LITERATURE

ഒരു സൈക്കോളജിക്കൽ മൂവ്-കഥ

Blog Image

കാലത്ത് അമ്പലത്തിൽ നിന്നുള്ള വെങ്കടേശ്വര സുപ്രഭാതം കേട്ട് അവൾ കണ്ണു തുറന്നു... അവൾക്ക് ഏറെ ഇഷ്ടമുള്ള നാമ സങ്കീർത്തനം...
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ്, ഒരു കപ്പ് ഗ്രീൻ ടീ യുമായി അവൾ ഉമ്മറത്തിണ്ണയിൽ പോയിരുന്നു... നേരം വെളുക്കുന്നതേയുള്ളു... കുളിരുള്ള പ്രഭാതം... കിളികളുടെ കൂജനങ്ങൾക്ക് അവൾ കാതോർത്തു.


കാലത്ത് അമ്പലത്തിൽ നിന്നുള്ള വെങ്കടേശ്വര സുപ്രഭാതം കേട്ട് അവൾ കണ്ണു തുറന്നു... അവൾക്ക് ഏറെ ഇഷ്ടമുള്ള നാമ സങ്കീർത്തനം...
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ്, ഒരു കപ്പ് ഗ്രീൻ ടീ യുമായി അവൾ ഉമ്മറത്തിണ്ണയിൽ പോയിരുന്നു... നേരം വെളുക്കുന്നതേയുള്ളു... കുളിരുള്ള പ്രഭാതം... കിളികളുടെ കൂജനങ്ങൾക്ക് അവൾ കാതോർത്തു... 
നഗരത്തിലെ കോളേജ് വിദ്യാഭ്യാസത്തിനിടയിലും, അത് കഴിഞ്ഞുള്ള നാലഞ്ചു വർഷത്തെ ജോലിത്തിരക്കിനിടയിലും, അവൾക്ക് നഷ്ടപ്പെട്ടതും, ഇത് തന്നെ ആയിരുന്നു... 
"കാലത്തു കേൾക്കുന്ന സുപ്രഭാതം, കുറച്ചു നേരമുള്ള ഈ അലസമായ ഇരിപ്പ്... കുളി കഴിഞ്ഞുള്ള അമ്പലത്തിലേക്കുള്ള നടത്തം... തലേ ദിവസം കണ്ണന് കെട്ടിവച്ച മാല, ചാർത്തി ക്കഴിയുമ്പോൾ, കണ്ണനെ കാണാനുള്ള ഭംഗി ... "
അങ്ങനെ പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്നതുവരെ, അവൾ ജീവിതം ആസ്വദിക്കുക തന്നെ ആയിരുന്നു...
അറിയാതെ, അവളുടെ ഓർമ്മകൾ, പഴയ കാലങ്ങളിലേക്ക് ഓടിയെത്തി....
അവൾ ഫേസ് ബുക്ക് ഇൻസ്റ്റാൾ ചെയ്യുന്നത്, നഗരത്തിലെ കോളേജിൽ ചേർന്നതിനു ശേഷമാണ്... സോഷ്യൽ മീഡിയയ്ക്ക്,അവൾ ഒട്ടും തന്നെ അടിമപ്പെട്ടിരുന്നില്ല... സ്കൂളിലേയും കോളേജിലേയും പരിചയമുള്ള കുറച്ച് കൂട്ടുകാർ... പിന്നെ കുറച്ച് ബന്ധുക്കളും... എന്നിട്ടും, പലപ്പോഴും, ബോറടിക്കുമ്പോൾ, അവൾ ഫേസ് ബുക്ക് അൺ ഇൻസ്റ്റാൾ ചെയ്തിരുന്നു...
മെസ്സൻജറിൽ പലരും ചാറ്റ് ചെയ്യാൻ വരുമ്പോഴും, ഒരു സുപ്രഭാതം മാത്രം പറഞ്ഞ്, അവൾ അവരെ ഒഴിവാക്കിയിരുന്നു... 
അതിനിടയിലാണ് അവൾക്ക് നല്ല ഒരു സുഹൃത്തിനെ കിട്ടുന്നത് ... 
അനാവശ്യമായ സംസാരങ്ങളൊന്നും ഇല്ല... പല കാര്യങ്ങളിലും ഒരേ ഇഷ്ടങ്ങൾ... രണ്ടു പേരും തമ്മിൽ ഒരേ "വേവ് ലംഗ്ത് " ആണ്  എന്ന് അവൾക്ക് തോന്നിത്തുടങ്ങി ... പതിയെ പതിയെ, ആ സൗഹൃദത്തെ അവൾ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു ...
