LITERATURE

ചെറിയ പെരുന്നാളിന് ഒരു പ്ലേറ്റ് സ്നേഹം

Blog Image

മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിച്ച് കാണുന്നതും അതിന്റെ പേരിൽ വെറുക്കുന്നതും നീതിയല്ല.
ആളുകൾ പരസ്പരം സ്നേഹിക്കാൻ എല്ലാവരും ഒരേപോലെ പങ്കെടുക്കുന്ന ആഘോഷങ്ങൾ നമ്മൾ സങ്കടിപ്പിക്കേണ്ടതുണ്ട്. ഈ പെരുന്നാൾ എന്നിങ്ങനെയുള്ള ആഘോഷങ്ങളുടെ ദിനമായിത്തീരട്ടെ എന്നാശംസിക്കുന്നു.


മട്ടാഞ്ചേരിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു ജനിച്ച ഞാൻ രണ്ടുവയസ് മുതൽ വളർന്നത് പള്ളുരുത്തി എന്ന ഗ്രാമത്തിലാണ്. ഏറണാട്ട് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തായിരുന്നു ഞങ്ങളുടെ ഓലപ്പുര. ജാതിമതബദ്ധമന്യേ അവിടെയുള്ള എല്ലാവരുടെയും വീട്ടുപേര് കിഴക്കേടത്തു എന്നായിരുന്നു. ആ ഭാഗത്ത് താമസിക്കാൻ ചെല്ലുന്ന ആദ്യത്തെ മുസ്ലിം കുടുംബമായിരുന്നു ഞങ്ങളുടേത്. മരപ്പണിക്കാരും, കല്പണിക്കാരും, ആല നടത്തുന്ന കൊല്ലന്മാരും ഒക്കെ താമസിക്കുന്ന ഒരിടത്താണ് ചുമട്ടുതൊഴിലാളിയായിരുന്ന ഞങ്ങളുടെ ബാപ്പ സ്ഥലം വാങ്ങി വീട് വച്ചത്. കുറെ വീടുകൾ മതിലുകൾ പങ്കിടുന്ന, അഞ്ചോ ആറോ കുടുംബങ്ങൾക്ക് ഒരു കിണറും കുളിമുറിയും ഉള്ള, വീടിന്റെ മുൻവശത്തുകൂടി അഴുക്കുചാൽ ഒഴുകുന്ന മട്ടാഞ്ചേരിയിലെ ചേരികളിൽ നിന്ന്  വിശാലമായ പറമ്പുകളും കുളങ്ങളുമെല്ലാമുള്ള പള്ളുരുത്തിയിലേക്ക് ഉള്ള മാറ്റം ഞങ്ങൾക്ക് വലിയൊരു അനുഭവമായിരുന്നു.
വീടുകൾ തമ്മിൽ മതിലുകൾ പോയിട്ട് വേലി പോലും ഇല്ലാത്ത ഒരു ഗ്രാമമായിരുന്നു പള്ളുരുത്തി അന്ന്. ഒഴിഞ്ഞു കിടക്കുന്ന വലിയ ഒരു മണൽപ്പരപ്പിൽ അവിടവിടെയായി വച്ച കുറെ ഓലപ്പുരകളിൽ ഒന്നായിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ അയല്പക്കത്ത് മരപ്പണി ചെയ്യുന്ന കുമരപ്പണിക്കന്റെ വീടായിരുന്നു. ദേവകി എന്നായിരുന്നു അവിടെയുളള അമ്മയുടെ പേര്. മണ്ണെണ്ണ വിളക്ക് തട്ടിമറിഞ്ഞ് ഞങ്ങളുടെ ഓലപുരയ്ക്ക് തീപിടിച്ചപ്പോൾ, ആളുകളെല്ലാവരും തീയണക്കാൻ ഓടിനടക്കുമ്പോൾ ഞാൻ ദേവകി പണിക്കത്തിയുടെ മടിയിൽ ഇരുന്ന് കരയുന്നതായിട്ടാണ് എന്റെ ജീവിതത്തിലെ തെളിച്ചമുള്ള ഓർമകൾ തുടങ്ങുന്നത് തന്നെ. ഗ്രാമത്തിലെ എല്ലാ കുട്ടികളും ഗ്രാമത്തിന്റ പൊതുസ്വത്തായിരുന്നു. ഏതൊരു കുട്ടി കുരുത്തക്കേട് കാണിച്ചാലും വഴക്ക് പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്നേഹവും അതുപോലെ തന്നെ. എനിക്ക് നാലാം ക്ലാസ്സിൽ സ്കോളർഷിപ് ലഭിച്ചപ്പോൾ ചോക്ലേറ്റ് വാങ്ങി ആഘോഷം തുടങ്ങിവച്ചത് മേല്പറഞ്ഞ കുമാരപ്പണിക്കാനായിരുന്നു. 
