എക്കാലത്തെയും മികവുറ്റ കൃതിയായി വാഴ്ത്തപ്പെടുന്നു.1975 ൽ പ്രശസ്ത സംവിധായകൻ പീറ്റർ വെയർ അതേ പേരിൽ സിനിമ നിർമിച്ചു.സിനിമയിലും നോവലിലും ഹാങ്ങിങ് റോക്ക്  നിഗൂഢതകളുടെ രഹസ്യം വെളിപ്പെടുത്തുന്നില്ല.
ഒരുപക്ഷെ ,അതിനുള്ളിൽ 'ഗുണ 'കേവ്സിലേതു പോലെ വിഷവാതകങ്ങൾ ഉറവയെടുക്കുന്നുണ്ടാവാം.
എന്നാൽ 'ദ അബോറിജിനൽ ഹിസ്റ്ററി'എന്ന ചരിത്ര പുസ്തകം ആ നിഗൂഢതകൾ കുറച്ചൊക്കെ അനാവരണം ചെയ്യുന്നു.
കാലങ്ങളോളം  ഓസ്‌ട്രേലിയലിലെ  'വുറുണ്ട്‌ജെറി '( Wurundjeri )ആദിമവാസി  ഉപഗോത്രമായ  Edibolidgitoorong വംശജരുടെ  ആവാസ കേന്ദ്രമായിരുന്നു ഹാങ്ങിങ് റോക്ക്  ഉൾപ്പെടുന്ന വനമേഖല.കരുത്തരായ യോദ്ധാക്കളും വേട്ടക്കാരുമായിരുന്നു അവർ . വൈദേശിക അധിനിവേശത്തിൽ അവരൊക്കെയും ഉന്മൂലനം ചെയ്യപ്പെട്ടതാവാം.


കൊളോണിയൽ അധിനിവേശത്തിനു  വളരെ മുമ്പുതന്നെ ഹാങ്ങിങ് റോക്ക് നിൽക്കുന്ന പ്രദേശം    യുദ്ധ തന്ത്രങ്ങളുടെയും  ആഭിചാരങ്ങളുടെയും ഇടമായിരുന്നു .ഗോത്രങ്ങൾ തമ്മിലുള്ള ഉൾപ്പോരുകൾ  ഒത്തുതീർപ്പാക്കുന്നതിലും  മധ്യസ്ഥരായി ഈ ഗോത്രക്കാർ  നിലകൊണ്ടിരുന്നതായി 'ദി അബോറിജിനൽ ഹിസ്റ്ററി'യിൽ പറയുന്നു .വംശപാരമ്പര്യത്തിന്റെ ഭാഗമായി വിശാലമായ ഈ പ്രദേശങ്ങളിലെ ഗോത്രവംശജർക്ക്   ദീക്ഷ ( initiation ) നൽകുന്ന വേദിയും  ഇവിടെയായിരുന്നു . ഗോത്രവംശജരിൽ  ആത്മീയ പ്രതികരണങ്ങൾ ഉണർത്തിയിരുന്ന  മാസ്മരികശക്തി ഈ പാറകൾക്കുണ്ടെന്നാണ്   അന്നും ഇന്നും ആദിമവാസികളുടെ വിശ്വാസം . ഇവിടം സന്ദർശിച്ച അബോറിജനലുകൾ പൊതുവായി പറഞ്ഞൊരു  കാര്യം 'മുഴുമിപ്പിക്കാതെപോയ  എന്തോ ഒരു ദൗത്യം ' ഇപ്പോഴുമിവിടെ  അവശേഷിക്കുന്നു എന്നാണ്.അതുളവാക്കുന്ന കമ്പനങ്ങൾ ഇവിടത്തെ അന്തരീക്ഷത്തിൽ അവർക്ക്‌ അനുഭവപ്പെട്ടു .'ഏറെനേരം ഇവിടെ നിൽക്കാനാവില്ല .ഉടലും മനസ്സും വല്ലാതെ അസ്വസ്ഥമാകും  ', ആദിമവാസികൾ പൊതുവെ പറയുന്നതായി  രേഖ.
നമ്മുടെ 'ഗുണ' ഗുഹകളിലേതുപോലെ നിഗൂഢമായ അളകളും ഇടുങ്ങിയ ഒറ്റയടിപ്പാതകളും  അഗാധമായ ഗർത്തങ്ങളും ഇതിനുള്ളിലുമുണ്ട്.
മെൽബണിലെ മലയാളി കൂട്ടായ്മകളിൽ പരിചയപ്പെട്ട ബാബുവേട്ടനും ( രാജീവ്‌ വർമ്മ ) എഴുത്തുകാരി ശൈലജ വർമ്മയും ഒരുമിച്ചാണ്  ഞങ്ങൾ ഇന്നലെ ഉച്ചതിരിഞ്ഞ്‌ ഹാംഗിങ് റോക്കിൽ  എത്തിയത്.നടത്തിപ്പുകാർ ആരെയും കാണാനില്ല .കൃത്യമായ നിർദ്ദേശങ്ങൾ എല്ലായിടത്തുമുണ്ട്.ഓഡിയോ വിഷ്വൽ ഷോ ആരുമില്ലെങ്കിലും അനുസ്യൂതം തുടർന്നു കൊണ്ടേയിരിക്കുന്നു  .പാറകളുടെ ചുവട്ടിലേക്ക്   കാട്ടുവഴിയിലൂടെ പോകാം .അതിനപ്പുറം പ്രവേശനമില്ല .നാലഞ്ചു പേരടങ്ങുന്ന ഒരു പറ്റം സഞ്ചാരികളെ കണ്ടു. ഞങ്ങൾ ഹാങ്ങിംഗ്‌ റോക്കിനു ചുറ്റുമുള്ള  നടവഴിയിലൂടെ  ഒരുവട്ടം വലംവച്ചു  വന്നപ്പോൾ  മൂന്നു കിലോമീറ്റർ.അതിനിടെ നിരവധി കങ്കാരുക്കൂട്ടങ്ങളേയും നാനാതരം അപൂർവ പക്ഷികളേയും  കണ്ടു.അപൂർവ്വം സസ്യ - ജന്തു ജനുസ്സുകളുടെ ജൈവ കലവറയാണിവിടം.