ഒരു ദിവസം അവൾക്ക്, അപ്രതീക്ഷിതമായി അയാളുടെ വാട്ട്സ് ആപ്പ് കോൾ വന്നു ... ഒരു ചെറിയ സംശയത്തോടെ, അവൾ ആ കാൾ അറ്റൻഡ് ചെയ്തു ... 
അപ്പുറത്തു നിന്നും കേൾക്കുന്ന, വളരെ സരസമായ, നർമ്മം കലർന്ന സംസാരം, അവൾ ഇഷ്ടപ്പെട്ടു ... ജീവിതത്തെക്കുറിച്ചുള്ള കൊച്ചു കൊച്ചു പാഠങ്ങൾ, ആ സുഹൃത്തിൽ നിന്നും, അവൾ പഠിച്ചെടുത്തു... 
അവരുടെ സൗഹൃദം, വളരെ സൗമ്യമായി, നല്ല രീതിയിൽ തന്നെ മുൻപോട്ട് പോയിക്കൊണ്ടിരുന്നു ... ഒരു പാട് വർഷങ്ങൾക്കു ശേഷം, ഒരു പഴയ ബാല്യ കാല സുഹൃത്തിനെ കിട്ടിയ ഒരു പ്രതീതി തന്നെയായിരുന്നു, അവൾക്കും...
ഒരു ദിവസം, സാധാരണ പോലെ അയാളുടെ കോൾ വന്നു... തുടക്കത്തിൽ, അവരുടെ സംസാരം തികച്ചും സ്വാഭാവികം തന്നെ ആയിരുന്നു... 
കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ സംസാരത്തിൽ, അവൾക്ക് എന്തോ, പന്തികേട് തോന്നി... കുറച്ചു നേരം, അവൾ ഫോൺ പിടിച്ച് മിണ്ടാതിരുന്നു...
അവൾ ഓർത്തു ...
"പെട്ടെന്ന് ഫോൺ കട്ട് ചെയ്താൽ, അയാൾക്ക് എന്തു തോന്നും? ഒന്നുമില്ലെങ്കിൽ, ഒരു വർഷമായില്ലേ, നല്ല സുഹൃത്തുക്കളായി മാറിയിട്ട് "...
രണ്ടു മൂന്ന് മിനിറ്റുകൾ കഴിഞ്ഞപ്പോൾ, "കുറച്ച് തിരക്കാണ് " എന്ന് പറഞ്ഞ്, അവൾ ഫോൺ കട്ട് ചെയ്തു....
പിറ്റേ ദിവസം, കാലത്ത് വീണ്ടും അയാളുടെ കോൾ വന്നു... അവൾ, 
മന:പൂർവ്വം തന്നെ ആ കാൾ അറ്റൻഡ് ചെയ്തില്ല ... 
വൈകുന്നേരം, അവൾ മൊബൈൽ നോക്കിയപ്പോൾ ,ആ സുഹൃത്തിൻ്റെ കുറച്ച് മെസ്സേജുകൾ ഒരുമിച്ച് വന്നു കിടക്കുന്നു...
"എടോ, ഇറ്റ് വാസ് എ സൈക്കോളജിക്കൽ മൂവ്..."
"തന്നെ, ഞാനൊന്ന് പരീക്ഷിച്ചു നോക്കിയതല്ലേ?" 
"യു ഡോൺട് ഡിസർവ് ലവ് ..."
അയാളുടെ മെസ്സേജുകൾ വായിച്ച്, അവൾ അന്തം വിട്ടു പോയി... 
പ്രത്യേകിച്ച് ഒരു മറുപടിയും അയാൾക്ക് തിരിച്ചയക്കാൻ അവൾ മുതിർന്നില്ല ...
എട്ടു വർഷത്തിനിപ്പുറം, ഇന്ന് ഈ ഉമ്മറത്തിണ്ണയിൽ ഇരുന്നപ്പോൾ, പെട്ടെന്ന് ആ സംഭവത്തെ കുറിച്ച് ഓർത്ത് , അവൾക്ക് ചിരി വന്നു ..

"ആത്മാർത്ഥ സുഹൃത്തുക്കൾ ഇങ്ങനെയും പരീക്ഷണം നടത്തുമോ?" 
"ആവോ, അറിയില്ല..."
ഇങ്ങനെയും "ഒരു സൈക്കോളജിക്കൽ മൂവ് !!!"
വർഷങ്ങൾക്കു ശേഷം , ആവശ്യത്തിലധികം പക്വത വന്ന അവൾ ഓർത്തു... 

"ഇനി ആരെങ്കിലും അനാവശ്യമായി എന്തെങ്കിലും സംസാരിക്കാൻ വന്നാൽ, ഞാനെന്തിന് ഭയക്കണം?" 
"എല്ലാം എൻ്റെ വിരൽത്തുമ്പിൽ തന്നെയല്ലേ???"
അർത്ഥഗർഭമായ ഒരു പുഞ്ചിരിയോടെ, ഒരു നല്ല സുദിനത്തെ വരവേറ്റു കൊണ്ട്, അവൾ ഓഫീസിലേക്ക് പോകാനുള്ള ഒരുക്കങ്ങളിൽ വ്യാപൃതയായി..

ഇന്ദു പി.കെ

Related Posts