അമ്പലത്തിന്റെ തൊട്ടടുത്ത വീടുകളായത് കൊണ്ട് മകരമാസം തുടങ്ങുമ്പോൾ രാവിലെയും വൈകിട്ടും അയ്യപ്പഭക്തി ഗാനങ്ങൾ കേൾക്കാം. "തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി", "കല്ലും മുള്ളും കാല്ക്കു മേത്തയ്" , "ഹരിവരാസനം" തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരുന്ന ഒരു വ്യത്യസ്തനായ യുക്തിവാദിയാണ് ഞാൻ.  അല്ലെങ്കിലും നമ്മുടെ പലരുടെയും മതവിശ്വാസങ്ങളും, ഭക്തിയും ചെറുപ്പത്തിലേ ശീലങ്ങളുമായി ബന്ധപെട്ടതാണല്ലോ. ശബരിമലയ്ക്ക് പോയി വരുന്നവർ കൊണ്ടുവരുന്ന അരവണപായസത്തിന്റെ രുചി ഇന്നും ചുണ്ടിലുണ്ട്. 
പെരുന്നാളും ക്രിസ്തുമസും ഓണവും വിഷുവുമെല്ലാം ആയിരുന്നു സ്നേഹം വീടുകളിൽ നിന്ന് വീടുകളിലേക്ക് പകർന്നു നൽകുന്ന സന്ദർഭങ്ങൾ. ക്രിസ്തുമസിന് ഞങ്ങൾ തെങ്ങിന്റെ ഓലമടലിന്റെ നടുഭാഗവും വർണക്കടലാസുകളും കൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കി , അതിനകത്തു മെഴുകുതിരി കത്തിച്ചു വച്ച് വീടുകളിൽ തൂക്കി. കുട്ടികൾ ഹെറോദ് രാജാവിന്റെയും ഉണ്ണിയേശുവിന്റെയും കഥകൾ കൊണ്ട് ചെറിയ കരോളുകൾ നാടകരൂപത്തിൽ ഉണ്ടാക്കി ഓരോ വീടുകളിലും പോയി അവതരിപ്പിച്ചു.  ക്രിസ്തുമസിന്റെ അന്ന് ക്രിസ്ത്യൻ വീടുകളിൽ നിന്ന്  വൈൻ ഒഴിച്ച കേക്കുകളും പലഹാരങ്ങളും ഓരോ വീടുകളിലും പ്ലേറ്റുകളിൽ എത്തിച്ചേരും.  ഉച്ചയ്ക്ക് കൂട്ടുകാരുടെ വീടുകളിൽ പോയി  ബ്രെഡും സ്റ്റൂവും, അല്ലെങ്കിൽ താറാവ് കറിയും അപ്പവും കഴിച്ചു. യേശുദാസിന്റെ പ്രശസ്തമായ "പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ"  എന്ന ഭക്തിഗാനം നാട്ടിലെ എല്ലാവർക്കും കാണാപ്പാഠമായിരുന്നു. 
ഓണത്തിന് പത്തുദിവസം മുന്നേതന്നെ നാട് കൈകൊട്ടിക്കളിക്ക് തയ്യാറെടുക്കും. കൈകൊട്ടിക്കളി നാടൻ നൃത്തരൂപമാണ്, തിരുവാതിരയല്ല.  കൈകൊട്ടിക്കളിക്ക് പാട്ടുകൾ പാടുന്നത് മത്തായി ചേട്ടനാണ്. മുതിർന്നവരായ സ്ത്രീകളും പുരുഷന്മാരും വട്ടത്തിൽ നിന്ന് താളത്തിൽ കൈകൊട്ടി കളിക്കും. "നിങ്ങളുടെ നാട്ടിലൊക്കെ എന്ത് കൃഷിയാണെടോ , ഞങ്ങളുടെ നാട്ടിലൊക്കെ ഞാറുനടലാണെടോ" എന്ന നാടൻ പാട്ടിൽ തുടങ്ങി മഹാഭാരത്തിലെ  സന്ദർഭങ്ങൾ വിവരിക്കുന്ന പാട്ടുകൾ മുതൽ മാപ്പിള രാമായണത്തിലെ ശീലുകൾ വരെ കൈകൊട്ടിക്കളിക്ക് അകമ്പടി സേവിച്ചു. അത്തം മുതൽ കുട്ടികൾ വയലുകളിൽ പൂക്കളിറുക്കാൻ പോയി. എല്ലാ വീടുകളിലും പൂക്കളം ഉണ്ടാകും. ഓണത്തിനു രാവിലെ അച്ചപ്പവും മുറുക്കും മുതൽ കുറെ പലഹാരങ്ങൾ ഓരോ പ്ലേറ്റ് ഓരോ വീടുകളിലേക്കും വരും. ഉച്ചയ്ക്ക് അവിയലും സാമ്പാറും പച്ചടിയും കിച്ചടിയും ഒക്കെ കൂട്ടിയുള്ള  വിഭവസമൃദ്ധമായ സദ്യ കുട്ടികൾക്ക് ഹിന്ദു കൂട്ടുകാരുടെ വീട്ടിലാണ്. തിരിച്ച് വീട്ടിലേക്കു വരുമ്പോൾ വീട്ടുകാർക്ക് വേണ്ടി ഒരു തൂക്കുപാത്രം നിറയെ പായസം കയ്യിലുണ്ടാകും . 
