LITERATURE

അമ്മമാർ അടുക്കളയിൽ നിന്ന് അഭ്രപാളികളിൽ ഉദയം ചെയ്യുന്നതിൽ‌ അതിശയമില്ല

Blog Image

വലിച്ചുനീട്ടിയ സംഭാഷണങ്ങളോ നിലവിളികളോ ഇല്ലാതെ തന്റെ സങ്കടത്തിന്റെ നനവിലേക്ക്‌ ആ അമ്മ കുട്ടനെ ചേർത്തുപിടിക്കുമ്പോൾ മാപ്പുപറയുന്നതിനും മേലെ എത്രയോ വലിയ സ്നേഹസ്പർശ്ശമാണത്‌! "മനിതക്കാതലു"കൾക്കും മേലെ ഹൃദയം തൊട്ട മനുഷ്യസ്നേഹത്തിന്റെ മറ്റൊരു ഭാവം. 


മഞ്ഞുമ്മലെ പയ്യന്മാർ കൊടൈക്കനാലിൽ ഒപ്പിച്ച പണികൾ അച്ചൻ പള്ളിയിൽ വിളിച്ചുപറഞ്ഞതിനുശേഷമുള്ള രംഗം‌. പള്ളിയിൽ നിന്ന് സുഭാഷിന്റെ അമ്മയുടെ നടത്തത്തിൽ തന്നെ അവരുടെ ആത്മസംഘർഷം മനസ്സിലാക്കാം. സുഭാഷ്‌ മടങ്ങിവന്ന അന്നു മുതൽ താൻ ഒരു ശത്രുവിനെപ്പോലെ കണ്ടിരുന്ന,ശകാരിക്കുകയും പുച്ഛിച്ച്‌ ഒഴിവാക്കുകയും ചെയ്‌തിരുന്ന കുട്ടനായിരുന്നു സുഭാഷിന്റെ രക്ഷകനെന്നറിഞ്ഞ്‌ കുട്ടന്റെ വീട്ടിലേക്ക്‌‌ അവർ ചെല്ലുകയാണ്‌. കുട്ടനൊപ്പം വേദനയനുഭവിച്ചിരുന്ന പ്രേക്ഷകരും അവർക്കൊപ്പം ചേരുന്നു. വലിച്ചുനീട്ടിയ സംഭാഷണങ്ങളോ നിലവിളികളോ ഇല്ലാതെ തന്റെ സങ്കടത്തിന്റെ നനവിലേക്ക്‌ ആ അമ്മ കുട്ടനെ ചേർത്തുപിടിക്കുമ്പോൾ മാപ്പുപറയുന്നതിനും മേലെ എത്രയോ വലിയ സ്നേഹസ്പർശ്ശമാണത്‌! "മനിതക്കാതലു"കൾക്കും മേലെ ഹൃദയം തൊട്ട മനുഷ്യസ്നേഹത്തിന്റെ മറ്റൊരു ഭാവം. 
സിനിമ കണ്ടിറങ്ങിയപ്പോൾ ആ നടിയാരാണെന്ന് നോക്കി:"റിനി ഉദയകുമാർ". മുൻപെങ്ങും ഇവരെ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ ഇനി എല്ലാവരും ശ്രദ്ധിക്കുമെന്നും ഭാവിയിൽ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അവരുടേതായ സ്ഥാനം പ്രേക്ഷകമനസ്സിൽ  ഉറപ്പിക്കുമെന്നും വ്യക്തമാക്കിയ പ്രകടനം. തൊട്ടടുത്ത ദിവസം "അന്വേഷിപ്പിൻ കണ്ടെത്തും" കണ്ടപ്പോൾ അതാ അമ്മ വേഷത്തിൽ വീണ്ടും റിനി. അന്വേഷിച്ച്‌ കണ്ടെത്താൻ ഞാനും തീരുമാനിച്ചു. ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായിരുന്ന "ദായ"ത്തിലും റിനി ഉണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ അതിന്റെ സംവിധായകനും എന്റെ സുഹൃത്തുമായ പ്രശാന്ത്‌ വിജയിൽ നിന്നും‌ നമ്പർ സംഘടിപ്പിച്ച്‌  റിനിയെ വിളിച്ചു. സിനിമാമോഹം തലയ്ക്കുപിടിച്ച മകനോടൊപ്പം ഓഡിഷൻ നടക്കുന്നിടത്തേക്ക്‌ "ഞാനും കൂടെ വരട്ടേടാ"ന്ന് ചോദിച്ച്‌ ചെന്ന അമ്മ അവിചാരിതമായി സിനിമാതാരമായ കഥ അങ്ങനെയാണറിഞ്ഞത്‌. 