6.25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവത നാളിയിൽ നിന്ന്  ഉരുകിവന്ന  മാഗ്മ ഉറഞ്ഞുണ്ടായ  Mamelon ആണ് ഹാംഗിംഗ് റോക്ക് എന്ന് കരുതുന്നു . അതേ കാലയളവിൽ രൂപപ്പെട്ടതായി  കരുതുന്ന  മറ്റ് രണ്ട് മാമലോണുകൾ സമീപത്തുണ്ട്: കാമൽസ് ഹമ്പും  ക്രോസിയേഴ്സ് റോക്ക്സും.
മടക്കയാത്രയ്ക്ക്‌ മുൻപ്‌ ഞങ്ങൾക്ക് പൊതുവായുണ്ടായ തോന്നൽ ഇതായിരുന്നു :ഹാംഗിംഗ് റോക്ക്‌  ഗ്ലൂമിയാണ് !
മൂടിക്കെട്ടിയ നിഗൂഢ മൗനം പേറുന്ന തൂക്കുപാറകൾ!
(ഈ കുറിപ്പിനോടൊപ്പമുള്ള ചിത്രങ്ങളൊന്നിലെ പറ്റമായി നിരത്തുമുറിച്ചു കടക്കുന്ന പക്ഷികളുടെ പേര് കണ്ടെത്താനായില്ല .  ആസ്ട്രേലിയയിലെ പക്ഷികളുടെ പട്ടികയിൽ കാണുന്നില്ല .കനേഡിയൻ ഗൂസുമായി ചെറിയ ഛായ തോന്നുന്നു .അറിയാവുന്നവർ പറഞ്ഞാലും)
പേര് കിട്ടി : ഓസ്‌ട്രേലിയൻ വുഡ് ഡക്ക്‌ 
കടപ്പാട് : ജിതേഷ്‌ പുരുഷോത്തമൻ,മെൽബൺ  ( നൂറനാട് )

കെ.വി മോഹൻ കുമാർ 

Related Posts