LITERATURE

ഒരാളുടെ വേണ്ടപ്പെട്ട മനുഷ്യനാകാൻ ചില മിനിമം യോഗ്യതകളുണ്ട്

Blog Image

ഇതല്ല എനിക്ക് വേണ്ടത് എന്ന് നൂറിൽ നൂറു ശതമാനം ഉറപ്പുണ്ടായിട്ടും പ്രിയപ്പെട്ടവരുടെ ചോദ്യം ചെയ്യലുകളെയൊ ജഡ്ജിമെന്റിനെയൊ പേടിച്ച് വിട്ടു പോരാതെ നിൽക്കേണ്ടി വരുന്നവരുണ്ട്. എങ്ങനെ വേണ്ടെന്ന് പറയും എന്ന തോന്നലിന്റെ കൊളുത്തിൽ പെട്ട് നമ്മൾ കഷ്ടപ്പെട്ട്  കഴിക്കുന്ന ഒരു വിഭവം പോലെ ജീവിതം മുഴുവൻ അവർക്ക് കയ്പ്പായി മാറും


ഒരാളുടെ വേണ്ടപ്പെട്ട മനുഷ്യനാകാൻ ചില മിനിമം യോഗ്യതകളുണ്ട്. അയാളുടെ ദുഃഖങ്ങൾക്ക് വീർപ്പു മുട്ടലുകൾക്ക് കാരണമാവാതിരിക്കുക എന്നതാണ് പ്രധാനം. സ്നേഹിക്കുന്ന- വേണ്ടപ്പെട്ടതെന്ന് കരുതുന്ന മനുഷ്യരോട് പുലർത്തേണ്ട നീതിയാണത്. ഒരാളുടെ പ്രിയപ്പെട്ട മനുഷ്യനായിരിക്കുമ്പോൾ അയാളുടെ നിസ്സഹായത കൂടി മനുഷ്യർ മനസ്സിലാക്കേണ്ടതുണ്ട്.
ഇതല്ല എനിക്ക് വേണ്ടത് എന്ന് നൂറിൽ നൂറു ശതമാനം ഉറപ്പുണ്ടായിട്ടും പ്രിയപ്പെട്ടവരുടെ ചോദ്യം ചെയ്യലുകളെയൊ ജഡ്ജിമെന്റിനെയൊ പേടിച്ച് വിട്ടു പോരാതെ നിൽക്കേണ്ടി വരുന്നവരുണ്ട്. എങ്ങനെ വേണ്ടെന്ന് പറയും എന്ന തോന്നലിന്റെ കൊളുത്തിൽ പെട്ട് നമ്മൾ കഷ്ടപ്പെട്ട്  കഴിക്കുന്ന ഒരു വിഭവം പോലെ ജീവിതം മുഴുവൻ അവർക്ക് കയ്പ്പായി മാറും. 
***
തൊഴിലിടത്തിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച്  അപമാനിക്കപ്പെടുന്ന ഒരാൾക്ക് ആ മുറിവുണക്കാൻ ഒരിടമായിരിക്കും ആവശ്യം. അതുമായിട്ടാകും നിങ്ങളിലേക്ക് ഓടി വരുന്നുണ്ടാവുക. ചവിട്ട് കിട്ടി കിട്ടി വളഞ്ഞു പോയൊരു മുതുകിൽ വീണ്ടും കുത്തി നോവിക്കുന്നവരൊ, കേൾക്കാൻ കാത് തരാത്തവരൊ ആണ് ചുറ്റുമെങ്കിൽ അവിടെ മനുഷ്യൻ ഒറ്റയാണ്. തനിച്ചുള്ള യുദ്ധം അവസാനിപ്പിച്ച് ഒരിക്കൽ അയാൾ ഇറങ്ങി പോയെന്ന് വരാം.
സ്വന്തം വിശ്വാസങ്ങളും അഭിപ്രായങ്ങളും പുലർത്തുമ്പോഴും മറ്റൊരാളുടെ മേലിൽ അടിച്ചേൽപ്പിക്കാതെ, അധികാരത്തിന്റെ അണു പോലും പ്രയോഗിക്കാതെ വെറുതെ വിട്ടേക്കുക. പാമ്പ് കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോവാതെ നാട്ടു വൈദ്യനെ കാണിക്കാൻ തീരുമാനിക്കുന്നത് പോലെ അടുത്ത് നിൽക്കുന്നവരുടെ ഒരു ആക്ട് ചിലപ്പോൾ ജീവിതത്തിന് തന്നെ ഫുൾ സ്റ്റോപ്പ്‌ ഇടാം.
ഓരോരുത്തരും അവർക്ക് മാത്രമറിയുന്ന വേദനകളും വ്രണങ്ങളും ചുമക്കുന്നുണ്ട്. കാലൊടിഞ്ഞു വീണു കിടക്കുമ്പോൾ ഒന്നെണീപ്പിച്ചു നിർത്താനെങ്കിലും അടുത്ത് നിൽക്കുന്നവർക്ക് ബാധ്യതയുണ്ട്. അതിന് പോലും കഴിയാത്തവർ മനുഷ്യരോട് അടുക്കാതിരിക്കുന്നതാണ് നല്ലത്.
തണൽ കിട്ടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ചുവടെ വെള്ളം ഒഴിക്കേണ്ടത് കൂടിയുണ്ട്. പൊള്ളി നിൽക്കുമ്പോൾ ഒരു നനവ് പടർത്താനെങ്കിലും  കഴിയില്ലെങ്കിൽ ആ ബന്ധങ്ങൾ മനുഷ്യർക്ക് ആവശ്യമില്ല 
 

Related Posts