LITERATURE

ഞങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങളുടേതല്ല (ലിവിങ് ഡോണര്‍ ഡേ - ഏപ്രില്‍ 11)

Blog Image

ഈ ലോകത്തിലെ നമ്മുടെ സഹജീവികളില്‍ അവരെവിടെയോ ഉള്ളവരാകട്ടെ, അവരുടെ നിസ്സഹായാവസ്ഥ അറിഞ്ഞ് അവര്‍ക്കായി ഒരു സഹായം എത്തിച്ചുകൊടുക്കണമെന്ന ഒരു 'തേടല്‍' നമ്മുടെ ഉള്ളിലുണ്ടാകുമ്പോള്‍ ഒരു വലിയ ദൈവാന്വേഷണം തന്നെയാണ് സംഭവിക്കുന്നത്. ആ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് ദൈവാനുഭവം. ഹൃദയവും മിഴികളും നിറയ്ക്കുന്ന ഒരു സമാധാനമാണത്.


ലീല്‍ ജിബ്രാന്‍ പറയുന്നു: "ചിലരുണ്ട്, അവര്‍ ആഹ്ലാദത്തിനു വേണ്ടിയോ നന്മ ചെയ്യണമെന്നു കരുതിയോ അല്ല ദാനം ചെയ്യുന്നത്. ദൂരെയെങ്ങോ ഒരു താഴ്വരയില്‍ വളരുന്ന മിര്‍ട്ടില്‍ ചെടി അന്തരീക്ഷത്തിലേക്ക് സുഗന്ധം പ്രസരിപ്പിക്കുന്നതുപോലെ അവര്‍ നല്കുന്നു. ഇങ്ങനെയുള്ളവരുടെ കൈകളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഇവരുടെ മിഴികള്‍ക്കകമേയിരുന്നാണ് ദൈവം ഭൂമിക്കുമേല്‍ മന്ദഹസിക്കുന്നത്. ചോദിക്കുമ്പോള്‍ നല്കുന്നത് നല്ലതുതന്നെ. എന്നാല്‍, അറിഞ്ഞു നല്കുന്നത് എത്രയോ ശ്രേഷ്ഠം. ഉദാരമനസ്കരായ ദാതാക്കള്‍ക്ക് ദാനത്തേക്കാള്‍ വലിയ ആനന്ദമാണ് ദാനം സ്വീകരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ആ തേടല്‍."
ഈ ലോകത്തിലെ നമ്മുടെ സഹജീവികളില്‍ അവരെവിടെയോ ഉള്ളവരാകട്ടെ, അവരുടെ നിസ്സഹായാവസ്ഥ അറിഞ്ഞ് അവര്‍ക്കായി ഒരു സഹായം എത്തിച്ചുകൊടുക്കണമെന്ന ഒരു 'തേടല്‍' നമ്മുടെ ഉള്ളിലുണ്ടാകുമ്പോള്‍ ഒരു വലിയ ദൈവാന്വേഷണം തന്നെയാണ് സംഭവിക്കുന്നത്. ആ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് ദൈവാനുഭവം. ഹൃദയവും മിഴികളും നിറയ്ക്കുന്ന ഒരു സമാധാനമാണത്. കൊടുക്കല്‍ വാങ്ങലുകളാണല്ലോ ജീവിതം. മാത്സര്യത്തിന്‍റെയും പ്രായോഗികതയുടെയും ലോകത്തില്‍ സംതൃപ്തി കിട്ടാന്‍ കൊടുക്കലുകള്‍ വേണ്ടിവരും.
ഈ രാജ്യത്ത് തൊണ്ണൂറ്റിരണ്ടായിരത്തിലധികം ആളുകള്‍ വൃക്ക (Kidney) എന്ന അവയവത്തിന് കേടുവന്ന് ഡയാലിസിസുമായി ജീവിച്ച്, എന്നോ കിട്ടിയേക്കാവുന്ന കേടില്ലാത്ത ഒരു വൃക്കയും കാത്ത് ജീവിക്കുമ്പോള്‍ ഈ കുറിപ്പെഴുതാതിരിക്കാന്‍ കഴിയുന്നില്ല. ഓരോ പതിന്നാലു മിനിറ്റിലും ആ കാത്തിരിപ്പുകാരുടെ ലിസ്റ്റിലേക്ക് ഒരു പേരുകൂടി എഴുതി ചേര്‍ക്കപ്പെടുന്നു. ഈ ഹതഭാഗ്യരില്‍ ഒരാള്‍, ഓരോ മണിക്കൂറിലും മരിക്കുകയോ സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലേക്ക് എത്തപ്പെടുകയോ ചെയ്യുന്നു. ഇതില്‍ ഇന്നോ നാളെയോ നിങ്ങളുണ്ടാകാം. നിങ്ങളുടെ പ്രിയപ്പെട്ടവരുണ്ടാകാം. ചിലപ്പോള്‍ പരിചിതരുണ്ടാകാം. ആയിരക്കണക്കിനാളുകള്‍ നിങ്ങളെ അറിയാത്തവരോ നിങ്ങളറിയാത്തവരോ ആയിരിക്കും. ഈ മനുഷ്യര്‍ കടന്നുപോകുന്ന നിസ്സഹായാവസ്ഥകളിലൂടെ ഒരിക്കലും ആരും കടന്നുപോകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ശരീരമെന്ന സങ്കീര്‍ണ്ണമായ യന്ത്രത്തിന്‍റെ ഓരോ ഭാഗങ്ങളും എത്ര വിലപ്പെട്ടതാണെന്ന് അതിലൊന്നിന് കേടുവന്നാല്‍ മാത്രമേ മനസ്സിലാകൂ. ഇതില്‍ ചിലതിന് കേടുവന്നാല്‍ നന്നാക്കിയെടുക്കാം. പക്ഷേ, മാറ്റിവെച്ചാല്‍ ശരിയായി കിട്ടുന്ന യന്ത്രങ്ങളില്‍ ഒന്നാണ് കിഡ്നി. ഭൂരിപക്ഷം ആളുകളും ജനിക്കുന്നത് രണ്ട് വൃക്കകളുമായിട്ടാണ്. ഇതു രണ്ടും ഒരേ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇതില്‍ ഒന്നിനു തനിയെ ചെയ്യാവുന്ന ജോലികളാണ് രണ്ടുപേരും കൂടി ചെയ്യുന്നത്. പ്രവര്‍ത്തനക്ഷമമാണെങ്കില്‍ മനുഷ്യശരീരത്തിന് ഒരു വൃക്കയുടെ ആവശ്യമേയുള്ളൂ. പൊതുവെ സമൂഹത്തില്‍ പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു യാഥാര്‍ത്ഥ്യമാണിത്. വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സത്യം. നമുക്ക് രണ്ടുള്ളതില്‍ ഒന്ന് ദാനം കൊടുക്കുമ്പോള്‍ നമുക്കു കാര്യമായ നഷ്ടങ്ങള്‍ ഒന്നുമുണ്ടാകുന്നില്ല. സ്വീകരിക്കുന്ന വ്യക്തിക്ക് ജീവനും ജീവിതവും തിരിച്ചുകിട്ടുന്നു. കൂടുതല്‍കാലം (20-40 വര്‍ഷങ്ങള്‍) ആരോഗ്യകരമായ ജീവിതം കിട്ടുന്നു.


ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം വൃക്ക മാറ്റിവെക്കലിനായി പേരു ചേര്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ 3-10 വര്‍ഷങ്ങളാണ് കാത്തിരിപ്പുസമയം. ഇതിനോടകം രോഗിയുടെ ആരോഗ്യാവസ്ഥ സങ്കീര്‍ണ്ണമാകാന്‍ സാദ്ധ്യത വളരെക്കൂടുതലാണ്. രോഗിയുടെ ഊര്‍ജ്ജം മാത്രമല്ല അവരുമായി ബന്ധപ്പെട്ടവരുടെ ഊര്‍ജ്ജവും സമാധാനവും സന്തോഷങ്ങളും ജീവിതതാളങ്ങള്‍ വരെ താഴ്ന്ന നിലയിലാകുവാനും സാദ്ധ്യതകള്‍ ഏറെയാണ്. 


ഒരാള്‍ വൃക്കദാനത്തിന് തയ്യാറായാല്‍, അവരുടെ ബന്ധുവിന് അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് അത് യോജിച്ചതല്ലെങ്കില്‍ (Match) പോലും ആ സംരംഭത്തിലൂടെ ആ വ്യക്തിയെ സഹായിക്കാന്‍ സാധിക്കും. അതിനുള്ള സംവിധാനങ്ങള്‍ non direct
donation, swap program, compatible share voucher program എന്നിങ്ങനെ പല പേരുകളിലുണ്ട്. നിങ്ങള്‍ ദാനം നല്കുന്നതിലൂടെ തന്നെ നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് നേരിട്ടല്ലെങ്കില്‍ പോലും പ്രയോജനമുണ്ടാകുന്നുണ്ട്. നമ്മളറിയാത്ത, നമ്മളെ അറിയാത്ത അജ്ഞാതനായ ഒരാള്‍ക്ക് ജീവിതം തിരിച്ചുപിടിച്ചു കൊടുക്കുന്നതിനോളം സംതൃപ്തി നമുക്ക് വേറെ എവിടെനിന്നു കിട്ടും?
ആരോഗ്യവാനായ ഓരോ വ്യക്തിയും വൃക്കദാനത്തിന് അനുയോജ്യനാണ്. വൃക്കദാനത്തിനു മുന്നോടിയായുള്ള പരിശോധനകളുടെ ചെലവ്, ശസ്ത്രക്രിയ, അതിന് അനുബന്ധമായ ചെലവുകള്‍ ഒന്നുംതന്നെ ദാതാവിന്‍റെ ഉത്തരവാദിത്വമല്ല. ഇതെല്ലാം വൃക്ക ദാനം സ്വീകരിക്കുന്നയാളിന്‍റെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സാണ് ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്നത്. അതേസമയം പണം വാങ്ങി വൃക്ക ദാനം കൊടുക്കുന്നത് അമേരിക്കയില്‍ നിയമവിരുദ്ധമാണ്. സാധാരണഗതിയില്‍ ദാതാവിന്‍റെ ലാപ്രോസ്കോപ്പി (താക്കോല്‍ദ്വാര ശസ്ത്രക്രിയ) ശസ്ത്രക്രിയയ്ക്കുശേഷം രണ്ടു മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ണ്ണ ആരോഗ്യവാനായി പഴയ രീതിയില്‍ ജീവിതം തുടരാന്‍ കഴിയും. മറ്റ് ആരോഗ്യതടസ്സങ്ങളോ പുതിയ മരുന്നുകളോ ഒന്നും വേണ്ടിവരുന്നില്ല.
