Kerala Express

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ തങ്ങള്‍ക്കെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കേസന്വേഷിച്ച പ്രത്യേകസംഘത്തിലെ കൂടുതല്‍ പോലീസുദ്യോഗസ്ഥര്‍ രംഗത്ത്.

റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായ എസ്പിമാരും ഡിവൈഎസ്പിമാരും അതൃപ്തി അറിയിച്ച് അടുത്ത ദിവസങ്ങളില്‍ സര്‍ക്കാരിന് കത്തുനല്‍കും. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എ. പദ്മകുമാര്‍ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കി. അന്വഷണ സംഘത്തലവന്‍ ഡിജിപി എ. ഹേമചന്ദ്രന്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയതിനു പിന്നാലെയാണ് കേസിലെ മുഖ്യ പ്രതി സരിത നായരെ കൊച്ചി റേഞ്ച് ഐജിയായിരിക്കെ 2013-ല്‍ ആദ്യം അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയ പദ്മകുമാറും രംഗത്തെത്തിയത്. നാലു പേജുള്ള കത്തില്‍ എഡിജിപി പദ്മകുമാര്‍ നിരപാധിത്വം വ്യക്തമാക്കുന്നു. തനിക്കെതിരെ സരിത നായര്‍ ആരോപണം ഉന്നയിച്ചത് വ്യക്തിവിരോധം തീര്‍ക്കാനാണെന്നും നിയമപോരാട്ടത്തിലൂടെ നേരിടുമെന്നും കത്തിലുണ്ട്. തന്‍റെ പേര് കമ്മീഷന്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍, അന്വേഷണഭാഗമായി ചില നിരീക്ഷണങ്ങള്‍ മാത്രം നടത്തി. ഈ സാഹചര്യത്തില്‍ തനിക്കെതിരെ നടപടി ശരിയല്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമി നല്‍ കേസുകള്‍ ചേര്‍ത്ത് കേസെടുക്കാനും മറ്റുമുള്ള നീക്കം തേജോവധം ചെയ്യാനാണെന്നും അദ്ദേഹം ആരോപിച്ചു.

Sponsored Advertisments