Kerala Express

ലണ്ടന്‍: നൂറിലേറെ വര്‍ഷങ്ങളായി മനുഷ്യശരീരത്തില്‍ 78 അവയവങ്ങളുണ്ടെന്നാണ് അനാട്ടമി ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്. ഇനിയിതാ, പുതുതായി ഒരവയവംകൂടി. മെസെന്‍ററി.

ഹൃദയം, മസ്തിഷ്കം, ശ്വാസകോശം, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളടക്കം ജീവന്‍ നിലനിര്‍ത്തുന്ന 78 അവയവങ്ങളാണു ശരീരത്തിലുള്ളതെന്ന പാഠമാണ് തിരുത്തിയെഴുതപ്പെടുന്നത്. മനുഷ്യശരീരത്തിന്‍റെ ഘടന പഠിക്കുമ്പോള്‍, മെസെന്‍ററി ഇന്നേവരെ അവയവമായി പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, അയര്‍ലന്‍ഡിലെ ഒരു സംഘം ഗവേഷകരാണു കുടലിനെയും മറ്റും ‌ഉദര ഭിത്തിയോടു (പെരിട്ടോണിയം) ചേര്‍ത്തുനിര്‍ത്തുന്ന, സ്തരങ്ങളുടെ മടക്കായ മെസെന്‍ററി അവയവം തന്നെയാണെന്നു തിരിച്ചറിഞ്ഞത്. ലിമറിക് യൂണിവേഴ്സിറ്റിയിലെ സര്‍ജറി പ്രൊഫസര്‍ ജെ. കാല്‍വിന്‍ കൊഫീയുടെ നേതൃത്വത്തിലുള്ള സംഘമാണു ശരീരഘടനാ ശാസ്ത്രത്തില്‍ ഈ പൊളിച്ചെഴുത്തു നടത്തിയത്. ശരീരത്തിലെ ദഹനവ്യവസ്ഥയുടെ ഭാഗമായ മെസെന്‍ററി സ്വന്തം വ്യക്തിത്വം വീണ്ടെടുത്തതോടെ ഇതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കൂടുതല്‍ കൃത്യതയോടെ നിര്‍ണയിക്കാനും ചികിത്സിക്കാനും കഴിയും. മെസെന്‍ററിയുടെ കൃത്യമായ പ്രവര്‍ത്തനമെന്താണെന്നാണ് ഇനി കണ്ടെത്താനുള്ളത്.
പല പാളികളായി വേര്‍തിരിഞ്ഞു കിടക്കുന്നതുപോലെ തോന്നിപ്പിച്ച മെസെന്‍ററി മറ്റേതൊരു അവയവം പോലെയും ഏകീകൃത ഘടനയുള്ളതാണെന്നു ശാസ്ത്രജ്ഞര്‍ക്കു ബോധ്യമായി. മെസെന്‍ററിയെ അവയവമെന്ന നിലയില്‍ സമീപിക്കുന്നതോടെ രോഗനിര്‍ണയത്തിലും പുതിയ തരംതിരിവു വേണ്ടിവരും. ഈ അവയവം ഇടയാക്കുന്ന രോഗങ്ങള്‍ മറ്റ് ആമാശയ രോഗങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കേണ്ടി വരും. ഗാസ്ട്രോഎന്‍ററോളജി എന്നിവപോലെ തന്നെ മെസെന്‍ററിക് സയന്‍സ് എന്നൊരു പുതിയ പഠനശാഖ ഇനി രൂപപ്പെടും എന്നര്‍ത്ഥം. മെസെന്‍ററി സംബന്ധിച്ച കൂടുതല്‍ പഠനം നടത്തുന്നതോടെ ശസ്ത്രക്രിയകളുടെ ആവശ്യം കുറഞ്ഞേക്കാം. ചികിത്സയിലെ സങ്കീര്‍ണതകള്‍ കുറയും. അതിവേഗം രോഗവിമുക്തി ലഭിക്കാനും അങ്ങനെ ചികിത്സാച്ചെലവു കുറയാനും പുതിയ കണ്ടെത്തല്‍ സഹായകമാണെന്നു കരുതുന്നു,. ഗവേഷണ വിവരങ്ങള്‍ 'ദ് ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Sponsored Advertisments