ഈ കുറിപ്പുകളെഴുതുമ്പോള്‍ എനിക്ക് പല കാര്യങ്ങളും സത്യസന്ധമായി പറയാന്‍ കഴിയുന്നത് ഞാന്‍ 2020 സെപ്റ്റംബര്‍ പതിനാറാം തീയതി ഈ കഥയിലെ നായികയായതുകൊണ്ടാണ്. എന്‍റെ ഭര്‍ത്താവിനു വേണ്ടി ഒരു വൃക്ക ദാനം ചെയ്യുവാന്‍ എടുത്ത തീരുമാനം എന്തുമാത്രം ശരിയായിരുന്നു എന്ന് ഓര്‍ത്ത് എന്നും അഭിമാനിക്കുന്നു. ഞങ്ങളില്‍ ഒരാളുടെ ജീവനും മരണവും രണ്ടു വശങ്ങളിലായി ഒരു പ്രശ്നമായി നിന്നപ്പോള്‍ അതിനുള്ള പരിഹാരം എന്താണ് എന്നാണ് ചിന്തിച്ചത്. ഒരേദിവസം ഒരേ ആശുപത്രിയില്‍ മാതാപിതാക്കളെ രണ്ടുപേരെയും ഒരേസമയം ശസ്ത്രക്രിയാ മുറിയിലേക്ക് യാത്രയാക്കിയ ഞങ്ങളുടെ മൂന്നു മക്കളുടെ മാനസ്സികാവസ്ഥ എന്തായിരുന്നിരിക്കും എന്നൊക്കെ ഓര്‍ക്കാന്‍ തോന്നിയില്ല. ഒരു വര്‍ഷക്കാലം ഒരു മുറിയില്‍ രാത്രി എട്ടു മണി മുതല്‍ വെളുപ്പിനെ നാലു മണിവരെ പെരിട്ടോണിയല്‍ ഡയാലിസിസ് മെഷീനുമായി സ്വയം ബന്ധിപ്പിച്ച് എട്ടുപത്തടി വിസ്തീര്‍ണ്ണതയില്‍ ചുരുങ്ങപ്പെട്ട അവരുടെ പിതാവിന്‍റെ സ്വാതന്ത്ര്യം മാത്രമായിരുന്നു അന്നെന്‍റെ മനസ്സില്‍. അത് എന്‍റെ സ്വാര്‍ത്ഥത! ഭര്‍ത്താവിനു വേണ്ടി വൃക്ക ദാനം നടത്തിയ പ്രദീപിന്‍റെ പ്രിയപത്നി ബിജിമോളായിരുന്നു എനിക്കു പ്രചോദനം. ഞങ്ങളെക്കാളും ഉയരങ്ങളില്‍ ഞാന്‍ കാണുന്ന സോഫിയാമ്മ എന്ന പെണ്‍കുട്ടി അവളുടെ ചേച്ചിയുടെ മകനുവേണ്ടിയാണ് വൃക്കദാനം നടത്തിയത്. ചിക്കാഗോയില്‍ താമസിക്കുന്ന ഞങ്ങള്‍ക്കെല്ലാവര്‍ക്കും മുമ്പേ നടന്ന എനിക്കു പേരറിയാത്ത, സ്വയം വെളിപ്പെടുത്താത്ത എത്രയോ പേര്‍. 6900-നു മുകളില്‍ ദാതാക്കള്‍ 2023-ലുണ്ടായിരുന്നു. ഏപ്രില്‍ പതിനൊന്ന്. ഇതു ഞങ്ങളുടെ ദിവസമാണ്. നാഷണല്‍ ലിവിംഗ് ഡോണര്‍ ഡേ (National Living Donor Day)കൊടുക്കുന്ന ആളും സ്വീകരിക്കുന്ന ആളും സ്വീകര്‍ത്താക്കളാണെന്ന ബോദ്ധ്യം ഞങ്ങള്‍ക്കുണ്ട്. കാരണം ഞങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങളുടേതല്ല- ഞങ്ങള്‍ക്ക് നല്കപ്പെട്ടതാണ് എന്ന ബോദ്ധ്യം ഞങ്ങള്‍ക്കുണ്ട്. എല്ലാവര്‍ക്കും ശുഭാശംസകള്‍!

ലൂസി കണിയാലി (ചിക്കാഗോ)

Related Posts