എറണാകുളം പനങ്ങാട്ടുകാരി റിനി വിവാഹശേഷം ചേർത്തലക്കാരി റിനി ഉദയകുമാറായി. മക്കൾ വളർന്നപ്പോഴാണ്‌  അമ്മയുടെ വ്യക്തിത്വം അടയാളപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യണമെന്ന് അവർക്ക്‌ തോന്നിയത്‌. അമ്മയുടെ പാചകത്തിലെ വിശ്വാസം കൊണ്ട്‌ ചേർത്തലയിൽ ചക്കരക്കുളത്ത്‌ "കേര ഹോം" എന്നൊരു ഭക്ഷണശാല തുടങ്ങിയെങ്കിലും മകൾ അഭിരാമി ഹൈക്കോടതിയിൽ വക്കീലായതോടെ റിനി വീണ്ടും "വീട്ടമ്മ"യായി എറണാകുളത്ത്‌ താമസമാക്കി. 
മകൻ അമൽ സിനിമകളിൽ അവസരത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു.ഒരു ദിവസം ഏതോ ഓഡിഷനു പോകാൻ റഡിയായിക്കൊണ്ടിരുന്ന അമലിനോട്‌‌ വീടു വൃത്തിയാക്കിക്കൊണ്ടിരുന്ന അമ്മ "ഞാനും കൂടെ വരട്ടേടാ" എന്ന് ചോദിച്ച്‌ ഒപ്പമിറങ്ങി. അന്നത്തെ ഓഡിഷനിൽ അമ്മയുടെ പ്രകടനം കണ്ട്‌ മകൻ പോലും അത്ഭുതപ്പെട്ടു. രണ്ടാളും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ സിനിമ നടന്നില്ല. പക്ഷേ, അമ്മയ്ക്ക്‌ സിനിമയുടെ വഴി ഒന്ന് ഗൗരവമായി പരീക്ഷിച്ചുനോക്കാമെന്ന ആത്മവിശ്വാസം മക്കൾക്കുണ്ടായത്‌ അപ്പോഴാണ്‌. അഞ്ചാറു വർഷത്തെ ശ്രമങ്ങൾക്കിടയിൽ താൻ സമ്പാദിച്ച സകല സംവിധായകരുടേയും ഫോൺ നമ്പരുകൾ അമൽ അമ്മയ്ക്ക്‌ കൊടുത്തു. വീട്ടിലിരിക്കുമ്പോഴെല്ലാം റിനി ഓഡിഷനുകൾക്കും അവസരങ്ങൾക്കുമായി പലരേയും നിരന്തരം വിളിച്ചു. അങ്ങനെയൊരിക്കൽ "സൂപ്പർ ശരണ്യ"യുടെ പണിയിലിരിക്കെ സംവിധായകൻ ഗിരീഷ്‌ എ ഡി യുടെ ശ്രദ്ധയിൽപ്പെട്ട റിനിയെ അദ്ദേഹം "അർച്ചന 31 നോട്ട്‌ ഔട്ട്‌" ചെയ്യുകയായിരുന്ന അഖിൽ അനിൽകുമാറിനടുത്ത്‌ വിടുന്നു. അങ്ങനെ അത്‌ റിനി ഉദയകുമാറിന്റെ ആദ്യ ചിത്രമായി. "ഫ്രീഡം ഫൈറ്റ്‌" ആൻതാലജിയിൽ അഖിലിന്റെ തന്നെ "ഗീത അൺചെയ്ൻഡ്‌"ലും അവസരം കിട്ടി. "അർച്ചന 31"ന്റെ നിർമ്മാതാവായിരുന്ന മാർട്ടിൻ പ്രക്കാട്ട്‌ നിർദ്ദേശിച്ചതിനാൽ "ഇലവീഴാപ്പൂഞ്ചിറ"യിലെത്തി. തുടർന്ന് "ഇരട്ട", "ജനഗണമന", "ചാൾസ്‌ എന്റർപ്പ്രൈസസ്‌" എന്നീ ചിത്രങ്ങളിലും റിനി അഭിനയിച്ചു.
