Kerala Express

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയം നടത്തുന്നതിനായി ബി നിലവറ തുറക്കണമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇതു ക്ഷേത്രാചാരങ്ങളെ മറികടക്കുകയോ വിശ്വാസങ്ങളെ വ്ര‌ണപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇക്കാര്യം രാജകുടുംബവുമായി ചര്‍ച്ച ചെയ്തു നിലപാട് അറിയിക്കാന്‍ കോടതി അമിക്കസ് ക്യൂറിയോടു നിര്‍ദ്ദേശിച്ചു. ഇതേസമയം, ക്ഷേത്രത്തിലെ വജ്രം കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യം കോടതി തള്ളി.
ബി നിലവറ തുറക്കുന്നതു വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും തുറക്കാന്‍ പാടില്ലെന്നു തന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദ്ദേശമുണ്ടെന്നും രാജകുടുംബത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ വാദിച്ചു. ക്ഷേത്ര വരവുചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഫിനാന്‍സ് കണ്‍ട്രോളറെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു. മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം നിര്‍ദ്ദേശിക്കണം.
തുറക്കാന്‍ കടമ്പകളേറെ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതക്കോണിലാണു ബി നിലവറ. പ്രവേശന മുറിയിലെ നിക്ഷേപങ്ങളുടെ കണക്കെടുത്തിട്ടുണ്ടെങ്കിലും മുഖ്യ അറ തുറന്നിട്ടില്ല. കരിങ്കല്‍ പാളികള്‍ വച്ച് ഈ അറയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. യന്ത്രസഹായത്താല്‍ കരിങ്കല്‍ പാളികള്‍ മാറ്റുക അസാധ്യം. സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനു പ്രായോഗിക പ്രശ്നങ്ങളുമുണ്ട്. അറയ്ക്കുള്ളില്‍ എന്ത് എന്നതിനെപ്പറ്റി ഊഹാപോഹങ്ങള്‍ മാത്രം.

Sponsored Advertisments