ചെറിയ പെരുന്നാളിന് രണ്ടു പ്രാവശ്യം വീട്ടിൽ വിരുന്നുണ്ടാകും. ഒന്ന് നോമ്പുതുറക്ക് കൂട്ടുകാരെ വിളിക്കുന്നതാണ്. തരി കഞ്ഞി, ജീരക കഞ്ഞി തുടങ്ങിയവ നോമ്പ് തുറ സ്പെഷ്യൽ ഭക്ഷണങ്ങളാണ്. ചില കൂട്ടുകാർ നോമ്പ് തുറക്ക് വിളിക്കുന്ന ദിവസം നോമ്പെടുത്തിട്ട് ആയിരിക്കും വരുന്നത്. ആദ്യമായി നോമ്പെടുക്കുന്ന ക്ഷീണം എല്ലാവർക്കും കാണും. നോമ്പ് എടുക്കുമ്പോൾ ഉമിനീർ ഇറക്കാമോ ഇല്ലയോ എന്നൊക്കെയുള്ള സംശയങ്ങൾക്ക്, പലപ്പോഴും തെറ്റായ വിവരങ്ങൾ ആണെങ്കിൽ കൂടി, ഞങ്ങൾ അറിയാവുന്ന പോലെ മറുപടികൾ നൽകും. ഇന്നത്തെ പോലെ ഭകഷണങ്ങളുടെ ആർഭാടങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ  കൂടി  അപ്പം, ബീഫ് കറി തുടങ്ങി പാവപെട്ട ഒരു കുടുംബത്തിന് സാധ്യമായ വിഭവങ്ങൾ എല്ലാം നോമ്പ് തുറയ്ക്ക് ഉണ്ടാകും. 
രണ്ടാമത്തെ വിരുന്ന് ചെറിയ പെരുന്നാളിന്റെ അന്നാണ്. മാസപ്പിറ കാണുമോ ഇല്ലയോ എന്നൊക്കെയുള്ള ആകാംക്ഷ കഴിഞ്ഞാൽ അന്ന് രാത്രി ഉമ്മായ്ക്ക് വീട്ടിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കാണ്. കാരണം രാവിലെ ഗ്രാമത്തിലെ ഓരോ വീട്ടിലും ഒരു പ്ലേറ്റ് സ്നേഹം പലഹാരങ്ങളുടെ രൂപത്തിൽ പോകുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നാണ്. രാവിലെ ഓരോ പ്ളേറ്റുകളായി ഞങ്ങൾ പലഹാരങ്ങൾ വീടുകളിൽ വിതരണം ചെയ്യും. അപ്പോഴെക്കും ഉച്ചക്ക് ഞങ്ങളുടെ കൂട്ടുകാർ ഉൾപ്പെടെയുള്ള കുട്ടിപട്ടാളത്തിനും, വീട്ടിലെ മറ്റ് അംഗങ്ങൾക്കും ഉള്ള ബിരിയാണി ഉണ്ടാകുന്ന തിരക്കിലാകും ഉമ്മ. വിവാഹങ്ങൾക്ക് അല്ലാതെ ബിരിയാണി അത്ര വ്യാപകമായിട്ടില്ലാതിരുന്ന അക്കാലത്തു  ഗ്രാമത്തിൽ ബിരിയാണി വയ്ക്കുന്ന അപൂർവ ദിവസങ്ങളിൽ ഒന്നാണത്. പുതു വസ്ത്രങ്ങൾ അണിഞ്ഞു ഉച്ച കഴിഞ്ഞു സിനിമയ്ക്കോ പാർക്കിലോ പോകുന്നതോടെ ചെറിയ പെരുന്നാൾ അവസാനിക്കും. 
