LITERATURE

പാതിമുറിഞ്ഞ പാട്ടോർമ്മകൾ... ഗിരീഷ് പുത്തഞ്ചേരിയുടെ ജന്മവാർഷികദിനം

Blog Image

ലളിതസുന്ദരമധുര ഗാനങ്ങളുടെ ചക്രവർത്തിയാണ് ഗിരീഷ് പുത്തഞ്ചേരി. ആസ്വാദകമനസ്സുകളിൽ ഇടം നേടിയ ഒട്ടേറെ ജനപ്രിയ ഗാനങ്ങളുടെ രചയിതാവ്. ഏതൊരാൾക്കും ആസ്വദിക്കാൻ കഴിയും വിധം ലാളിത്യമാർന്ന ഭാഷയിൽ അദ്ദേഹം രചിച്ച വരികൾ മലയാളികളുടെ ഹൃദയം കവർന്നപ്പോൾ സ്നേഹത്തിന്റെ ഭാഷ തന്നെയാണ് സംഗീതത്തിന്റെയും ഭാഷ എന്ന് നമ്മൾ തിരിച്ചറിയുകയായിരുന്നു.


ലളിതസുന്ദരമധുര ഗാനങ്ങളുടെ ചക്രവർത്തിയാണ് ഗിരീഷ് പുത്തഞ്ചേരി. ആസ്വാദകമനസ്സുകളിൽ ഇടം നേടിയ ഒട്ടേറെ ജനപ്രിയ ഗാനങ്ങളുടെ രചയിതാവ്. ഏതൊരാൾക്കും ആസ്വദിക്കാൻ കഴിയും വിധം ലാളിത്യമാർന്ന ഭാഷയിൽ അദ്ദേഹം രചിച്ച വരികൾ മലയാളികളുടെ ഹൃദയം കവർന്നപ്പോൾ സ്നേഹത്തിന്റെ ഭാഷ തന്നെയാണ് സംഗീതത്തിന്റെയും ഭാഷ എന്ന് നമ്മൾ തിരിച്ചറിയുകയായിരുന്നു.
1961 മെയ്‌ 1 ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പുളിക്കൂൽ കൃഷ്ണപ്പണിക്കരും മീനാക്ഷിയമ്മയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ചെറുപ്പത്തിൽ തന്നെ എഴുത്തിൽ തത്പരനായിരുന്ന അദ്ദേഹം പഠനകാലത്തു തന്നെ നിരവധി നാടകങ്ങൾ എഴുതിയിരുന്നു. ലളിതഗാനങ്ങൾ എഴുതിക്കൊണ്ടായിരുന്നു ഗിരീഷ് പുത്തഞ്ചേരി ഗാനരചനയിലേക്ക് കടന്നുവരുന്നത്. ആകാശവാണിക്ക് വേണ്ടിയും എച്. എം. വി, തരംഗിണി എന്നീ റെക്കോർഡിങ് കമ്പനികൾക്ക് വേണ്ടിയും അദ്ദേഹം ലളിതഗാനങ്ങൾ എഴുതിയിരുന്നു.
1989 ൽ പുറത്തിറങ്ങിയ 'എൻക്വയറി' എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്രഗാനരംഗത്തേക്ക് കടന്നുവരുന്നത്. പക്ഷെ ആ ചിത്രത്തിലെ ഗാനങ്ങൾ വേണ്ടത്ര ജനശ്രദ്ധ ആകർഷിച്ചില്ല. 1992 ൽ പുറത്തിറങ്ങിയ ജയരാജ്‌ സംവിധാനം ചെയ്ത ജോണി വാക്കറിലെ പാട്ടുകളാണ് ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിന് ആദ്യമായി പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. ജോണി വാക്കറിലെ 'ശാന്തമീ രാത്രിയിൽ' എന്ന പാട്ട് ഏറെ ശ്രദ്ധയാകർഷിച്ചു. പിന്നീട് 1993 ൽ പുറത്തിറങ്ങിയ ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരമാണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ നാഴികക്കല്ല് എന്ന് പറയാം. ദേവാസുരത്തിലെ 'സൂര്യകിരീടം വീണുടഞ്ഞു' എന്ന പാട്ടിലൂടെ അദ്ദേഹം  കീഴടക്കിയത് അനേകായിരം ആസ്വാദകഹൃദയങ്ങളായിരുന്നു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മധുരമനോഹര ഗാനങ്ങളുടെ കാലമായിരുന്നു.
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, അരയന്നങ്ങളുടെ വീട്, കന്മദം, പ്രണയവർണ്ണങ്ങൾ, ബാലേട്ടൻ, അഗ്നിദേവൻ, ഈ പുഴയും കടന്ന്, മായാമയൂരം, സമ്മർ ഇൻ ബത് ലഹേം, മിന്നാരം, ഹിറ്റ്ലർ, വടക്കുംനാഥൻ, ആറാം തമ്പുരാൻ, പുനരധിവാസം, കഥാവശേഷൻ, രാവണപ്രഭു എന്നീ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. കാവ്യഭംഗിയും ലാളിത്യവും ആർദ്രതയും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ സാധാരണക്കാരായ പ്രേക്ഷകരുടെ ഹൃദയങ്ങളിലാണ് ഇടം പിടിച്ചത്. അതുകൊണ്ട് തന്നെ ഏറെ ജനകീയനായ ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി എന്ന് നിസ്സംശയം പറയാം.
ഗാനരചനയ്ക്ക് പുറമേ മേലെപ്പറമ്പിൽ ആൺവീട്, അടിവാരം, കേരളഹൗസ് ഉടൻ വിലപ്പനക്ക് എന്നീ ചിത്രങ്ങളുടെ കഥയും കിന്നരിപ്പുഴയോരം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ എന്നീ ചിത്രങ്ങളുടെ തിരക്കഥയും എഴുതിയത് അദ്ദേഹമായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ഏഴു തവണ അദ്ദേഹത്തെ തേടിയെത്തി. അഗ്നിദേവൻ, കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൗരിശങ്കരം, കഥാവശേഷൻ എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് അദ്ദേഹം സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. 2010 ഫെബ്രുവരി 10 ന് തന്റെ നാല്പത്തിയൊൻപതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ മലയാളിക്ക് നഷ്ടമായത് മനസ്സ്തൊടുന്ന വരികളുടെ മായികവസന്തമായിരുന്നു.
ആരും കൊതിക്കുന്ന കയ്യടക്കത്തോടെ, മനസ്സിൻ മൺവീണയിൽ വിരൽ നീട്ടിക്കൊണ്ട്, ആകാശദീപങ്ങൾ സാക്ഷിയാക്കി വന്ന ഒരു കാവ്യനക്ഷത്രം നെഞ്ചിലെ പാട്ടിൻ മൺവിളക്ക് അണച്ചുകൊണ്ട് കടന്നുപോയെങ്കിലും ഇപ്പോഴും മനസ്സിന്‍ മണിച്ചിമിഴില്‍ പെയ്തുനിറയുന്നുണ്ട് രാത്രിമഴ പോലെ ആ പാട്ടോര്‍മ്മകൾ...

ദിവ്യ എസ് മേനോൻ

Related Posts