ആയിടയ്ക്ക്‌ പതിവുപോലൊരു സിനിമാ ഓഡിഷനിൽ പങ്കെടുക്കവേ റിനിയുടെ മകൻ‌ "ചാൾസ്‌ എന്റർപ്പ്രൈസസ്‌"ലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന പ്രതീഷിനെ കാണാനിടയായി. പുതുതായി പുള്ളി ജോലി ചെയ്യുന്ന പടത്തിൽ ചാൻസ്‌ വല്ലതുമുണ്ടോന്ന് ചോദിച്ചപ്പോഴാണ്‌ അതിലൊരു അമ്മവേഷം മാത്രേ ബാക്കിയുള്ളൂന്ന് പറഞ്ഞത്‌.ഇതേ സിനിമയിലേക്ക്‌ വാരാപ്പുഴയിൽ വച്ച്‌ മുൻപ്‌ നടന്ന ഓഡിഷനിൽ റിനി പങ്കെടുത്തിരുന്നെങ്കിലും വിളിയൊന്നും വരാഞ്ഞതിനാൽ പ്രതീക്ഷ കൈവിട്ടിരിക്കുന്ന സമയത്താണ്‌ നിനച്ചിരിക്കാതെ പുതിയ വഴി തുറന്നത്‌. 
ഒരു മീൻ വിൽപനക്കാരിയായി അഭിനയിച്ചിരുന്ന പരസ്യചിത്രത്തിന്റെ വീഡിയോ അയച്ചുകൊടുത്തത്‌ കണ്ട്‌ ഇഷ്ടമായ 'മഞ്ഞുമ്മൽ ടീംസ്‌' റിനിയെ സെറ്റിലേയ്ക്ക്‌ വിളിപ്പിച്ചു. സൗബിനും ചിദംബരവും ചേർന്ന് "മഞ്ഞുമ്മൽ ബോയ്സ്‌"ലെ സുഭാഷിന്റെ അമ്മ "രത്നമ്മ"യായി റിനിയെ സെലക്റ്റ്‌ ചെയ്തപ്പോൾ‌ "വരാനുള്ളത്‌ വഴീൽ തങ്ങില്ല"എന്നപോലെയായി!
2024ൽ തന്നെ മിഥുൻ മാനുവലിന്റെ "എബ്രഹാം ഓസ്ലറി"ലെ രാഘവന്റെ ഭാര്യയായി വളരെ പ്രാധാന്യമുള്ള വേഷത്തിൽ റിനി ഉദയകുമാർ എത്തിയിരുന്നു. മിഥുന്റെ "അണലി" എന്ന വെബ്‌ സീരീസിലും റിനിയുണ്ട്‌. 
ഭർത്താവ്‌ ഉദയകുമാറും അമൽ ഉദയ്‌,അഡ്വ. അഭിരാമി ഉദയ്‌ എന്നീ മക്കളുമടങ്ങുന്നതാണ്‌ റിനിയുടെ കുടുംബം. അമൽ ഉദയ്‌ അന്വേഷിപ്പിൻ കണ്ടെത്തും, മൃദു ഭാവേ ദൃഢ കൃത്യേ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. അഭിരാമി ഇപ്പോൾ വക്കീൽ വേഷം മാറ്റിവച്ച്‌ സലാം ബുഖാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സഹസംവിധായികയാവുന്നു. കേരള ക്രൈം ഫയൽസ്‌ എന്ന വെബ്‌ സീരീസിലും ചാൾസ്‌ എന്റർപ്പ്രൈസസ്‌ എന്ന സിനിമയിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്‌. ഗൗരവമായി അഭിനയത്തെ കാണാൻ തുടങ്ങിയപ്പോൾ റിനി രണ്ട്‌ അഭിനയക്കളരികളിൽ പങ്കെടുത്ത്‌ പരിശീലനം നേടി.വീട്ടമ്മയായി അടുക്കളയിൽ നിന്നിരുന്ന റിനി സിനിമയുടെ അരങ്ങിൽ തിരക്കുള്ള "അമ്മ"യാവുകയാണ്‌. "ആനന്ദ്‌ ശ്രീബാല"യടക്കം പുതിയ സിനിമകളും പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും നിവിൻ പോളിയുടെ "ഫാർമ്മ" പോലുള്ള വെബ്‌ സീരീസുകളുമൊക്കെയായി ചെറുതും വലുതുമായ വേഷങ്ങളിൽ! മലയാള സിനിമ പുതിയ കരങ്ങളിലൂടെ പടവുകൾ കയറുമ്പോൾ റിനി ഉദയകുമാറിനെപ്പോലെ അമ്മമാർ അടുക്കളയിൽ നിന്ന് അഭ്രപാളികളിൽ ഉദയം ചെയ്യുന്നതിൽ‌ അതിശയമില്ല!!

ഹരിലാൽ രാജേന്ദ്രൻ

Related Posts