Kerala Express

തിരുവനന്തപുരം: സ്കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതനുസരിച്ചു സ്കൂളിന്‍റെ മേധാവി പ്രിന്‍സിപ്പലായിരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കോളജുകളില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയത് അതിനെ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കാനായിരുന്നു. താല്‍ക്കാലിക സംവിധാനം എന്ന നിലയിലായിരുന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് രൂപീകരിച്ചത്. ഒന്നു മുതല്‍ 12 വരെ ഒറ്റ സംവിധാനമായി പ്രവര്‍ത്തിക്കണം. ഒരു സ്ഥാപനത്തില്‍ രണ്ടു മേധാവികള്‍ ഗുണകരമല്ല. സ്കൂളിന്‍റെ മേധാവി പ്രിന്‍സിപ്പലാകുന്നതോടെ അവരെ സഹായിക്കാന്‍ ജീവനക്കാരില്ലാത്ത അവസ്ഥയ്ക്കും പരിഹാരമാകും. എയ്ഡഡ് സ്കൂളുകള്‍ക്കു ഗവണ്‍മെന്‍റ് എയ്ഡഡ് സ്കൂള്‍ എന്ന പേര് നല്‍കണമെന്ന അധ്യാപകരുടെ നിര്‍ദ്ദേശം പരിഗണിക്കും. അക്കാദമിക് കാര്യങ്ങളില്‍ എയ്ഡഡ് മേഖലയെ മാറ്റിനിര്‍ത്തില്ല. എയ്ഡഡ് മാനേജര്‍മാര്‍ക്കു ശിക്ഷിക്കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതു നടപ്പാക്കാനുള്ള പ്രയാസം വിശദീകരിച്ചു മുഖ്യമന്ത്രി അതു പരിശോധിക്കുമെന്നു പറഞ്ഞു.

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളും ശിപാര്‍ശകളും ഹൈക്കോടതി ഒഴിവാക്കി. സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും ആവശ്യം ഹൈക്കോടതി തള്ളി. സരിതാ നായര്‍ എഴുതിയ ലൈംഗിക ആരോപണങ്ങള്‍ അടങ്ങിയ കത്ത് അടിസ്ഥാനമാക്കി കമ്മീഷന്‍ നടത്തിയ കണ്ടെത്തലുകളും ശിപാര്‍ശകളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഭാഗമാണു ഹൈക്കോടതി റദ്ദാക്കിയത്. കത്തുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനു നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

കോട്ടയം: ഭൗതികശാസ്ത്രത്തിലെ അതുല്യ പ്രതിഭയും മലയാളിയുമായ ഇ.സി.ജി. സുദര്‍ശന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം. ഒമ്പതു തവണ ഭൗതിക നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെട്ടുവെങ്കിലും സമ്മാനം ലഭിച്ചില്ല. പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച പരികല്പനകളാണു ഭൗതികശ്രദ്ധ നേടിയെടുത്തത്. ക്വാണ്ടം വ്യൂഹങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ എന്തു സംഭവിക്കും എന്ന കാര്യം പരിഗണിക്കുന്ന ക്വാണ്ടം സീറോ ഇഫക്ട് സുദര്‍ശന്‍റെ സുപ്രധാന സംഭാവനയാണ്. ക്വാണ്ടം ഒപ്റ്റിക്സായിരുന്നു സുദര്‍ശന്‍റെ ഇഷ്ടമേഖല. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ പഠന നിരീക്ഷണങ്ങളും ഈ മേഖലയിലായിരുന്നു. 2007ല്‍ പദ്മവിഭൂഷണ്‍ നല്‍കി രാജ്യം ഡോ. സുദര്‍ശനെ ആദരിച്ചു. കോട്ടയം ജില്ലയിലെ പള്ളത്ത് 1931 സെപ്റ്റംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്. പിതാവ് എണ്ണയ്ക്കല്‍ തറവാട്ടില്‍ ഇ.ഐ. ചാണ്ടി റവന്യൂ സൂപ്പര്‍വൈസറും മാതാവ് അച്ചാമ്മ അധ്യാപികയുമായിരുന്നു. തമിഴ്നാട് സ്വദേശിനി ഭാമതിയാണു ഭാര്യ. അലക്സാണ്ടര്‍, പരേതനായ അരവിന്ദ്, അശോക് എന്നിവര്‍ മക്കളാണ്.

Sponsored Advertisments