വേലികൾ ഇല്ലാതിരുന്ന ഗ്രാമം പ്രതിനിധാനം ചെയ്തിരുന്നത് വേലികൾ ഇല്ലാതിരുന്ന മനുഷ്യ മനസുകളെ ആയിരുന്നു എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. ഇന്ന് പള്ളുരുത്തി ഒരു ഉപനഗരമായി മാറിക്കഴിഞ്ഞു. കൊച്ചു കൊച്ചു സ്ഥലങ്ങൾ മതിലുകൾ കെട്ടി തിരിച്ച് വീടുകൾ വച്ച് പഴയ മട്ടാഞ്ചേരിയെ ഓർമിപ്പിക്കുന്ന ഒരു ചേരിയായി അത് രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്നും പഴയ അയല്പക്കകാരെ കാണുമ്പോൾ പഴയ അതേ സ്നേഹത്തോടെ കെട്ടിപിടിച്ച് ഓർമ്മകൾ അയവിറകുമെങ്കിലും, റംസാനും, ക്രിസ്തുമസിനും ഓണത്തിനുമെല്ലാം രാവിലെ വീടുകളിൽ നിന്ന് വീടുകളിലേക്ക് പൊയ്ക്കൊണ്ടിരുന്ന സ്നേഹം നിറച്ച പ്ലേറ്റ് കൈമാറ്റം ഇന്നില്ല. ഒഴിഞ്ഞ പറമ്പുകളും വയലുകളും നികത്തപ്പെട്ടു വീടുകൾക്ക് വഴിമാറിയതോടെ, സ്ഥലപരിമിതി മൂലം കൈകൊട്ടിക്കളി നിന്നുപോയി. പല മതസ്ഥർ പരസ്പരം സ്നേഹിച്ചിരുന്ന ഒരു കാലത്തിന്റെ അവസാനത്തെ കണ്ണിയായിരിക്കും ഞങ്ങളെന്ന് ചെറുപ്പത്തിൽ ഒരിക്കൽ പോലും ഞങ്ങൾ ചിന്തിച്ചിരുന്നില്ല.
മതത്തിന്റയും ജാതിയുടെയും പേരിൽ വെറുപ്പും വിദ്വേഷവും പരത്തുന്ന പല ആളുകളെയും ശ്രദ്ധിച്ചതിൽ നിന്ന് എനിക്ക് മനസിലായ ഒരു കാര്യം മറ്റ് മതസ്ഥരുടെയോ തങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നവരുടെയോ ഇടയിൽ വളരാത്തവർക്കും മറ്റ് മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുത്ത് പരിചയമില്ലാത്തവർക്കുമാണ്  ഇത്തരം മനോഭാവങ്ങൾ കൂടുതൽ എന്നതാണ്. ഭൂരിപക്ഷം മനുഷ്യരും, ഒരു മതത്തിൽ വിശ്വസിക്കുന്ന അല്ലെങ്കിൽ ജാതിയിൽ പെട്ട മാതാപിതാക്കൾക്ക് ജനിച്ചതുകൊണ്ടുമാത്രം, അതേ മതത്തിൽ അല്ലെങ്കിൽ ജാതിയിൽ വിശ്വസിക്കുന്നവരാണ്. അത് അവരുടെ തിരഞ്ഞെടുപ്പല്ല. അതുകൊണ്ട് തന്നെ മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിച്ച് കാണുന്നതും അതിന്റെ പേരിൽ വെറുക്കുന്നതും നീതിയല്ല.
ആളുകൾ പരസ്പരം സ്നേഹിക്കാൻ എല്ലാവരും ഒരേപോലെ പങ്കെടുക്കുന്ന ആഘോഷങ്ങൾ നമ്മൾ സങ്കടിപ്പിക്കേണ്ടതുണ്ട്. ഈ പെരുന്നാൾ എന്നിങ്ങനെയുള്ള ആഘോഷങ്ങളുടെ ദിനമായിത്തീരട്ടെ എന്നാശംസിക്കുന്നു. വെറുപ്പിന്റെ അതിർവരമ്പുകൾ പൊളിച്ചുകളയാൻ ഇത്തരം കൂടികാഴ്ചകൾക്ക്  കഴിയട്ടെ...
എല്ലാവർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ. 


Note : മലയാളി മുസ്ലീംസ് ഓഫ് ന്യൂ ജേഴ്സി എന്ന സംഘടന നടത്തിയ ഇഫ്താർ വിരുന്നിൻ്റെ ഭാഗമായുള്ള സുവനീറിൽ എഴുതിയ ലേഖനം. ഇഫ്താർ വിരുന്നിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രം.

Related Posts