Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ `അമ്മ'യില്‍ ദിലീപിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കി ജഗദീഷും സിദ്ദിഖും. വനിതാ കൂട്ടായ്മ ‍(ഡബ്ല്യു.സി.സി.) രണ്ടു ദിവസം മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയായി ട്രഷറര്‍ ജഗദീഷ് 'അമ്മ' വക്താവെന്ന പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അനുനയ സമീപനമായിരുന്നെങ്കില്‍ അതു പൂര്‍ണ്ണമായി തള്ളിയും ജഗദീഷിനെത്തന്നെ തള്ളിപ്പറഞ്ഞുമായിരുന്നു സെക്രട്ടറി സിദ്ദിഖിന്‍റെ പത്രസമ്മേളനം. തങ്ങളുടേതാണ് 'അമ്മ'യുടെ ഔദ്യോഗിക നിലപാടെന്നും പ്രസിഡണ്ട് മോഹന്‍ലാലിനോട് ആലോചിച്ചാണ് ഇതെന്നും രണ്ടുപേരും അവകാശപ്പെട്ടു.
ദിലീപിന്‍റെ കാര്യത്തില്‍ സംഘടനാ നിലപാട് നിയമപ്രകാരമായിരുന്നെന്നു സ്ഥാപിക്കുന്ന ജഗദീഷിന്‍റെ പത്രക്കുറിപ്പില്‍ വൈകാതെ ജനറല്‍ബോഡി വിളിച്ച് ധാര്‍മ്മികതയിലൂന്നിയ തീരുമാനം കൈക്കൊള്ളുമെന്നും സൂചിപ്പിച്ചു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കാന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചതായും ഇതിലുണ്ട്. പക്ഷേ, ദിലീപ് രാജിക്കത്തു നല്‍കിയ കാര്യം പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചി‍ട്ടില്ല.
എന്നാല്‍, ജനറല്‍ബോഡി ഉടന്‍ വിളിക്കേണ്ട ആവശ്യമില്ലെന്നും രാജിവെച്ചവരോടും എതിര്‍ത്തു സംസാരിച്ചവരോടും ഒരു സന്ധിയുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന നടി കെപിഎസി ലളിതയും പിന്‍താങ്ങി. രാജിവെച്ചവര്‍ വീണ്ടും അംഗമാകാന്‍ അപേക്ഷ നല്‍കിയാലേ പരിഗണിക്കൂ. പത്രക്കുറിപ്പിറക്കാന്‍ ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വക്താവല്ല, ട്രഷറര്‍ മാത്രമാണെന്നും സിദ്ദിഖ് പറഞ്ഞു.

ന്യൂഡല്‍ഹി: അഭിഭാഷകരായ മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കേരളാ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശുപാര്‍ശ. അഭിഭാഷകരമായ വി.ജി. അരുണ്‍, എന്‍. നഗരേഷ്, പി.വി. കുഞ്ഞിക്കൃഷ്ണന്‍ എന്നിവരെയും ജുഡീഷ്യല്‍ ഓഫീസര്‍മാരായ ടി.വി. അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നിവരെയുമാണ് ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. കൊളീജിയത്തിന്‍റെ ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം അംഗീകരിച്ച് രാഷ്ട്രപതിയുടെ അനുമതിക്കായി കൈമാറും. രാഷ്ട്രപതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അഭിഭാഷകരായ എസ്. രമേശ്, വിജു ഏബ്രഹാം, ജോര്‍ജ് വര്‍ഗീസ് എന്നിവരുടെ നിയമന കാര്യത്തില്‍ തീരുമാനമെടുക്കുന്നതു കൊളീജിയം നീട്ടിവെച്ചു. എന്നാല്‍, കേരള ഹൈക്കോടതി കൊളീജിയും ശുപാര്‍ശ ചെയ്ത പി. ഗോപാലിനെ ജഡ്ജിയാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി കൊളീജിയം വിയോജിച്ചു.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാതിരിക്കാന്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ തുക പിടിക്കുമെന്ന പത്താം വ്യവസ്ഥയ്ക്കാണ് സ്റ്റേ. വിസമ്മതപത്ര വ്യവസ്ഥയില്‍ നിര്‍ബന്ധത്തിന്‍റെ ധ്വനിയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാറും എ.എം. ബാബുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. എന്‍ജിഒ സംഘിനുവേണ്ടി പ്രസിഡണ്ട് പി. സുനില്‍കുമാറുള്‍പ്പെടെ നാലുപേരാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാന അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണലിനെയാണ് ഹര്‍ജിക്കാര്‍ ആദ്യം സമീപിച്ചിരുന്നതെങ്കിലും ആവശ്യം അനുവദിച്ചില്ല. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ അത് അനുമതിയായി കാണുമോയെന്ന് കോടതി ചോദിച്ചപ്പോള്‍ സമ്മതമായി കാണുമെന്നും ഗഡുക്കളായേ തുക പിടിക്കൂവെന്നും അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ജീവനക്കാരന്‍ അനുമതി എഴുതി നല്‍കിയാലേ തുക പിടിക്കാവൂ എന്ന് കര്‍ണാടക ഹൈക്കോടതി വിധിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Sponsored Advertisments