LITERATURE

ആകാശമേ കേള്‍ക്ക...

Blog Image

എന്‍റെ ജന്മംകൊണ്ട് അനുഗൃഹീതമായ പത്തനംതിട്ട.ഘടാകടിയന്മാരായ മൂന്നു മല്ലന്മരാണ് അവിടെ മാറ്റുരയ്ക്കുന്നത്.


ഇത്തവണത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു മണ്ഡലമാണ്, എന്‍റെ ജന്മംകൊണ്ട് അനുഗൃഹീതമായ പത്തനംതിട്ട.ഘടാകടിയന്മാരായ മൂന്നു മല്ലന്മരാണ് അവിടെ മാറ്റുരയ്ക്കുന്നത്. 'കിഫ്ബി' എന്ന ധനതത്വശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവായ മുന്‍മന്ത്രി തോമസ് ഐസക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഇങ്ങേര്‍ക്ക് ഇത്രയധികം ജൂബാ എന്തിനാണെന്ന് ഞാന്‍ വവ്വപ്പോഴും ചിന്തിക്കാറുണ്ട്. 'നമുക്ക് മൂന്നാറില്‍ പോയി രാപാര്‍ക്കാം' എന്നു പണ്ടാരോടോ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞതൊക്കെ അപ്പച്ചന്‍റെ ഒരു തമാശയായിട്ട് കണ്ടാല്‍ മതി. അദ്ദേഹത്തിന് ഒരു പണി കൊടുക്കുവാനാണ് പാര്‍ട്ടി അദ്ദേഹത്തെ പത്തനംതിട്ടയിലെത്തിച്ചത് എന്നാണ് പിന്നാമ്പുറ വാര്‍ത്ത!
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പത്തനംതിട്ടയെ പാര്‍ലമെന്‍റില്‍ പ്രതിനിധീകരിക്കുന്ന ബഹുമാനപ്പെട്ട ആന്‍റോ ആന്‍റണി കുടുംബസമേതം മൈലപ്രയിലാണ് താമസം. 'ഹൈമാസ്റ്റ്' ലൈറ്റുകള്‍ സ്ഥാപിക്കുന്നത് അദ്ദേഹത്തിന്‍റെ ഒരു വീക്ക്നെസ് ആണ്. എംപി ഫണ്ട് വിനിയോഗിച്ച് കുറേ 'കാത്തിരിപ്പ്'  ഷെഡ്ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വികസനം വരുന്നതും നോക്കി പത്തനംതിട്ടക്കാര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറേയായി.
ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണിയാണ് പത്തനംതിട്ടയിലെ താരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുത്രതുല്യനാണ് അദ്ദേഹം. അതിനുമുപരി ദല്ലാള്‍ നന്ദകുമാറിനെപ്പോലെയുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. ആദര്‍ശത്തിന്‍റെ ആള്‍രൂപമായ അറയ്ക്കല്‍ ആന്‍റണിയുടെ സീമന്തപുത്രന്‍ എന്നതാണ് അനിലിന്‍റെ പ്രധാന ക്വാളിഫിക്കേഷന്‍. ആന്‍റണിയുടെ ആദര്‍ശം കൊണ്ട് ഒരു പട്ടിക്കുഞ്ഞിനു പോലും ഒരു എല്ലിന്‍കഷണത്തിന്‍റെ ഗുണംപോലും കിട്ടിയിട്ടില്ല. അത് സമൂഹത്തിനായാലും സ്വന്തം കുടുംബത്തിനായാലും.
ഇതില്‍ മനംനൊന്ത മാതാവ് എലിസബത്ത് കൃപാസനത്തില്‍ പോയി നെഞ്ചത്തടിച്ചു കരഞ്ഞ് അവിടത്തെ പ്രത്യേക സിദ്ധിയുള്ള മാതാവിനോട് യാചിച്ചു:
"അമ്മേ! അതിയാനെക്കൊണ്ട് കാ കാശിനു പ്രയോജനമില്ല. അനില്‍ മോനാണെങ്കില്‍ അധികാരമില്ലാതെ ജീവിക്കുവാനും പ്രയാസം. എന്തെങ്കിലും ഒരു മാര്‍ഗ്ഗം ഉപദേശിച്ചുതരണം."
മാതാവിന്‍റെ മറുപടി പെട്ടെന്നായിരുന്നു: "മകളേ! എലിസബത്തേ, നിന്‍റെ മകനോട് അവന്‍റെ കിടക്കയും എടുത്തുകൊണ്ട് ബി.ജെ.പി ഭവനത്തിലേക്ക് ചെല്ലുവാന്‍ പറയുക. അവിടെ അവനായി ഒരു സിംഹാസനം ഒരുക്കിയിട്ടുണ്ട്."
അങ്ങനെ കൃപാസന മാതാവിന്‍റെ റെക്കമെന്‍റേഷനിലാണ് പയ്യന്‍ പാര്‍ട്ടി വിട്ടത്.
തുടക്കത്തില്‍ പയ്യനൊന്നു പാളിയെങ്കിലും പൂഞ്ഞാര്‍ പുലി ജോര്‍ജച്ചായന്‍റെ ശിക്ഷണത്തില്‍ ആളു തെളിഞ്ഞു വരുന്നുണ്ട്. പലരും പറയാന്‍ മടിച്ച ഒരു സത്യം ഈ കഴിഞ്ഞദിവസം പയ്യന്‍ പച്ചക്കങ്ങു വിളിച്ചുപറഞ്ഞു: "ഒരൊറ്റ കുടുംബത്തിനു (ഗാന്ധി) വേണ്ടി, കാലഹരണപ്പെട്ട ആശയങ്ങളുമായി ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടിയെപ്പോലെയാണ് എന്‍റെ അപ്പന്‍" എന്ന്.
മക്കളായാല്‍ ഇങ്ങനെ വേണം.
ദൈവവിശ്വാസിയല്ലാത്ത ആന്‍റണിയുടെ വീട്ടില്‍ നിന്നും, ഈയിടെയായി സന്ധ്യാസമയത്ത് പതറിയ സ്വരത്തില്‍ ഒരു ഗാനം ഉയരുന്നുണ്ട്:
'ആകാശമേ കേള്‍ക്ക
ഭൂമിയെ ചെവി തരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി
അവരെന്നോട് മത്സരിക്കുന്നു.'

രാജു മൈലപ്ര

Related Posts